Kerala (Page 1,374)

വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ നായകനായെത്തിയത്. സമീപകാലത്ത് വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഹൃദയം. ജനുവരി 21 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കോവിഡ് വെല്ലുവിളികൾ നിലനിൽക്കുന്നതിനിടയിലും സാമ്പത്തികമായി വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ് ചിത്രമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

28.70 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷനെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്നും മാത്രം 24 കോടി ചിത്രം കളക്ട് ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ട്വിറ്ററിൽ പ്രമുഖരായ പല ട്രേഡ് അനലിസ്റ്റുകളും ഹൃദയത്തിന്റെ 50 കോടി നേട്ടം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണ് ഹൃദയം. നേടിയത് 16.30 കോടിയായിരുന്നു ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യവാരം ചിത്രം നേടിയത്. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. ചെന്നൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു.

അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18 നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. തിയറ്റർ റിലീസിന്റെ 25-ാം ദിനത്തിലാണ് ഒടിടി റിലീസ്.

കൊച്ചി: ഇന്നലെ രാത്രി 12 മണിക്ക് ആരംഭിച്ച പേട്ടമുതല്‍ തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ പുലര്‍ച്ചെ നാലരക്ക് അവസാനിച്ചു. പേട്ട മെട്രോസ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് വൈഗ എന്ന ആറാം നമ്പര്‍ ട്രെയിന്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റ്ര് വേഗതയില്‍ സഞ്ചരിച്ചാണ് ട്രാക്ക് പരിശോധന നടത്തുന്നത്. രാത്രി 12 മണിക്ക് ആരംഭിച്ച ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി 12.56 ന് എസ്.എന്‍ ജംഗ്ഷനില്‍ എത്തി. 1.01 ന് പേട്ടയിലേക്ക് യാത്ര തിരിച്ചു, പുലര്‍ച്ചെ 4.30 വരെ ട്രയല്‍ റണ്‍ നീണ്ടു. ഇന്നും ട്രയല്‍ റണ്‍ തുടരും.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളത്തില്‍ പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പൈലിംഗ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് ആകെ നിര്‍മാണ ചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ്.എന്‍ ജംഗ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആയി.

കെ.എം ആര്‍ എല്‍ ഡയറക്ടര്‍ (സിസ്റ്റംസ്) ഡി.കെ സിന്‍ഹ,ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍ രാജേന്ദ്രന്‍,ജനറല്‍ മാനേജര്‍മാരായ വിനു കോശി, മണി വെങ്കട് എന്നിവരുടെ നേതൃത്വത്തില്‍ ആണ് ട്രയല്‍ റണ്‍ നടക്കുന്നത്.

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല ചുവപ്പ് ഭീകരതയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. കണ്ണൂര്‍ മാതമംഗലം-പേരൂല്‍ റോഡിലെ എസ്.ആര്‍. അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്വെയര്‍ കടയും മാതമംഗലം പമ്പിനു സമീപത്തെ കംപ്യൂട്ടറും സി.സി.ടി.വി.യും വില്‍ക്കുന്ന എ.ജെ. സെക്യൂടെക് ഐ.ടി. സൊലൂഷന്‍സ് എന്ന കടയും സിഐടിയു ഉപരോധം കാരണം അടയ്ക്കുകയാണ്ടായി. കയറ്റിയിറക്കിന് കോടതി വിധിയെത്തുടര്‍ന്ന് നാലു ജീവനക്കാരെ നിയമിച്ചതാണ് പ്രശ്‌നത്തിനു കാരണം. നേരത്തെ കടയില്‍ കയറി ജീവനക്കാരെ ആക്രമിക്കുകയും പിന്നീട് ഉപരോധം ആരംഭിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സി.ഐ.ടി.യു നേതൃത്വത്തില്‍ 50 ദിവസമായി സമരം തുടരുന്ന മാതമംഗലത്തെ എസ്.ആര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനം ഉടമ തന്നെ പൂട്ടി. ഈ കടയില്‍ നിന്ന് സാധനം വാങ്ങിയതിന്റെ പേരില്‍ സി.ഐ.ടി.യുക്കാരുടെ മര്‍ദ്ദനമേറ്റ അഫ്‌സല്‍ തന്റെ കംപ്യൂട്ടര്‍ സ്ഥാപനവും പൂട്ടി. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലാണ് സംഭവം. എന്നിട്ടും സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല. എസ്.ആര്‍ അസോസിയേറ്റ്‌സിന് ലൈസന്‍സ് ഇല്ലെന്നാണ് തൊഴില്‍ മന്ത്രിയുടെ വാദം. ലൈസന്‍സ് ഉണ്ടെന്ന് എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയതോടെ സി.ഐ.ടിയുക്കാരെ വെള്ളപൂശാനുള്ള മന്ത്രിയുടെ ശ്രമം പൊളിഞ്ഞു. കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിക്കാന്‍ ഹൈക്കോടതി വിധി വാങ്ങിയെന്നതാണ് സ്ഥാപനം ഉടമ ചെയ്ത കുറ്റം. സി.ഐ.ടി.യുക്കാര്‍ ആദ്യം കടയില്‍ കയറി ജീവനക്കാരെ ആക്രമിച്ചു. പിന്നാലെ ഉപരോധം തുടങ്ങി. കടയില്‍ വരുന്നവരെ തടഞ്ഞു, ഭീക്ഷണിപ്പെടുത്തി, കായികമായി ആക്രമിച്ചു. ഇതോടെ 70 ലക്ഷത്തിലധികം രൂപ മുടക്കി തുടങ്ങിയ സ്ഥാപനം ഉടമയ്ക്ക് പൂട്ടണ്ടി വന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി…

കേരളത്തില്‍ എന്താണ് നടക്കുന്നത്. ഇതാണോ നിക്ഷേപ സൗഹൃദ അന്തരീക്ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി നിക്ഷേപം ക്ഷണിക്കുന്നു. മറുഭാഗത്ത് നാട്ടില്‍ തന്നെയുള്ള നിക്ഷേപിക്കുന്നവരെ തൊഴില്‍ സംരക്ഷണത്തിന്റെ പേരില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തളിപ്പറമ്പ് ആന്തൂരില്‍ പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാരാണ്? കൊല്ലം പുനലൂരില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ സുഗതന് അവിടെ തന്നെ ജീവനൊടുക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മിനും ഇടത് മുന്നണിക്കും പാപഭരത്തില്‍ നിന്നൊഴിയാനാകില്ല.

ഇവിടെ ഭരിക്കുന്നത് സര്‍ക്കാരല്ല പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനിക്കുന്നു, നടപ്പാക്കുന്നു. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ല. പ്രവാസികളെ നിക്ഷേപത്തിന് ക്ഷണിക്കുന്നു.. നിക്ഷേപകരെ പാര്‍ട്ടിക്കാര്‍ പീഡിപ്പിച്ച് സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നു. എന്തൊരു ക്രൂരതയാണിത്? സര്‍ക്കാരിന്റെ നയം ഒന്ന് പ്രവര്‍ത്തി മറ്റൊന്ന്.

വിവാഹ പാര്‍ട്ടിക്ക് നേരെ ഉണ്ടായ ബോംബേറില്‍ വരന്റെ സുഹൃത്ത് മരിച്ചു. ഇതും കണ്ണൂരിലാണ്. ബോംബ് നിര്‍മാണവും ആക്രമണവും കണ്ണൂരിന് പുതുതല്ല. സി.പി.എമ്മിന് അതില്‍ എക്കാലത്തും പങ്കുണ്ടായിരുന്നു. വേണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വച്ചും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാക്കളുടെ നാടാണ് കണ്ണൂര്‍. ബോംബ് പൊട്ടി തലയോട്ടി തകര്‍ന്ന് യുവാക്കള്‍ മരിക്കുമ്പോള്‍ ഈ നേതാക്കള്‍ക്ക് എന്നതാണ് പറയാനുള്ളത്? സംസ്ഥാനത് അക്രമപരമ്പരകളും ഗുണ്ടാ വിളയാട്ടവുമാണ്. പോലീസിനെ നോക്കുകുത്തിയാക്കി. പോലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി കേന്ദ്രങ്ങളാണ്. പഴയകാല സെല്‍ ഭരണത്തിന്റെ രീതിയിലാണ് കര്യങ്ങള്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രഥമിക ദൗത്യം പോലും നിര്‍വഹിക്കാനാകാത്ത വിധം കേരളത്തിലെ പോലീസിനെ പാര്‍ട്ടിയുടെ കാല്‍ക്കീഴിലാക്കിയ മുഖ്യമന്ത്രിക്ക് ഇനി എന്ത് പറയാനുണ്ട്?

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5939 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 845 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,44,384 കോവിഡ് കേസുകളില്‍, 4.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 92 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 61 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,377 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 603 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,757 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4565, കൊല്ലം 1466, പത്തനംതിട്ട 585, ആലപ്പുഴ 1650, കോട്ടയം 2694, ഇടുക്കി 1436, എറണാകുളം 3056, തൃശൂര്‍ 2604, പാലക്കാട് 1213, മലപ്പുറം 1586, കോഴിക്കോട് 1591, വയനാട് 807, കണ്ണൂര്‍ 1031, കാസര്‍ഗോഡ് 473 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,44,384 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,08,837 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സമ്മേളനം. പ്രകടന റാലികള്‍ ഒഴിവാക്കിയിട്ടുണ്ട്. സമ്മേളന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കാനും തീരുമാനമായി.

പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും. സാഹചര്യം അനുകൂലമായാല്‍ കൂടുതല്‍ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ് പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടിയാണ് വേദിയില്‍ മാറ്റം വരുത്തിയത്. കൊവിഡ് പ്രതിസന്ധി ഉള്‍ക്കൊണ്ടും മാനദണ്ഡങ്ങള്‍ പാലിച്ചും സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി രാഘവന്‍ നഗറില്‍ ആയിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും അറിയിച്ചു.

പത്തനംതിട്ട: പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അക്രമികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നാണ് ഐഎംഎ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരം നടത്തുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു. പരാതി നൽകിയാലും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയാണെന്ന് ഐഎംഎ ആരോപിക്കുന്നു.

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറി. ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയമാണ്. പോലീസ് അക്രമികൾക്ക് കുടപിടിക്കുകയാണെന്നും ഐഎംഎ കുറ്റപ്പെടുത്തി. അതേസമയം ഇഎംഎസ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പെരിന്തൽമണ്ണ ഐഎംഎ ബ്രാഞ്ചിലെ ഡോക്ടർമാർ പണിമുടക്ക് നടത്തുകയാണ്.

ജീവനക്കാരെ കയ്യേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. എമർജൻസി സർവീസ് ഒഴികെ ബാക്കി ഒപികൾ പ്രവർത്തിക്കില്ലെന്ന് ഐഎംഎ ജില്ലാ പ്രസിഡൻറ് ഡോക്ടർ മുഹമ്മദ് അബ്ദുൽ നാസറും സെക്രട്ടറി ഡോക്ടർ ജലീൽ കെ ബി യും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അംഗൻവാടികളുടെ പ്രവർത്തനം ആരംഭിച്ചു. ആശങ്കയുടെ സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അംഗൻവാടികൾ തുറന്ന് പ്രവർത്തിക്കണമെന്ന് രക്ഷിതാക്കളുടെ ആവശ്യമായിരുന്നുവെന്നും ആരോഗ്യ കേന്ദ്രങ്ങളുടെ നിരീക്ഷണം അംഗൻവാടികളിൽ ഉണ്ടാകുമെന്നും വീണാ ജോർജ് അറിയിച്ചു. കോവിഡ് മരണവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പട്ടിക കൃത്യമാണെന്നും പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അംഗൻ വാടികൾ ഇന്ന് തുറന്നു. വലിയ സന്തോഷത്തോടെയാണ് കുട്ടികൾ അംഗൻവാടികളിലേക്ക് എത്തുന്നത്. മാതാപിതാക്കളും ആ സന്തോഷം പങ്കു വെച്ചു. 2020 മാർച്ച് മാസത്തിലാണ് സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ അംഗൻവാടികൾ അടച്ചത്. കുട്ടികൾ എത്തുന്നില്ലെങ്കിലും അംഗൻവാടികളിലെ മറ്റ് പ്രവർത്തനങ്ങൾ നടന്നിരുന്നു. വിക്ടേഴ്‌സ് ചാനലിലെ കിളിക്കൊഞ്ചലിലൂടെയും അതോടൊപ്പം തന്നെ വീടുകളിൽ എത്തിച്ച് നൽകുന്ന കഥാ പുസ്തകങ്ങളിലൂടെയും ഒക്കെ കുട്ടികൾക്ക് അംഗൻവാടികളിലെ പഠന സാഹചര്യങ്ങൾ അടച്ചിട്ടിരുന്ന ഈ കാലഘട്ടത്തിലും ഒരുക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകളിലും അദ്ധ്യയനം പുനരാരംഭിച്ചിട്ടുണ്ട്. ആദ്യ ആഴ്ചയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ എത്തുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കൗൺസിലും സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന വർക്കിംഗ് കമ്മിറ്റിയും പിരിച്ചുവിട്ട നടപടിയിൽ പ്രതികരണവുമായി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബ്. നടപടി അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുളള വിഭാഗം നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയെ പിരിച്ചുവിടാൻ ദേശീയ നിർവാഹക സമിതിക്ക് അധികാരമില്ല. അതുകൊണ്ട് എത്രയും വേഗം സംസ്ഥാന കൗൺസിൽ വിളിച്ചു ചേർക്കുമെന്നും. ഇക്കാര്യം മുന്നണി നേതൃത്വത്തെയും നേരത്തെ മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നൽകിയവരെയും അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയിലെ ചേരിപ്പോര് അതേപടി തുടരുന്ന പശ്ചാത്തലത്തിലാണ് ഐഎൻഎല്ലിന്റെ സംസ്ഥാന തല സമിതികൾ പിരിച്ചുവിടാൻ തീരുമാനിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ഐഎൻഎൽ ദേശീയ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. എന്നാൽ ഈ യോഗത്തിൽ അബ്ദുൽവഹാബ് പങ്കുചേർന്നിരുന്നില്ല.

2022 മാർച്ച് 31 ന് മുമ്പായി പുതിയ സംസ്ഥാന വർക്കിംഗ് കമ്മിറ്റി ചുമതലയേൽക്കുന്ന വിധം അംഗത്വവും കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂർത്തിയാക്കുന്നതിന് ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ പാർട്ടി അധികാരപ്പെടുത്തുകയും ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിലാണ് കമ്മിറ്റി ചെയർമാൻ. അഖിലേന്ത്യാ ഉപാധ്യക്ഷൻ കെ എസ് ഫക്രൂദ്ദീൻ, ദേശീയ ട്രഷറർ ഡോ. എ എ അമീൻ, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് പ്രൊഫ. എ പി അബ്ദുൽവഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി ഹംസ ഹാജി, വൈസ് പ്രസിഡന്റ് എം എം മാഹീൻ തുടങ്ങിയവരും കമ്മിറ്റിയിലുണ്ട്.

കൊച്ചി: ഗൂഢാലോപന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നും ഗൂഢാലോചന കേസിലെ ആരോപണങ്ങള്‍ പ്രകാരമുള്ള മതിയായ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. ഡിജിപി സന്ധ്യയുടെയും എഡിജിപി ശ്രീജിത്തിന്റെയും അറിവോടെയാണ് ഈ ഗൂഢാലോചന നടത്തിയത്. ഇതാണ് അന്വേഷിക്കേണ്ടതെന്നും ദിലീപിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാടട്ുന്നു.

‘ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത്. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ആക്ഷേപം ശരിവെക്കുന്നതാണെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകന്‍ ബി.രാമന്‍ പിള്ള മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

അതേസമയം, പ്രതികളുടെ നീക്കം തടയാന്‍ കേസില്‍ പരമാവധി തെളിവ് ശേഖരിക്കാന്‍ ക്രൈം ബ്രാഞ്ചും ശ്രമം തുടങ്ങിയിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലം ലഭിക്കുന്നതോടെ ഗൂഢാലോചനക്ക് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.ാേ

ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രം ആദിവാസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാവ സുരേഷാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത്. ശരത് അപ്പാനിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഏരിസിന്റെ ബാനറിൽ ചിത്രം പുറത്തിറങ്ങുക.

വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

സമൂഹത്തിലെ സാധാരണ ആളുകളുടെ ജീവിതം പ്രമേയമാക്കി സിനിമ ചെയ്യുന്ന സംവിധായകൻ വിജീഷ് മണിയ്ക്കും നിർമ്മാതാവ് ഡോ. സോഹൻ റോയിയ്ക്കും വാവ സുരേഷ് അഭിനന്ദനം അറിയിച്ചു. ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.