ഇടപാടുകളിലെ സുതാര്യതയില്ലായ്മ; അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സെബി

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഇടപാടുകളിലെ സുതാര്യതയില്ലായ്മ, ലിസ്റ്റിംഗ് നിയമങ്ങൾ പാലിക്കാത്തത്, മുൻകാല ഓഡിറ്റർ സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഹിൻഡൻബെർഗ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമാക്കി സെബി അദാനി കമ്പനികൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

ഈ അന്വേഷണത്തിന്റെ ഭാഗമായാണ് അദാനി കമ്പനികൾക്ക് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. അദാനി കമ്പനികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള റെഗുലേറ്ററി ഫയലിംഗിൽ ഇത് അറിയിച്ചിട്ടുണ്ട്.അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ, അദാനി പവർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയ്ക്കാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് 2023 ജനുവരിയിൽ അദാനി കമ്പനിക്കെതിരെ പല ആരോപണങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അദാനി ഗ്രൂപ്പ് സംശയനിഴലിലായത്.

ഓഹരി വില കൃത്രിമത്വവും കോർപ്പറേറ്റ് വഞ്ചനയും നടത്തുന്നു എന്നതായിരുന്നു ഹിൻഡൻബർഗ് ഉന്നയിച്ച പ്രധാന ആരോപണം. അതേസമയം, ഹിൻഡൻബർഗ് ഉന്നയിച്ചിരുന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് ഗൗതം അദാനി രംഗത്തെത്തുകയും ചെയ്തിരുന്നു.