കൊവിഡ് രോഗിയെ പോലീസ് നടുറോഡിലിട്ട് മര്‍ദ്ദിച്ചതായി പരാതി

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കൊവിഡ് രോഗിയെ പോലീസ് നടുറോഡിലിട്ട് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ചോറ്റുപാറയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. കൊവിഡ് നിരീക്ഷണത്തില്‍ വീട്ടില്‍ കഴിഞ്ഞിരുന്ന റെയില്‍ വേ ജീവനക്കാരനായ ലാലിനാണ് മര്‍ദ്ദനമേറ്റത്.

രാവിലെ 11 മണിയോടെ നെടുങ്കണ്ടത്ത് വാഹാന പരിശോധന നടത്തുകയായിരുന്ന ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ, ബൈക്കിലെത്തിയ ലാലിൻറെ ജേഷ്ഠൻ ലെനിനെ കൈകാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.എന്നാൽ വാഹനം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് സംഘമാണ് ലാലിനെ മർദ്ദിച്ചത്. വീട്ടിൽ നിന്നും വലിച്ചിഴച്ച് റോഡിലേക്ക് തള്ളിയിട്ട ശേഷം ബൂട്ടിട്ട് ചവിട്ടിയെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം പോലീസിനെതിരെ സിപിഎമ്മും രംഗത്ത് വന്നു. സര്‍ക്കാരിനെ കരിവാരിത്തേക്കാനാണ് പോലീസ് ശ്രമമെന്ന് ഏരിയാ സെക്രട്ടറി ടിഎം ജോണ്‍ ആരോപിച്ചു. സംഭവം നടന്ന ശേഷം ലാലിനെ പോലീസ് ജീപ്പില്‍ കയറ്റിയാണ് നെടുങ്കണ്ടത്ത് എത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരുമായി അടുത്തിടപഴകിയ സ്റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.