International (Page 197)

ബെയ്ജിങ്: അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന. സംഘർഷഭരിതമായ ഈ അവസ്ഥയിൽ അമേരിക്ക അഫ്ഗാനെ ഉപേക്ഷിച്ച് പോകരുതെന്ന് ചൈന പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അഫ്ഗാൻ വിഷയം ഉണ്ടാകാൻ പ്രധാന കാരണവും ഘടകവും അമേരിക്കയാണ്. അതിനാൽ തന്നെ അമേരിക്കയ്ക്ക് അഫ്ഗാൻ വിട്ട് ഓടി പോകാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

അഫ്ഗാനിൽ സംഘർഷം ഒഴിവാക്കി സമാധാനപരമായ ജനജീവിതം ഉറപ്പാക്കുന്നതിനും അമേരിക്കയുടെ സഹായം ഉണ്ടാകണം. രാജ്യത്ത് സ്ഥിരതയും പുനർനിർമാണവും നടത്താൻ അമേരിക്കയുടെ ഇടപെടലുണ്ടാകണം. നേരത്തെ അമേരിക്ക ഉറപ്പ് നൽകിയത് പോലെ അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യത്തിന്റെ പുനർനിർമാണം ഏറ്റെടുക്കാനും മാനുഷിക പരിഗണന നൽകാനും മുൻകൈയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. താലിബാൻ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് അഫ്ഗാൻ പുനർനിർമാണത്തിൽ പങ്കാളിയാകാനുള്ള താത്പര്യവും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഒറ്റ അമേരിക്കൻ പൗരൻ പോലും അഫ്ഗാൻ മണ്ണിൽ ശേഷികുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാകും രക്ഷാദൗത്യമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാബൂൾ നഗരത്തിൽനിന്ന് യുഎസ് പൗരൻമാരെയും വിദേശികളെയും അഫ്ഗാൻ സഖ്യകക്ഷികളെയും വ്യോമമാർഗം പുറത്തെത്തിക്കാൻ നടക്കുന്ന ശ്രമം അതീവ ദുഷ്‌കരവും അപകടകരവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാഷിങ്ടണ്‍: താലിബാന്‍ മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് യുഎസ് പ്രഡിഡന്റ് ജോ ബൈഡന്‍. 100 വര്‍ഷമായി ആരും ചെയ്യാത്ത, അഫ്ഗാനിസ്താനിലെ ജനങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി താലിബാന്‍ ശ്രമിക്കുമോ എന്ന് ബൈഡന്‍ ആരാഞ്ഞു, അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് എല്ലാ തരത്തിലുള്ള സഹായവും ആവശ്യമായി വരുമെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താലിബാനോടുള്ള സമീപനം ബൈഡന്‍ വ്യക്തമാക്കിയത്.

മാത്രമല്ല, താലിബാന്‍ പറയുന്നതുപോലെ ചെയ്യുമോ ഇല്ലയോ എന്നത് നമുക്ക് നോക്കാമെന്നും, മറ്റു രാജ്യങ്ങള്‍ തങ്ങളെ അംഗീകരിക്കുമോ ഇല്ലയോ എന്ന് നിര്‍ണയിക്കാന്‍ അവര്‍ നിയമസാധുത തേടുന്നുണ്ട്, നയതന്ത്ര സാന്നിധ്യം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞങ്ങളോടെന്ന പോലെ അവര്‍ മറ്റു രാജ്യങ്ങളോടും പറഞ്ഞിട്ടുണ്ട്. ഈ ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ട്. ഇതുവരെ താലിബാന്‍ യുഎസ് സേനയ്ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

കാബൂൾ: ലോകം മുഴുവൻ കോവിഡ് പ്രതിസന്ധി നേരിടുമ്പോൾ വൈറസ് വ്യാപനം വകവെയ്ക്കാതെ മാസ്‌ക് പോലും ധരിക്കാതെ നിൽക്കുന്ന താലിബാൻ നേതാക്കളെ പരിഹസിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാസ്‌ക് ധരിക്കാതെ നിൽക്കുന്ന ഒരു കൂട്ടം താലിബാൻ നേതാക്കളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാൽ അഫ്ഗാനിസ്ഥാനിൽ മിക്കവരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് ഇലോൺ മസ്‌കിന്റെ പ്രതികരണം. ട്വിറ്ററിൽ ഒരു മീം പോസ്റ്റു ചെയ്ത മസ്‌ക് കൂടെ കമന്റും പങ്കുവെച്ചിട്ടുണ്ട്. ഡെൽറ്റാ വകഭേദത്തെക്കുറിച്ച് ഇവർ കേട്ടിട്ടെങ്കിലും ഉണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

നാലു ലക്ഷത്തിലേറെ ലൈക്കുകളും 40,000ലേറെ റീട്വീറ്റുകളുമാണ് ഇലോൺ മസ്‌കിന് ലഭിച്ചത്. മസ്‌കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. മസ്‌കിന്റെ ഒരു തമാശയായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നാണ് ചിലർ പറഞ്ഞത്. കാരണം മസ്‌ക് തന്നെ കോവിഡ് വൈറസ് വ്യാപനത്തെ കുറിച്ച് പല തവണ അഭിപ്രായങ്ങൾ മാറ്റിയിട്ടുള്ള വ്യക്തിയാണ്.

pinarayi

തിരുവനന്തപുരം: ചില മാദ്ധ്യമങ്ങൾ താലിബാന് വീരപരിവേഷം ചാർത്തി നൽകാൻ ശ്രമിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങളുടെ നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. അവർ എങ്ങനെയാണ് വളർന്നത്. അവരെ ആരാണ് വളർത്തിയത് എന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാൻ ശ്രമിച്ചത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനം. മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ എത്രയോ നടപടികളിൽ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും മുഖ്യമന്ത്രി വിശദമാക്കി.

മോസ്‌കോ: അഫ്ഗാന്‍ അഭയാര്‍ത്ഥികളെ വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മാത്രമേ അമേരിക്ക സ്വീകരിക്കൂ എന്ന നിലപാടിനെതിരെ പ്രതിഷേധവുമായി റഷ്യ. വിസ നടപടികള്‍ പൂര്‍ത്തിയാക്കാതെ അഫ്ഗാന്‍ പൗരന്മാരെ കൊണ്ടു പോകാന്‍ അമേരിക്ക തയ്യാറല്ലെങ്കില്‍ എന്ത് അര്‍ത്ഥത്തിലാണ് അവരെ അഫ്ഗാന്റെ അയല്‍രാജ്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ചോദിച്ചു. ഇത്തരക്കാര്‍ ഭാവിയില്‍ തീവ്രവാദികളായി റഷ്യക്കു ഭീഷണിയാകില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നും പുടിന്‍ ആരാഞ്ഞു.

അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ രാജ്യത്ത് കൂട്ടപ്പലായനമാണ് സംഭവിക്കുന്നത്. ഇത്തരത്തില്‍ പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും അമേരിക്കയിലേക്കും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് പോകുന്നത്.

എന്നാല്‍ വിസ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഇത്തരക്കാരെ തങ്ങളുടെ രാജ്യങ്ങളിലേക്കു പ്രവേശിപ്പിക്കുവാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറല്ല. വിസ ഇല്ലാത്ത അഫ്ഗാന്‍ അഭയാത്ഥികളെ തത്ക്കാലം അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ പഴയ സോവിയറ്റ് റഷ്യയുടെ ഭാഗങ്ങളായ രാഷ്ട്രങ്ങളുമുണ്ട്. ഇവിടെ നിന്നും വിസാ നടപടികള്‍ കൂടാതെ റഷ്യയിലേക്ക് കടക്കാന്‍ സാധിക്കും, ഇത്തരത്തില്‍ അഫ്ഗാനില്‍ നിന്നും തീവ്രവാദികള്‍ റഷ്യയിലേക്ക് കുടിയേറുമോ എന്നതാണ് പുടിന്‍ പ്രകടിപ്പിക്കുന്ന ആശങ്ക.

കാബൂൾ: അമേരിക്ക തലയ്ക്ക് 37 കോടി രൂപ വിലയിട്ട കൊടുംഭീകരൻ അഫ്ഗാനിസ്താനിൽ തിരിച്ചെത്തി. താലിബാൻ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് അമേരിക്ക കൊടുംഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഖലീൽ ഹഖാനി തിരിച്ചെത്തിയിരിക്കുന്നത്. വൻ സ്വീകരണമാണ് കാബൂളിൽ ഖലീലിന് ലഭിച്ചത്. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഒരു ഭാഗത്ത് അമേരിക്കൻ സൈനികർ രക്ഷാദൗത്യം തുടരുന്നതിനിടെയാണ് ഖലീലിന് വലിയ സ്വീകരണം ഒരുക്കിയിരിക്കുന്നത്.

ഒസാമ ബിൻ ലാദനുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഖലീൽ ഹഖാനിയെ മോസ്റ്റ് വാണ്ടഡ് ടാർഗെറ്റ് പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയത്. 2011 ഫെബ്രുവരി 9 നായിരുന്നു ഇത്. ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് കാബൂളിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കാബൂളിലെ പള്ളിയിൽ ഹഖാനിയാണ് പ്രാർത്ഥനകൾക്ക് നേതൃതം നൽകിയത് ഖലീലാണ്. താലിബാൻ നേതാക്കളുമായി ഖലീൽ ചർച്ചകൾ നടത്തുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

താലിബാൻ ഖലീൽ ഹഖാനിയ്ക്ക് ഉയർന്ന സ്ഥാനമായിരിക്കും നൽകുയെന്നാണ് റിപ്പോർട്ട്. പാകിസ്താനിലെ നോർത്ത് വസീരിസ്താൻ ജില്ലയിൽ പ്രവർത്തിക്കുന്ന താലിബാനുമായി ബന്ധമുള്ള ഒരു ഭീകര ഗ്രൂപ്പായ ഹഖാനി നെറ്റ്വർക്കിലെ ഉയർന്ന അംഗമാണ് ഖലീൽ ഹഖാനി.

ബെല്‍ജിയം: അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാനെ അംഗീകരിക്കില്ലെന്ന് പ്രതികരണവുമായി യൂറോപ്യന്‍ യൂണിയന്‍. താലിബാനുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും, അവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും, താലിബാന്റേത് അപകടകരമായ മുഖമാണെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ ചീഫ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ അറിയിച്ചു.

അതേസമയം, അഫ്ഗാനിലെ അഭയാര്‍ഥികളെ സഹായിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനും സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും ന്യൂനപക്ഷത്തിന് സംരക്ഷണമേകാനും യൂണിയന്‍ മുന്‍പിലുണ്ടാകുമെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ വ്യക്തമാക്കി.

അഫ്ഗാനിലുണ്ടായിരുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളെ നേരത്തെ തന്നെ കാബൂളില്‍നിന്ന് മാറ്റിയിരുന്നു.

കാബൂൾ: 20 വർഷം അഫ്ഗാനിസ്ഥാൻ സൈന്യത്തെ പരിശീലിപ്പിക്കാൻ മാത്രമായി അമേരിക്ക ചെലവിട്ടത് 83 ബില്യൺ ഡോളർ (ഏതാണ്ട് ആറ് ലക്ഷം കോടി രൂപ). ഇത്രയധികം പണം ചെലവഴിച്ച് പരിശീലനം നൽകിയിട്ടും അമേരിക്കൻ നിർമിത അഫ്ഗാൻ സൈന്യം താലിബാനെതിരെ പൊരുതി നിൽക്കാതെ കീഴടങ്ങുകയായിരുന്നു. പല നഗരങ്ങളിലും ഒരു വെടിപോലും ഉതിർക്കാതെയാണ് അഫ്ഗാൻ സൈന്യം കീഴടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇതോടെ അഫ്ഗാൻ സൈന്യത്തിനായി അമേരിക്ക നൽകിയ കെട്ടിടങ്ങളും വാഹനങ്ങളും ഹെലിക്കോപ്റ്ററുകളും പടക്കോപ്പുകളുമെല്ലാം അനായാസം കയ്യടക്കാൻ താലിബാൻ കഴിഞ്ഞു.

നിരവധി അത്യാധുനിക ആയുധ ശേഖരങ്ങൾ അഫ്ഗാൻ സൈന്യത്തിൽ നിന്നും താലിബാൻ പിടിച്ചടക്കി. പോർവിമാനങ്ങൾ വരെ താലിബാന് സ്വന്തമായാതാണ് വിവരം. വ്യോമമേഖലയിൽ യാതൊരു സ്വാധീനവുമില്ലാതിരുന്ന താലിബാന് ഇതോടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും പോർവിമാനങ്ങളുമെല്ലാം ലഭിച്ചിരിക്കുകയാണ്.

ചെറിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പോലും നടത്താതെ അഫ്ഗാൻ സൈന്യവും പൊലീസും തങ്ങളുടെ ആയുധങ്ങളും വാഹനങ്ങളും മറ്റു സൗകര്യങ്ങളും താലിബാന് മുന്നിൽ അടിയറവെക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിനായി ഏകദേശം 14,500 കോടി ഡോളറാണ് അമേരിക്ക ചെലവിട്ടത്. ഇതിൽ 83 ബില്യൺ ഡോളർ സൈനിക- പോലീസ് സേനകളുടെ നിർമാണത്തിനും പരിശീലനത്തിനും വേണ്ടിയായിരുന്നു. 2001 ഒക്ടോബറിൽ അമേരിക്ക ആരംഭിച്ച യുദ്ധത്തിന് വേണ്ടി ചെലവാക്കിയ 83,700 കോടി ഡോളറിന് (ഏതാണ്ട് 62 ലക്ഷം കോടി രൂപ) പുറമേയായിരുന്നു ഈ തുക.

ലണ്ടന്‍: കോവിഡ് വ്യാപനത്തില്‍ വലഞ്ഞ് ബ്രിട്ടണ്‍. കോവിഡിനെ തുടര്‍ന്ന് മരിക്കുന്നവരുടെയും, ചികിത്സതേടി ആശുപത്രിയിലെത്തുന്നവരുടെയും എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ ബ്രിട്ടനില്‍ 32,058 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 31 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ 104 കോവിഡ് മരണങ്ങളും ഇന്നലെ രേഖപ്പെടുത്തി. 14 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ ആഴ്ചയിലേക്കാള്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം, വാക്‌സിന്റെ ബൂസ്റ്റര്‍ ഡോള്‍സ് അടുത്തമാസം മുതല്‍ നല്‍കിത്തുടങ്ങാനാകുമെന്ന് ആരോഗ്യ സെക്രട്ടറി സജിദ് വാജെദ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കോവിഡ് പാടെ നീക്കം ചെയ്യാതെ ഈ പകര്‍ച്ചവ്യാധിയെ നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്ന് അവകാശപ്പെടാനാവില്ലെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ഡോക്ടര്‍ ക്രിസ് സ്മിത്ത് പറയുന്നത്.

ലോകത്തിന്റെ ഒരു കോണിലുള്ള രാജ്യത്തിലെ ചെറിയൊരു നഗരത്തില്‍ വളരെ കുറച്ചുപേരെ മാത്രം ബാധിച്ചാണ് ഈ മഹാമാരി തുടങ്ങിയതെന്ന കാര്യം മറക്കരുതെന്നും, എവിടെയെങ്കിലും ഒരു തരി അവശേഷിച്ചാല്‍ അത് വീണ്ടും കാട്ടുതീ പോലെ പടര്‍ന്നു പിടിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടു തന്നെ ഇതുവരെ നാം എടുത്ത കരുതലുകളൊന്നും ഒഴിവാക്കരുതെന്നും, വരുന്ന ശൈത്യകാലത്ത് കൂടുതല്‍ കരുതലെടുക്കണമെന്നും ക്രിസ് സ്മിത്ത് ചൂണ്ടിക്കാട്ടി.

കെനിയ: അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അമിത് ഖത്രിയ്ക്ക്. 10 കിലോമീറ്റര്‍ നടത്തത്തിലാണ് ഇന്ത്യന്‍ യുവതാരം രണ്ടാമത് ഫിനിഷ് ചെയ്ത് മെഡല്‍ നേട്ടം സ്വന്തമാക്കിയത്.

42:17.94 മിനിട്ടിലാണ് ഖത്രി 10 കിലോമീറ്റര്‍ ഫിനിഷ് ചെയ്തത്. ആദ്യലാപ്പ് തൊട്ട് ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഖത്രി അവസാന രണ്ട് ലാപ്പുകളില്‍ പിന്നോട്ട് പോയതിനെത്തുടര്‍ന്നാണ് രണ്ടാം സ്ഥാനത്തേക്ക് വീണത്.

ഈ ഇനത്തില്‍ കെനിയയുടെ ഹെറിസ്റ്റോണ്‍ വാന്‍യോണി സ്വര്‍ണം നേടി. 42:10.84 മിനിട്ടിലാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. സ്പെയിനിന്റെ പോള്‍ മഗ്രാത്തിനാണ് വെങ്കലമെഡല്‍.

ഹരിയാന സ്വദേശിയായ ഖത്രി ദേശീയ റെക്കോഡ് ഉടമയാണ്. എന്നാല്‍ ആ പ്രകടനം ലോകചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുക്കാന്‍ താരത്തിനായില്ല. 40:40.97 മിനിട്ടാണ് ഈ ഇനത്തിലെ ഖത്രിയുടെ മികച്ച സമയം.