കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആറാം പ്രവിശ്യയും പിടിച്ചെടുത്ത് താലിബാൻ. നാലുദിവസത്തിനിടെയാണ് താലിബാൻ അഫ്ഗാന്റെ ആറാം പ്രവിശ്യയും പിടിച്ചടക്കുന്നത്. തിങ്കളാഴ്ച സമൻഗൻ പ്രവിശ്യയുടെ തലസ്ഥാനം അയ്ബക് പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഗവർണറുടെ ഓഫീസും ഇന്റലിജൻസ് ഡയറക്ടറേറ്റ്, പോലീസ് ആസ്ഥാനം എന്നിവയുൾപ്പെടെ മറ്റ് സർക്കാർ ഓഫീസുകളും താലിബാൻ പിടിച്ചെടുത്തു.
ഇതോടെ ഗവർണർ പ്രദേശത്തു നിന്ന് സൈന്യത്തെ പിൻവലിച്ച് കൊഹെ ബസ്ത് പ്രദേശത്തേക്ക് രക്ഷപ്പെട്ടു. കുണ്ടുസ്, തഖാർ, ജോവ്സ്ജാൻ, നിംറുസ്, സാർ-ഇ-പുൽ പ്രവിശ്യാ തലസ്ഥാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ പിടിച്ചെടുത്തത്, ഹെറാത്, കാണ്ഡഹാർ, ഹെൽമണ്ട് പ്രവിശ്യകളും നിലവിൽ താലിബാന്റെ നിയന്ത്രണത്തിലാണ്.
മസാരി ഷരീഫാണ് താലിബാന്റെ അടുത്ത ലക്ഷ്യം. വടക്കൻ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് മസാരി ഷെരീഫ്. ബാൽഖ്, ബദാക്ഷൺ, പഞ്ച്ഷിർ തുടങ്ങിയ മേഖലകളിലും താലിബാൻ സ്വാധീനം വർധിപ്പിക്കുകയാണ്. ഉസ്ബക്കിസ്ഥാൻ അതിർത്തിയിലെ പൂൽകുംറിയിലും പോരാട്ടം കനക്കുകയാണ്. കുണ്ടുസ് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ അഫഗാൻ സൈന്യം. ഇവിടത്തെ വിമാനത്താവളവും ചുരുക്കം കേന്ദ്രങ്ങളും ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

