തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കുവാൻ നടപടി. വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് വേണ്ടിയാണ് കൂടുതൽ വിജിലൻസ് കോടതികൾ ആരംഭിക്കുന്നത്. വിജിലൻസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആഭ്യന്തര, വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഐ.ജി. ഹർഷിത അട്ടല്ലൂരി, എസ്.പിമാരായ ഇ എസ് ബിജുമോൻ, റെജി ജേക്കബ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
അതേസമയം, വിജിലൻസ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഫോറൻസിക് ലാബിന്റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് ഡിവിഷൻ വിജിലൻസിന് മാത്രമായി സൈബർ ഫോറൻസിക് ഡോക്യുമെന്റ് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
മൂന്നുമാസം കൂടുമ്പോൾ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ അവരുടെ പ്രവർത്തന അവലോകന റിപ്പോർട്ടുകൾ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി. 3 മാസത്തിലൊരിക്കൽ അവരുടെ വിശകലന യോഗം വിജിലൻസ് ഡയറക്ടറേറ്റിൽ നടത്തും. വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കും പരിശീലനം നൽകും. ആഭ്യന്തര വിജിലൻസ് സെല്ലിൽ ഓഫീസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും. കേസുകൾക്കും അന്വേഷണങ്ങൾക്കും സമയപരിധി നിശ്ചയിക്കും. കൂടുതൽ സമയം ആവശ്യമായാൽ ഡയറക്ടറുടെ അനുമതി വാങ്ങണമെന്നും യോഗം നിർദ്ദേശം നൽകി.
കോടതി വെറുതെ വിടുന്ന കേസുകളിൽ സമയബന്ധിതമായി അപ്പീൽ ഫയൽ ചെയ്യണം. രണ്ട് മാസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്‌തെന്ന് ഉറപ്പാക്കണം. ഹൈക്കോടതിയിൽ വിജിലൻസ് കാര്യങ്ങൾ നോക്കുന്നതിന് ലെയ്‌സൺ ഓഫീസറെ നിയമിക്കാനും അധികൃതർ തീരുമാനിച്ചു.

