പാലക്കാട് : സംസ്ഥാനത്ത് വാക്സീൻ വിതരണം പുരോഗമിക്കുന്നതിനിടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ വാക്സീൻ കേന്ദ്രങ്ങളിൽ ക്യൂവിൽ നിൽക്കുന്നത്. നൂറുകണക്കിന് ആളുകളാണ് അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ക്യൂവിൽ നിൽക്കുന്നത്. രണ്ട് ദിവസത്തിന് ശേഷ൦ വാക്സീൻ വിതരണ൦ വീണ്ടും ആരംഭിച്ച എറണാകുളത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ ഡോസ് സ്വീകരിക്കുന്നതിനുള്ളവരും രണ്ടാം ഡോസ് എടുക്കുന്നതിനുള്ളവരും ഒരുമിച്ച് എത്തിയതാണ് തിരക്കിന് കാരണമായത്.
നാളെ മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ നൽകുമെന്ന പ്രഖ്യാപനത്തിനിടെയാണ് വാക്സീൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടമുണ്ടായത്.പൊലീസ് അടക്കമെത്തി നിരക്ക് നിയന്ത്രിക്കാൻ ഇവിടെ ശ്രമിക്കുന്നുണ്ട്. നാളെ മുതൽ 200 പേർക്കാണ് വാക്സിൻ നൽകുകയെന്ന് അറിയിച്ചിരുന്നെങ്കിലും എറണാകുളം ജനറൽ ആശുപത്രിയിൽ അതിലുമേറെപ്പേർ എത്തിയിരുന്നു.പാലക്കാട്ടും വാക്സീനേഷൻ ക്യാമ്പുകളിൽ ഇന്നും വലിയ തിരക്കാണുള്ളത്.