കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ കുടുംബവുമായി ബന്ധമുള്ള ആന്തൂരിലെ വൈദേകം ആയുര്‍വേദിക് റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് ആദായനികുതി വകുപ്പും ജിഎസ്ടി വകുപ്പും പരിശോധന തുടങ്ങിയത്. ഇ പിയുടെ ഭാര്യ പി കെ ഇന്ദിരയാണ് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്സണ്‍. മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സണും റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ട്.13 ഡയറക്ടര്‍മാര്‍ ഉള്ള റിസോര്‍ട്ടില്‍ കൂടുതല്‍ ഓഹരിയുള്ളത് ജെയ്‌സനാണ്. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്.
ഇതേ സംബന്ധിച്ച് ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ റിസോര്‍ട്ട് നടത്തിപ്പില്‍ തനിക്കു പങ്കില്ലെന്നും ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമാണ് ഇതില്‍ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച പണം മകന്‍ വിദേശത്തു ജോലി ചെയ്ത സമ്ബാദ്യവും ഭാര്യ ജില്ലാ സഹകരണ ബാങ്കില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യവുമാണെന്നുമായിരുന്നു ഇപിയുടെ വിശദീകരണം.
അതേസമയം, കണ്ണൂര്‍ ആയുര്‍വ്വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ പേരിലാണ് റിസോര്‍ട്ട്. ഇ പി ജയരാജന്റെ മകന്‍ ജയ്സണാണ് കമ്ബനിയില്‍ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടര്‍. തലശ്ശേരിയിലെ കെട്ടിട നിര്‍മ്മാണക്കരാറുകാരനാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി. ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാംമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ആയിരുന്ന വേളയില്‍ ഈ റിസോര്‍ട്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപ്രശ്നമില്ലാതെ പരിഹരിച്ചു നല്‍കിയിരുന്നു. ഇ.പി. ജയരാജന്റെ കുടുംബത്തില്‍ പി.കെ. ഇന്ദിരയ്ക്കും മകന്‍ ജയ്സണുംകൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറും മുന്‍ എം.ഡി. കെ.പി. രമേശ്കുമാറും മകള്‍ ഫിദയ്ക്കുംകൂടി 99.99 ലക്ഷം രൂപയുടെ 9999 ഷെയറുമാണു നിലവില്‍ ഉള്ളത്. 2021-ല്‍ ബാങ്കില്‍നിന്ന് വിരമിച്ച് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്സണായി പി.കെ. ഇന്ദിര ചുമതലയേല്‍ക്കുമ്‌ബോള്‍ ചുരുങ്ങിയ ഷെയര്‍ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയര്‍) മകന്‍ ജയ്സണായിരുന്നു ചെയര്‍മാന്‍. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തില്‍ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയര്‍പേഴ്സണാക്കി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തു. 48 കിടക്കകളുള്ള സ്ഥാപനത്തില്‍ താത്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെ 25 പേരുണ്ട്. മെഡിക്കല്‍ ടൂറിസം എന്നനിലയില്‍ സ്ഥാപനത്തെ വളര്‍ത്തുകയായിരുന്നു ലക്ഷ്യം.

