വയനാട് കാണാനെത്തുന്ന സഞ്ചാരികൾക്ക് അന്തിയുറങ്ങാൻ ശീതീകരിച്ച കെഎസ്ആർടിസി കാബിനുകൾ; ചെലവ് 800 രൂപ മാത്രം

ബത്തേരി: വയനാട് കാണാനെത്തുന്ന സഞ്ചാരികൾക്ക് അന്തിയുറങ്ങാൻ ശീതീകരിച്ച കെഎസ്ആർടിസി കാബിനുകൾ. വളരെ ചുരുങ്ങിയ ചെലവിൽ മികച്ച സൗകര്യമാണ് ലഭിക്കുക. കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തിയൊരുക്കിയ ശീതീകരിച്ച മുറികളിൽ കുടുംബവുമൊത്ത് കഴിയാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളത്. ഒരു കുടുംബത്തിന് 800 രൂപ മാത്രമാണ് വാടക. ഒറ്റയ്‌ക്കെത്തുന്നവർക്ക് 100 രൂപയ്ക്ക് ഒരു കിടക്ക ലഭിക്കുന്ന സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള കെഎസ്ആർടിസി സ്ലീപ്പർ കോച്ച് സംവിധാനം മൂന്നാർ ഡിപ്പോയിൽ പരീക്ഷിച്ചു വിജയിച്ചതാണ്. എന്നാൽ ബത്തേരിയിലാണ് ആദ്യമായി ഫാമിലി കാബിനുകൾ ഒരുക്കുന്നത്. ഇതിനായി ഓടിപ്പഴകിയ 3 ബസുകൾ സ്ലീപ്പർ കോച്ചുകളാക്കി കഴിഞ്ഞ ദിവസം ബത്തേരിയിലെത്തിച്ചിട്ടുണ്ട്. അടുത്ത മാസം തന്നെ ഈ ബസുകളിലെ മുറികൾ താമസത്തിനായി നൽകാൻ ആരംഭിക്കുമെന്നാണ് വിവരം. ബസുകളിൽ ഒന്നിൽ 2 സൂപ്പർ മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഒരോ കാബിനിലും വലുതും ചെറുതുമായി 2 കട്ടിലുകളും വസ്ത്രം മാറാനുള്ള ഇടവുമുണ്ട്. ഒപ്പം വാഷ് ബേസിനും തീൻമേശയുമുണ്ട്. ലഗേജുകളും സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രണ്ടാമത്തെ ബസിൽ ഡോർമെറ്ററി മാതൃകയിൽ 16 കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു. മൂന്നാമത്തെ ബസിൽ 8 പേർക്ക് വീതം കിടക്കാവുന്ന 2 കാബിനുകൾ ഒരുക്കിയിട്ടുള്ളത്. വസ്ത്രം മാറാനുള്ള പ്രത്യേക സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്.