Kerala (Page 1,375)

കോഴിക്കോട്: തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്നമാണെന്നും അതിൽ ബിജെപിക്കോ ആർഎസ്എസ്സിനോ ബന്ധമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് തലശ്ശേരി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജേഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സിപിഎം നടത്തിയ കൊലപാതകങ്ങൾ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ആർഎസ്എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സിപിഎം ക്രിമിനലുകളാണ്. പിണറായി വിജയന്റെ തുടർഭരണത്തിന്റെ ഹുങ്കിൽ സിപിഎം-സിഐടിയു-ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. കണ്ണൂരിൽ കഴിഞ്ഞ ദിവസം സിഐടിയും പ്രവർത്തകർ ഒരു കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാൻ വന്നയാളെ തല്ലി ഓടിക്കുകയും ചെയ്ത സംഭവം രാജ്യത്ത് മുഴുവൻ ചർച്ചയായിരുന്നു. കണ്ണൂരിൽ തന്നെ തൊട്ടടുത്ത ദിവസം വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടത്. ബോംബ് എറിഞ്ഞതും മരിച്ചതും സിപിഎം പ്രവർത്തകരായിരുന്നു. ഇതെല്ലാം മറച്ചുവെക്കാനാണ് തലശ്ശേരി കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

sivan kutty

കോവിഡ് ലോക്ഡൗണിന് ശേഷം സ്കൂളുകൾ പൂർണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77% വിദ്യാർത്ഥികൾ ഹാജരായി. എൽ പി, യു പി ഹൈസ്‌കൂൾ വിഭാഗത്തിൽ 80.23% വിദ്യാർത്ഥികൾ ഹാജരായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.18% പേരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 85.91% പേരും സ്‌കൂളുകളിൽ ഹാജരായി.

എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഹാജരായത്,93%, പത്തനംതിട്ടയിലാണ് കുറവ് ഹാജർനില, 51.9%.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏറ്റവുമധികം ഹാജർനില രേഖപ്പെടുത്തിയത് കാസർഗോഡ് ആണ്,88.54%. ഏറ്റവും കുറവ് ഹാജർനില എറണാകുളത്ത് ആണ്,72.28%.

വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹാജർനില കൂടുതൽ രേഖപ്പെടുത്തിയ എറണാംകുളത്ത് 97% വും കുറവ് രേഖപ്പെടുത്തിയ കണ്ണൂരിൽ 71.48 % പേരും സ്‌കൂളുകളിലെത്തി.

മികച്ച ഹാജർനിലയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങൾ ഗുണം ചെയ്തു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.

തിരുവനന്തപുരം: ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മറുപടി നല്‍കി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗിയുടേത് ശരിയായ വര്‍ത്തമാനമല്ലെന്നും അദ്ദേഹം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. നേരത്തെ ട്വിറ്ററിലൂടെയും മുഖ്യമന്ത്രി യോഗിക്ക് മറുപടി നല്‍കിയിരുന്നു.

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ടുള്ള നേട്ടങ്ങള്‍ ഇല്ലാതായി യുപി കേരളമോ കാശ്മീരോ ബംഗാളോ പോലെ ആകുമെന്നും തീവ്രവാദികള്‍ അവസരം നോക്കി ഇരിക്കുകയാണെന്നുമാണ് യോഗി വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ താഴെത്തട്ടിലുള്ള ജനങ്ങളുടെ സേവകരായി പ്രവർത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏകീകൃത തദ്ദേശവകുപ്പ് ഇടക്കാല മാനേജ്മെന്റ് സംബന്ധിച്ച് ജില്ലാ ജോയിൻ ഡയറക്ടർമാരുടെയും വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ കാലങ്ങളിൽ വിവിധ മന്ത്രി തലങ്ങളിലായിരുന്ന തദ്ദേശവകുപ്പിനെ ഏകോപിപ്പിക്കാനുള്ള ആലോചനകളാണ് ഇപ്പോൾ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. ജനങ്ങൾക്ക് കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാവരുത് അവരെ പരമാവധി സഹായിക്കാൻ ഫയൽ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം. ഫയലുകൾ കീഴ് ഓഫീസുകളിലേക്ക് അയയ്ക്കുന്ന പതിവിനും കാലതാമസം നേരിടുന്നതിനും അടിയന്തരമായി മാറ്റം ഉണ്ടാവണം. ഫീൽഡ് പരിശോധന അനിവാര്യമെങ്കിൽ നേരിട്ട് എത്താൻ ഉദ്യോഗസ്ഥന് സാധിക്കണം. വരുന്ന ഒരുമാസത്തിനകം ഏകീകൃത വകുപ്പിന്റെ ഗുണപരമായ മാറ്റം ജനങ്ങൾക്ക് ലഭിക്കണമെന്നും അതിനുള്ള പ്രവർത്തനം ജില്ലാ ഓഫീസർമാർ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

കേരളത്തിലെ എല്ലാ മനുഷ്യരെയും ബന്ധിപ്പിക്കുന്ന സംവിധാനമാണ് തദ്ദേശഭരണ വകുപ്പെന്നും പുതിയൊരു ജനകീയ ബന്ധത്തിന്റെ തുടക്കമായി ഏകീകൃത തദ്ദേശവകുപ്പ് മാറണമെന്നും മന്ത്രി വ്യക്തമാക്കി. 2.5 ലക്ഷത്തോളം വരുന്ന ഭൂരഹിതർക്ക് ഭവനം ലഭ്യമാക്കുന്നതിനുള്ള ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ ഭാവനാപൂർണ്ണം ഊർജ്ജിതമായി ഇടപെടണമെന്നും അതി ദാരിദ്ര്യ സർവ്വേയിലൂടെ കണ്ടെത്തിയ നിരാലംബരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഏകോപിപ്പിക്കണമെന്നും ആയിരത്തിൽ അഞ്ച് പേർക്ക് ജോലി എന്ന ലക്ഷ്യം സാധ്യമാക്കാൻ പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി.

sun

സംസ്ഥാനത്തു പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷണർ ഉത്തരവായി. ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായിരിക്കും. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു.

അമിതവണ്ണം കുറയ്ക്കാൻ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണ് രാത്രിഭക്ഷണം ലഘുവായി കഴിക്കുക എന്നത്. എന്നാൽ രാത്രി വൈകി കിടക്കുന്നവർക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിർത്താൻ കഴിയില്ല. രാത്രിയിലുണ്ടാകുന്ന വിശപ്പ് പലപ്പോഴും അനാരോഗ്യകരമായ സ്‌നാക്‌സ് കഴിക്കാൻ പ്രേരിപ്പിക്കും. രാത്രിയിലെ വിശപ്പിനെ തടഞ്ഞു നിർത്താൻ ബുദ്ധിമുട്ടുന്നവർക്ക് പരീക്ഷിച്ച് നോക്കാവുന്ന ആരോഗ്യകരമായ ചില പരീക്ഷണങ്ങൾ നോക്കാം.

  1. ഗ്രീക്ക് യോഗർട്ട്

രാത്രിയിലെ വിശപ്പിനെ തടഞ്ഞ് നിർത്താൻ സഹായിക്കുന്ന ഒന്നാണ് ഗ്രീക്ക് യോഗർട്ട്. ഉയർന്ന തോതിൽ പ്രോട്ടീനും കുറഞ്ഞ പഞ്ചസാരയുമുള്ള യോഗർട്ട് കഴിക്കുന്നതിലൂടെ വയർ നിറഞ്ഞതായ പ്രതീതി സൃഷ്ടിക്കപ്പെടും. ശരീരത്തിലെ കൊഴുപ്പിനെ കത്തിക്കാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

  1. ബ്രഡും പീനട്ട് ബട്ടറും

ഉറക്കം വരാൻ സഹായിക്കുന്ന പ്രോട്ടീനാണ് പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാൻ. ബ്രഡും പീനട്ട് ബട്ടറും കഴിക്കുന്നതിലൂടെ കൊഴുപ്പിനെ ഇല്ലതാകും. പേശികളുടെ വളർച്ചയ്ക്കും ഇവ സഹായകമാണ്.

  1. കോട്ടേജ് ചീസ്

രാത്രി മുഴുവൻ വയർ നിറഞ്ഞ തോന്നലുണ്ടാക്കാനും പേശികളുടെ വളർച്ചയ്ക്കും മികച്ച ഭക്ഷണമാണ് കോട്ടേജ് ചീസ്. പ്രോട്ടീനുകളാലും സമ്പന്നമാണിവ.

  1. വാഴപ്പഴം

പീനട്ട് ബട്ടറിലുള്ളത് പോലെ ട്രിപ്‌റ്റോഫാൻ എന്ന ഘടകം വാഴപ്പഴത്തിലും അടങ്ങിയിട്ടുണ്ട്. ഉറക്കം വരാൻ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. അമിതമായ വിശപ്പിനെ അടക്കാനും പഴം കഴിക്കുന്നത് പ്രയോജനപ്രദമാണ്.

  1. ബദാം

ഫൈബറും പ്രോട്ടീനും ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ ബദാം സഹായിക്കും. ബോഡി മാസ് ഇൻഡെക്‌സ് നിലനിർത്താനും ബദാം മികച്ചതാണ്.

  1. ചെറിപ്പഴം

വിശപ്പ് വരുമ്പോൾ എന്തെങ്കിലും മധുരം കഴിക്കാനാണ് ശരീരം ഇഷ്ടപ്പെടുന്നത്. ഇത് അടക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ചെറിപ്പഴം. ഇതിൽ അടങ്ങിയിരിക്കുന്ന മെലട്ടോണിൻ ഉറക്കത്തെ നിയന്ത്രിക്കും.

ബത്തേരി: വയനാട് കാണാനെത്തുന്ന സഞ്ചാരികൾക്ക് അന്തിയുറങ്ങാൻ ശീതീകരിച്ച കെഎസ്ആർടിസി കാബിനുകൾ. വളരെ ചുരുങ്ങിയ ചെലവിൽ മികച്ച സൗകര്യമാണ് ലഭിക്കുക. കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തിയൊരുക്കിയ ശീതീകരിച്ച മുറികളിൽ കുടുംബവുമൊത്ത് കഴിയാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളത്. ഒരു കുടുംബത്തിന് 800 രൂപ മാത്രമാണ് വാടക. ഒറ്റയ്‌ക്കെത്തുന്നവർക്ക് 100 രൂപയ്ക്ക് ഒരു കിടക്ക ലഭിക്കുന്ന സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള കെഎസ്ആർടിസി സ്ലീപ്പർ കോച്ച് സംവിധാനം മൂന്നാർ ഡിപ്പോയിൽ പരീക്ഷിച്ചു വിജയിച്ചതാണ്. എന്നാൽ ബത്തേരിയിലാണ് ആദ്യമായി ഫാമിലി കാബിനുകൾ ഒരുക്കുന്നത്. ഇതിനായി ഓടിപ്പഴകിയ 3 ബസുകൾ സ്ലീപ്പർ കോച്ചുകളാക്കി കഴിഞ്ഞ ദിവസം ബത്തേരിയിലെത്തിച്ചിട്ടുണ്ട്. അടുത്ത മാസം തന്നെ ഈ ബസുകളിലെ മുറികൾ താമസത്തിനായി നൽകാൻ ആരംഭിക്കുമെന്നാണ് വിവരം. ബസുകളിൽ ഒന്നിൽ 2 സൂപ്പർ മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഒരോ കാബിനിലും വലുതും ചെറുതുമായി 2 കട്ടിലുകളും വസ്ത്രം മാറാനുള്ള ഇടവുമുണ്ട്. ഒപ്പം വാഷ് ബേസിനും തീൻമേശയുമുണ്ട്. ലഗേജുകളും സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രണ്ടാമത്തെ ബസിൽ ഡോർമെറ്ററി മാതൃകയിൽ 16 കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു. മൂന്നാമത്തെ ബസിൽ 8 പേർക്ക് വീതം കിടക്കാവുന്ന 2 കാബിനുകൾ ഒരുക്കിയിട്ടുള്ളത്. വസ്ത്രം മാറാനുള്ള പ്രത്യേക സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി.

തിരുവനന്തപുരം ജില്ലയിലെ പ്രധാന ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ ധാരാളം ആളുകള്‍ എത്തുന്നുണ്ട്. അവര്‍ക്ക് വിദഗ്ദ പരിചരണം ഉറപ്പാക്കണം. ഒപിയില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഒപി കൗണ്ടറുകളും ചില ഒപി പരിശോധനാ മുറികളും രോഗികള്‍ക്ക് സൗകര്യപ്രദമായ വിധം പുനക്രമീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അടഞ്ഞു കിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്നും സ്ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, കൊവിഡ് വാര്‍ഡ്, ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സ്, വിവിധ ഐസിയുകള്‍, കാത്ത് ലാബ്, അപ്പക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുകയും വിവിധ മാനിക്വിന്‍നുകള്‍ ഉപയോഗിച്ച് നടത്തുന്ന അത്യാധുനിക ക്ലാസുകളും മന്ത്രി നേരിട്ട് വിലയിരുത്തി.

ആശുപത്രിയിലെ മുന്‍വശത്തുള്ള പാസ് കൗണ്ടറിലാണ് ആരോഗ്യ മന്ത്രി ആദ്യമെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രണ്ട് കൗണ്ടറുകളുണ്ടെങ്കിലും ഒന്ന് മാത്രമേ പ്രവര്‍ത്തിക്കാറൂള്ളൂവെന്ന പരാതിയെ തുടര്‍ന്ന് മന്ത്രി നേരിട്ട് കാര്യം അന്വേഷിച്ചു. എന്നാല്‍, കമ്പ്യൂട്ടര്‍ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ജീവനക്കാരി പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലായി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുന:സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. സ്റ്റാഫ് നഴ്സുമാര്‍ക്ക് എത്രയും വേഗം എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.

ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി പ്രധാനമായും ലഭിക്കുന്നത്. ഭക്ഷണത്തിലോ ശരീരത്തിനകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നതോ ആയ കൊഴുപ്പ് ലയിപ്പിക്കുന്നത് വിറ്റാമിൻ ഡി ആണ്. വിറ്റാമിൻ ഡി യുടെ അഭാവം ശരീര പേശികളുടെ പ്രവർത്തനങ്ങളെ ബാധിക്കും. പേശി വേദന, ബലഹീനത, അസ്ഥികളുടെ സാന്ദ്രത, മറ്റ് അനുബന്ധ അവസ്ഥകൾ തുടങ്ങിയ പ്രശ്‌നങ്ങളും വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകും.

എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിൻ ഡി സഹായിക്കും. അസ്ഥികളുടെ ഉപാപചയം നിലനിർത്താൻ ആവശ്യമായ വിറ്റാമിൻ ഡി എല്ലിന്റെ പേശികളിൽ വ്യാപകമായ സ്വാധീനം ചെലുത്തും. ഭക്ഷണത്തിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും വിറ്റാമിൻ ഡി നേടാം. ഇത് ശരീരത്തിന് രോഗപ്രതിരോധ സംവിധാനത്തിനും ഹൃദയ സിസ്റ്റത്തിനും ഓങ്കോജെനിസിസ്, കോഗ്‌നിറ്റീവ് പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകും. വിറ്റാമിൻ ഡിയുടെ അഭാവം പേശി വേദനയ്ക്കും കാരണമാകും.

ശരീരത്തിൽ ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തിൽ നിന്നും ലഭിക്കും.

സിപിഐ എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം :

തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.