ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; കള്ളം പറഞ്ഞ ജീവനക്കാരിക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി.

തിരുവനന്തപുരം ജില്ലയിലെ പ്രധാന ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ ധാരാളം ആളുകള്‍ എത്തുന്നുണ്ട്. അവര്‍ക്ക് വിദഗ്ദ പരിചരണം ഉറപ്പാക്കണം. ഒപിയില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഒപി കൗണ്ടറുകളും ചില ഒപി പരിശോധനാ മുറികളും രോഗികള്‍ക്ക് സൗകര്യപ്രദമായ വിധം പുനക്രമീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അടഞ്ഞു കിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്നും സ്ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, കൊവിഡ് വാര്‍ഡ്, ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സ്, വിവിധ ഐസിയുകള്‍, കാത്ത് ലാബ്, അപ്പക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുകയും വിവിധ മാനിക്വിന്‍നുകള്‍ ഉപയോഗിച്ച് നടത്തുന്ന അത്യാധുനിക ക്ലാസുകളും മന്ത്രി നേരിട്ട് വിലയിരുത്തി.

ആശുപത്രിയിലെ മുന്‍വശത്തുള്ള പാസ് കൗണ്ടറിലാണ് ആരോഗ്യ മന്ത്രി ആദ്യമെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രണ്ട് കൗണ്ടറുകളുണ്ടെങ്കിലും ഒന്ന് മാത്രമേ പ്രവര്‍ത്തിക്കാറൂള്ളൂവെന്ന പരാതിയെ തുടര്‍ന്ന് മന്ത്രി നേരിട്ട് കാര്യം അന്വേഷിച്ചു. എന്നാല്‍, കമ്പ്യൂട്ടര്‍ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ജീവനക്കാരി പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലായി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുന:സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. സ്റ്റാഫ് നഴ്സുമാര്‍ക്ക് എത്രയും വേഗം എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.