അഫ്ഗാന് നിയന്ത്രണം താലിബാന്റെ പിടിയിലായ സാഹചര്യത്തില്‍ എംഡിഎംഎ (മീഥെയിന്‍ ഡയോക്സി മെത്താഫിറ്റാമിന്‍) ലഹരി മരുന്നിന്റെ ഉല്പാദനവും വിപണനവും സംബന്ധിച്ച് ആശങ്കയിലാണ് ലോകം. ഈ ലഹരി മരുന്നിന്റെ പ്രധാന അസംസ്കൃതവസ്തുവായ അഫേഡ്ര വന്‍തോതില്‍ ഉല്പാദിപ്പിക്കുന്നതും വിവിധരാജ്യങ്ങളിലേക്ക് എത്തിക്കുന്നതും താലിബാന്റെ നേതൃത്വത്തിലാണെന്നാണ് വിവിധ ഏജന്‍സികള്‍ പറയുന്നത്. ദേശീയ നര്‍ക്കോട്ടിക് ബ്യൂറോയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 222 ജില്ലകളില്‍ ഈ ലഹരിമരുന്നതിന്റെ ഉപയോഗം വലിയതോതില്‍ വര്‍ധിച്ചു. അതില്‍ കൂടുതല്‍ കേരളത്തിലാണെന്നും ബ്യൂറോ കേന്ദ്രസാമൂഹികക്ഷേമ മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ വിപുലമായി കാണപ്പെടുന്ന അഫേഡ്ര എന്ന ചെടിയില്‍ നിന്നാണു പൊടിരൂപത്തിലുളള മെത്ത് തയാറാക്കുന്നത്. അഫ്ഗാനില്‍ മാത്രം പ്രതിവര്‍ഷം 6000 ടണ്ണിലധികം മെത്ത് ഉല്‍പാദിപ്പിച്ചെടുക്കുന്നതായാണ് ഏകദേശകണക്ക്. ‘ടാല്‍ക്’ അടക്കം ചില പൊടികള്കൂടി ഇതില്‍ ചേര്‍ത്താണ് വില്പനയ്ക്കെത്തുന്നത്. ഇവ തയാറാക്കാന്‍ സയന്‍സില്‍ ഉന്നത ബിരുദമുള്ളവരുടെ സംഘങ്ങളെ വരെ ഉപയോഗിക്കുന്നു. കാറുകളിലും ചെറിയ മുറികളിലും ഉള്‍പ്പെടെ ഇതിനുള്ള ലാബുകള്‍ (ക്ലന്റസ്റ്റീന് ലാബ്സ്) പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചാബ് അതിര്‍ത്തിവഴിയാണ് ഇന്ത്യയിലേക്ക് മെത്ത് കൂടുതലും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ മെത്തിന്റെ ആവശ്യക്കാര്‍ കൂടിവരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. എറണാകുളം, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കച്ചവടവും ഉപയാഗിക്കുന്നവരുടെ എണ്ണവും കൂടുതല്‍. കഴിഞ്ഞദിവസം ആഡംബരക്കാറില്‍ കുടുംബമെന്ന വ്യാജേന ‘മെത്ത്’ കടത്തിയ യുവതിയുള്‍പ്പെടെയുള്ള സംഘം പിടിയിലായത് ലഹരിമരുന്നുകളുടെ സംഘടിത കച്ചവടത്തിന്റെ ഒടുവിലത്തെ തെളിവാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കും വിധമാണ് മെത്ത് പ്രവര്‍ത്തിക്കുക. ഇതു വാങ്ങി ഉപയോഗിക്കാനുള്ള പണം കണ്ടെത്താന്‍ മെത്തിന്റെ കാരിയര്‍മാരായി മാറുന്നവരുടെ എണ്ണവും കൂടിവരികയാണ്. മരുന്നിന് അടിമയായാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വളരെ ബുദ്ധിമുട്ടാണ്. ലൈംഗിക ഉത്തേജനം ഉണ്ടാക്കുമെന്നു പ്രചരിപ്പിക്കുന്നതും മെത്തിന്റെ ഉപയോഗവും വില്പനയും വര്‍ധിക്കാന്‍ മറ്റൊരുകാരണമായി അധികൃതര്‍ വിലയിരുത്തുന്നു.
വലിയ വിലയാണ് ഈ ലഹരിമരുന്നിന് ഈടാക്കുന്നതെന്നതിനാല്‍ മെത്ത് ഉപയോഗിക്കാന്‍ പണം തേടി ഏതു വിധേനയും അതു കടത്താനും തയാറാകുകയാണ് യുവാക്കള്‍. വെള്ളപ്പൊടിക്ക് ഗ്രാമിന് 12,000 രൂപ വരെയാണ് ആഫ്രിക്കന്‍ വംശജര്‍ വാങ്ങുന്നത്. അത് കേരളത്തിലെത്തിച്ചുവില്ക്കുന്നത് 21,000 രൂപയ്ക്കുവരെ. എന്നാല്‍, പിടിയിലാകുന്നവരെ കാത്തിരിക്കുന്നത് കഠിനശിക്ഷയും പിഴയുമാണ്. 0.5 ഗ്രാം മെത്ത് കയ്യിലുണ്ടെങ്കില്‍പ്പോലും, പിടിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് കുറഞ്ഞത് 10 വര്‍ഷം കഠിനതടവാണ് ശിക്ഷ. 10 ഗ്രാമില്കൂടിയാല് അത് 20 വര്‍ഷവും. പലപ്പോഴും വന്‍തുക പിഴയായും ചുമത്തും. ലഹരിമരുന്നു വാങ്ങാന്‍ സഹായിച്ചവര്‍ക്ക് അതു തെളിഞ്ഞാല്‍ കിട്ടുന്നത് 20 വര്‍ഷം തടവുശിക്ഷയാണ്.
എംഡിഎംഎയുടെയും, കറുപ്പിന്റെയും ഉല്പാദനവും വില്പനയും താലിബാന് അവസാനിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നുതന്നെയാണു കേന്ദ്രആഭ്യന്തരവകുപ്പിന്റെ കീഴിലുളള നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെയും (എന്‍സിബി) കസ്റ്റംസ്, ഇതര ആന്റി നര്‍ക്കോട്ടിക് സെല്ലുകളുടെയും കേരളത്തിലെ എക്സൈസ് നര്‍ക്കോട്ടിക് സംഘത്തിന്റെയും പ്രതീക്ഷ. മറിച്ചാണെങ്കില്‍ സ്ഥിതി അതീവ ഗുരുതരമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന്റെ വരവോടെ പേടിപ്പെടുത്തുന്നവിധത്തിലാണു എം, മെത്ത് എന്നീ കോഡുഭാഷകളില്‍ അറിയപ്പെടുന്ന എംഡിഎംഎ കടത്തും കച്ചവടവും ഉപയോഗവും കേരളത്തില്‍ നടക്കുന്നത്. നാലുവര്‍ഷം മുന്‍പുവരെ വര്‍ഷത്തില്‍ പരമാവധി രണ്ടു മെത്ത് കേസുകളാണ് പിടികൂടിയിരുന്നെങ്കില്‍ ഇപ്പോള്‍ ബെംഗളൂരുവില്‍നിന്നു യുവാക്കളെത്തുന്ന ബൈക്കിലും ആഡംബരകാറുകളിലും വരെ എംഡിഎംഎ പിടിക്കുന്ന സംഭവങ്ങള്‍ ഏറുകയാണ്. കോവിഡിനുശേഷം വാളയാറുമായി ബന്ധപ്പെട്ടുമാത്രം 50 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

