Kerala (Page 1,854)

കൊച്ചി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മേയ് നാല് വരെ ഒത്തുചേരലുകളോ വിജയാഹ്ളാദ പ്രകടനങ്ങളോ പാടില്ലെന്ന് ഹൈക്കോടതി. മേയ് നാല് മുതൽ ഒൻപത് വരെ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളുടേതിന് സമാനമായിരിക്കും നിയന്ത്രണങ്ങളെന്നും ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിച്ചേരലോ വിജയാഹ്ളാദ പ്രകടനമോ പാടില്ലെന്നും ഇക്കാര്യം അതാത് ജില്ലാ ഭരണകൂടങ്ങളും പൊലീസും ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സഞ്ചാരവും ആൾക്കൂട്ടവും ഒഴിവാക്കി കൊവിഡിനെ പിടിച്ചുകെട്ടാമെന്നും ജനജീവിതം തടസമില്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.നാളെ മുതൽ അടുത്ത പത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് കൊവിഡ‌ിനിടയാകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി കർശനമാക്കിയിരിക്കുകയാണ് സർക്കാർ.

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പുരോഗതി അപ്പപ്പോള്‍ ഇത്തവണ അറിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വേണ്ടത്ര ഒരുക്കങ്ങള്‍ നടത്താത്തിനാലാണ് ഇത്. മാത്രമല്ല, തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ വോട്ടെണ്ണല്‍ സമയം നീണ്ടാല്‍ അന്തിമഫലം പുറത്ത് വരാനും സമയമെടുക്കും.ട്രെന്‍ഡ് എന്ന് സോഫ്റ്റ്വയര്‍ വഴിയാണ് കഴിഞ്ഞ തവണ ഫലസൂചനങ്ങള്‍ നല്‍കിയിരുന്നത്. ഇത്തവണ ആ സോഫ്റ്റ്വയര്‍ കമ്മീഷന്‍ വേണ്ടെന്ന് വച്ചു.

മാധ്യമങ്ങള്‍ക്കുള്‍പ്പെടെ എങ്ങനെയാണ് ഇത്തവണ ഫലസൂചനകള്‍ കിട്ടുകയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റാണ് ഇത്തവണ ആശ്രയം. എല്ലാവരും ആ സൈറ്റിലേക്ക് കയറുന്നതോടെ അതും ഹാങ്ങാവും. അവസാനനിമിഷത്തില്‍ ഇനി പകരം സംവിധാനമുണ്ടാക്കുക പ്രായോഗികമായും ബുദ്ധിമുട്ടാണ്.ഞായറാഴ്ച രാവിലെ എട്ട് മണിവരെ കിട്ടുന്ന തപാല്‍ വോട്ടുകള്‍ പരിഗണിക്കും. 40,000 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ആദ്യം പോസ്റ്റല്‍ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടുകളുമാണ് എണ്ണിത്തുടങ്ങുന്നത്.

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കൊവിഡ് രോഗിയെ പോലീസ് നടുറോഡിലിട്ട് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ചോറ്റുപാറയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. കൊവിഡ് നിരീക്ഷണത്തില്‍ വീട്ടില്‍ കഴിഞ്ഞിരുന്ന റെയില്‍ വേ ജീവനക്കാരനായ ലാലിനാണ് മര്‍ദ്ദനമേറ്റത്.

രാവിലെ 11 മണിയോടെ നെടുങ്കണ്ടത്ത് വാഹാന പരിശോധന നടത്തുകയായിരുന്ന ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ, ബൈക്കിലെത്തിയ ലാലിൻറെ ജേഷ്ഠൻ ലെനിനെ കൈകാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.എന്നാൽ വാഹനം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് സംഘമാണ് ലാലിനെ മർദ്ദിച്ചത്. വീട്ടിൽ നിന്നും വലിച്ചിഴച്ച് റോഡിലേക്ക് തള്ളിയിട്ട ശേഷം ബൂട്ടിട്ട് ചവിട്ടിയെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം പോലീസിനെതിരെ സിപിഎമ്മും രംഗത്ത് വന്നു. സര്‍ക്കാരിനെ കരിവാരിത്തേക്കാനാണ് പോലീസ് ശ്രമമെന്ന് ഏരിയാ സെക്രട്ടറി ടിഎം ജോണ്‍ ആരോപിച്ചു. സംഭവം നടന്ന ശേഷം ലാലിനെ പോലീസ് ജീപ്പില്‍ കയറ്റിയാണ് നെടുങ്കണ്ടത്ത് എത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരുമായി അടുത്തിടപഴകിയ സ്റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാലറി ചലഞ്ചിന്‍റെ ഭാഗമായി മാറ്റിവെച്ച ജീവനക്കാരുടെ ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യ ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുകയും ചെയ്യും. അതു താല്‍പ്പര്യമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാനും അവസരമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ടു മാസങ്ങളായി ട്രഷറി സംവിധാനങ്ങള്‍ പുതിയ സര്‍വറിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് വളരെയേറെ തിരക്കുകള്‍ ഉണ്ടായിരുന്നു. പുതുക്കിയ ശമ്പളം, ഡിഎ അരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ പരിഷ്കരിക്കുന്ന നടപടികള്‍ കാരണം ശമ്പളം തിരിച്ചു നല്‍കേണ്ട സോഫ്റ്റ്വെയര്‍ പരിഷ്കരണം അല്‍പ്പം വൈകി എങ്കിലും തിങ്കളാഴ്ച മുതല്‍ ഇതിനായുള്ള സംവിധാനം നിലവില്‍ വരും. മെയ് മാസത്തെ ശമ്പള ബില്ലുകള്‍ മാറിയതിനു ശേഷം ശേഷം ആദ്യ ഗഡു വിതരണം ചെയ്യുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സമ്പൂർണ ലോക് ഡൗൺ ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ വ്യാപനം കൂടിയ ജില്ലകളിൽ ലോക് ഡൗൺ ആലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെയ് 4 മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചു.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തും. ചരക്ക് നീക്കം സുഗമമാക്കും. റെയില്‍വേ, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാവില്ല. ഓക്‌സിജന്‍-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് 37,199 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട്:എൽഡിഎഫിന് മേൽക്കൈ പ്രവചിക്കുന്ന സർവ്വേഫലങ്ങളെ തള്ളി മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഈ സർവ്വേ വച്ച് അധികാരത്തിൽ വരാനാവുമെന്ന് ഇടതു മുന്നണി കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഈ സർവ്വേകൾ അനീതിയാണ്. പല സർവ്വേയിലും പല ഫലങ്ങളാണ് വന്നത്. സർവ്വേകൾ വിശ്വസനീയമല്ലെന്നതിന് ഇത് തന്നെയാണ് തെളിവ്.കൗണ്ടിംഗ് ഏജൻറുമാരുടെ ആത്മവിശ്വാസം തകർക്കാൻ സർവ്വേ ഫലം കാരണമാകും.

യു ഡി എഫ് ഏറ്റവുമുറപ്പിക്കുന്ന സീറ്റാണ് കൊടുവള്ളി. അത് തോൽക്കുമെന്ന് പറയുന്നത് എങ്ങനെ ശരിയാക്കും. യു ഡി എഫിന് അനുകൂല കാലാവസ്ഥയാണെന്നാണ് സർവ്വേയിൽ നിന്ന് മനസിലാകുന്നത്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലെ സർവ്വേ ഫലം തെറ്റിയല്ലോ. യുഡിഎഫ് പ്രവർത്തകർ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സീറ്റുകൾ പോലും തോൽക്കുമെന്നാണ് സർവ്വേ പറയുന്നത്. യുഡിഎഫ് സ്വന്തം നിലയിൽ കണക്കെടുത്തിട്ടുണ്ട്.

ആ സർവ്വേയുടെ അടിസ്ഥാനത്തിൽ മികച്ച ആത്മവിശ്വാസം ഉണ്ട്. യുഡിഎഫിന് 80 ന് മുകളിൽ സീറ്റ് കിട്ടും. വോട്ട് എണ്ണിക്കഴിഞ്ഞാൽ യുഡിഎഫിന് അനുകൂലമാണ് ട്രെൻഡ് എന്ന് തെളിയും. പോസ്റ്റൽ വോട്ടിൽ കത്രിമം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഇത്തവണ നടക്കില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവർത്തകർ വിജിലൻറായിരിക്കണം. പോസ്റ്റൽ ബാലറ്റിൻ്റെ എണ്ണം കൂടിയിട്ടുണ്ട്. എണ്ണിത്തോൽപ്പിക്കുക എന്ന പരിപാടി നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലക്കാട് : സംസ്ഥാനത്ത് വാക്സീൻ വിതരണം പുരോഗമിക്കുന്നതിനിടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ വാക്സീൻ കേന്ദ്രങ്ങളിൽ ക്യൂവിൽ നിൽക്കുന്നത്. നൂറുകണക്കിന് ആളുകളാണ് അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ക്യൂവിൽ നിൽക്കുന്നത്. രണ്ട് ദിവസത്തിന് ശേഷ൦ വാക്സീൻ വിതരണ൦ വീണ്ടും ആരംഭിച്ച എറണാകുളത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ ഡോസ് സ്വീകരിക്കുന്നതിനുള്ളവരും രണ്ടാം ഡോസ് എടുക്കുന്നതിനുള്ളവരും ഒരുമിച്ച് എത്തിയതാണ് തിരക്കിന് കാരണമായത്.

നാളെ മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ നൽകുമെന്ന പ്രഖ്യാപനത്തിനിടെയാണ് വാക്സീൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടമുണ്ടായത്.പൊലീസ് അടക്കമെത്തി നിരക്ക് നിയന്ത്രിക്കാൻ ഇവിടെ ശ്രമിക്കുന്നുണ്ട്. നാളെ മുതൽ 200 പേർക്കാണ് വാക്സിൻ നൽകുകയെന്ന് അറിയിച്ചിരുന്നെങ്കിലും എറണാകുളം ജനറൽ ആശുപത്രിയിൽ അതിലുമേറെപ്പേർ എത്തിയിരുന്നു.പാലക്കാട്ടും വാക്സീനേഷൻ ക്യാമ്പുകളിൽ ഇന്നും വലിയ തിരക്കാണുള്ളത്.

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങാണെന്നും ഹൈക്കോടതി. അതേ സമയം സ്വകാര്യ ആശുപത്രികളിൽ നിശ്ചയിച്ചിട്ടുള്ള കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കോവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാധ്യതയുണ്ടായവരിൽ നിന്ന് നേരിട്ടുള്ള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പല സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ആർ.അനിത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ramesh chennithala

തിരുവനന്തപുരം: തുടര്‍ഭരണം പ്രവചിച്ച സര്‍വേഫലങ്ങളെ തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനവികാരത്തിന്റെ പ്രതിഫലനമല്ല സര്‍വേഫലങ്ങളെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു. ജനങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജിതന്റെ ആത്മവിശ്വാസമാണെന്നും അണയാന്‍ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.
കേരളത്തില്‍ എല്‍ഡിഎഫിന് വിജയം പ്രവചിച്ചാണ് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വെ 104- മുതല്‍ 120 വരെ സീറ്റുകള്‍ എല്‍ഡിഎഫിന് നല്‍കുമ്പോള്‍ യുഡിഎഫിന് 20 മുതല്‍ 36 വരെ മാത്രം പ്രവചിക്കുന്നു. ടുഡെയ്‌സ് ചാണക്യ എല്‍ഡിഎഫിന് 102 സീറ്റുകള്‍ നല്കുന്നു. എല്‍ഡിഎഫ് എണ്‍പത് വരെ സീറ്റേ നേടൂ എന്നാണ് സി വോട്ടറിന്റെയും റിപ്പബ്‌ളിക് സിഎന്‍എക്‌സ് സര്‍വ്വെയുടെയും പ്രവചനം.

കൊച്ചി: സംസ്ഥാനത്ത് വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന എറണാകുളത്തെ കേന്ദ്രം പൊലീസ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ സഞ്ജിത് കുമാര്‍ മൂവാറ്റുപുഴയിലെ ചകുങ്കല്‍ ഗ്രാമത്തില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് കേന്ദ്രം നടത്തുകയാണ്.
എറണാകുളം, കോട്ടയം ജില്ലകളിലെ ആശുപത്രികളുടെയും ലാബുകളുടെയും പേരിലാണ് വ്യാജ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് ആശുപത്രികളും ലാബുകളും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പേരുകള്‍ ഉള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പുകളും പൊലീസ് കണ്ടെടുത്തു. അതേസമയം, കഴിഞ്ഞദിവസം സംസ്ഥാനത്ത് 38,607 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.