International (Page 180)

ബ്രസല്‍സ്: താലിബാന്‍ അധികാരത്തിലേറിയതോടെ സാമ്പത്തികമായി തകര്‍ന്ന അഫ്ഗാനിസ്ഥാന് ഒരു ബില്ല്യണ്‍ യൂറോ സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് യുറോപ്യന്‍ യൂണിയന്‍ അഫ്ഗാനിസ്ഥാന് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച 300 മില്ല്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം.

അഫ്ഗാനിസ്ഥാന്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകള്‍ അഫ്ഗാനുകള്‍ക്കുള്ള നേരിട്ടുള്ള പിന്തുണ ആണെന്നും അത് താലിബാന്റെ താല്‍ക്കാലിക സര്‍ക്കാരിനല്ല, പകരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടകള്‍ക്ക് കൈമാറുമെന്നും യൂണിയന്‍ വ്യക്തമാക്കി.

ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തില്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് പുതിന്‍ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

കാഠ്മണ്ഡു: നേപ്പാളിൽ അപകടം. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ 32 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

നേപ്പാളിലെ മുഗു ജില്ലയിലെ ഗംഗാദിയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസ് റോഡിൽ നിന്നും തെന്നിമാറി നദിയിലേക്ക് മറിയുകയായിരുന്നു. ചായനാഥ് രാര മുനിസിപ്പാലിറ്റിയിലെ പിനാ ജ്യാരി നദിയിലേക്കാണ് ബസ് മറിഞ്ഞത്.

വിജയദശമി ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താനായി നേപ്പാൾ ആർമി ഹെലികോപ്റ്റർ അയച്ചിരുന്നു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ പത്ത് പേരെ കോഹൽപൂർ മെഡിക്കൽ കോളേജിലും 5 പേരെ നേപ്പാളഞ്ചിലെ നഴ്‌സിംഗ് ഹോമിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

തായ്‌പേയ്: ചൈനയുടെ ഭീഷണിയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി തായ്‌വാൻ. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങിന്റെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് തായ്‌വാൻ പ്രസിഡൻറ് സായ് ഇങ് വെൻ വ്യക്തമാക്കി. തായ്‌വാനെ ചൈനയിൽ ലയിപ്പിക്കുമെന്നാണ് ഷീ ജിൻപിങിന്റെ ഭീഷണി. തായ്‌വാൻ ഒരു സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണെന്നും സായ് ഇങ് വെൻ അറിയിച്ചു.

രാജ്യം വൻ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനൊപ്പം ചൈന നമുക്കുമേലുള്ള സമ്മർദം ഉയർത്തുന്നു. പ്രകോപനങ്ങളോട് തിടുക്കത്തിൽ പ്രതികരിക്കില്ല. എന്നാൽ മുൻകരുതലായി പ്രതിരോധ സംവിധാനങ്ങളുടെ ശക്തി വർധിപ്പിക്കും. കഴിഞ്ഞ 72 കൊല്ലത്തിനിടയിലെ ഏറ്റവും ഭീതിനിറഞ്ഞ സാഹചര്യത്തിലൂടെയാണ് തായ്‌വാൻ കടന്നുപോകുന്നതെന്നും സായ് വിശദമാക്കി.

തായ്‌വാനെ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്ന്, ഹോങ് കോങ്ങിലേതുപോലെ ‘ഒരു രാജ്യം രണ്ടു സംവിധാനങ്ങൾ’ എന്ന നയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ 110-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയായിരുന്നു ഷീ ജിൻപിങിന്റെ പ്രഖ്യാപനം. അമേരിക്കയെ തന്നെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ നീക്കങ്ങൾ. തായ്‌വാന്റെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുകയും തായ്‌വാനെതിരെ ചൈന നടത്തുന്ന കടന്നാക്രമണങ്ങളെ പരസ്യമായി എതിർക്കുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക.

തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. തായ്‌വാന്റെ വ്യോമമേഖല ലംഘിച്ച് ചൈന നിരന്തരം പ്രകോപനപരമായി യുദ്ധവിമാനങ്ങൾ പറത്തുന്നുണ്ട്.

സ്റ്റോക്കോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി.ആന്‍ഗ്രിസ്റ്റ്, ഗയ്‌ഡോ ഡബ്ല്യു. ഇബെന്‍സ് എന്നിവര്‍ക്കാണു പുരസ്‌കാരം.

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് ഡേവിഡ് കാര്‍ഡിനു പുരസ്‌കാരം ലഭിച്ചത്.കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനയ്ക്കാണു മറ്റു രണ്ട് പേര്‍ പുരസ്‌കാരം പങ്കിട്ടത്.

ഇവരുടെ പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ചു പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നും ഇവരുടെ സ്വാഭാവികമായ പരീക്ഷണങ്ങളിലൂടെ പ്രശ്നങ്ങളും കാര്യകാരണങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് കാണിക്കുകയും ചെയ്തെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.

ബെയ്ജിംഗ്: ഇന്ത്യയ്ക്ക് നേരെ പ്രകോപനവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ്. ചൈന യുദ്ധം ആരംഭിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതിർത്തി വിഷയത്തിൽ സൈനികതല ചർച്ചകൾ പരാജയപ്പെടാൻ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയത്.

ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങളൊന്നും ചൈന അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും ചർച്ച പരാജയപ്പെടാൻ കാരണം ചൈനയാണെന്ന് വ്യക്തമാക്കിയുമാണ് പതിമൂന്നാംവട്ട സൈനികതല ചർച്ചകൾ പൂർത്തിയായതിനു പിന്നാലെ ഇന്ത്യ പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ വിമർശനവുമായി ഗ്ലോബൽ ടൈംസ് രംഗത്തെത്തിയത്.

ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം യുക്തിരഹിതവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്നാണ് ചർച്ചയ്ക്ക് ശേഷം ചൈന പറഞ്ഞത്. ചർച്ചകളിൽ സമവായമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു ഇന്ത്യയുടെ ആവശ്യങ്ങളെല്ലാമെന്നും. അതിർത്തി പ്രശ്നം പരിഹരിക്കാൻ ചൈന അക്ഷീണം പ്രയത്നിക്കുന്നുണ്ടെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിലെ സ്ഥിതിഗതികൾ നിലവിൽ സമാധാനപരമാണ്. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടില്ല. നിയന്ത്രണരേഖയിലും അതിർത്തിയിലും സമാധാനം സ്ഥാപിക്കാനും അങ്ങനെ തന്നെ തുടരാനുമാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ അനുനയ ചർച്ചകൾ മുന്നോട്ടുപോവുന്നില്ലെന്നും യുക്തിയില്ലാത്ത ആവശ്യങ്ങളാണ് ഇന്ത്യ മുന്നോട്ടുവെയ്ക്കുന്നതെന്നും ഗ്ലോബൽ ടൈംസിലെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

സൈനികതല ചർച്ചകളിലെ ഇന്ത്യയുടെ സമീപനം അവസരവാദപരമാണെന്നാണ് ചൈനയുടെ ആരോപണം. ചൈന-യുഎസ് ബന്ധത്തിലെ തകർച്ചയെ തന്ത്രപരമായി ഉപയോഗിക്കാനുള്ള അവസരമായാണ് ഇന്ത്യ ചർച്ചകളെ കാണുന്നതെന്നും ചൈനയ്ക്കെതിരെ അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നത് തടയുന്നതിനായി അതിർത്തി പ്രശ്നങ്ങളിൽ ചൈന നിലപാട് മയപ്പെടുത്തി തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും ഗ്രോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇന്ത്യയുടെ അവസരവാദ മനോഭാവം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വില കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും ഗ്ലോബൽ ടൈംസ്് റിപ്പോർട്ട് ചെയ്യുന്നു.

ചൈനയും ഇന്ത്യയും തമ്മിലുള്ള നിലവിലെ സാഹചര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് സൈനിക നടപടികളിലേക്ക് നീങ്ങിയാൽ അത് ഇന്ത്യയെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കും. സമവായമില്ലാതെ വളരെക്കാലം അതിർത്തിയിലെ സംഘർഷം നിലനിർത്താൻ പര്യാപ്തമായ വലിയ ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് ലോകത്തിനറിയാം. ഇത്തരത്തിലുള്ള നീക്കം ഖേദകരമാണ്. എന്നിരുന്നാലും ഇന്ത്യ അതിന് മുതിർന്നാൽ ചൈനയ്ക്കും മറ്റൊരു തീരുമാനമുണ്ടാവില്ല. ഏത് രാഷ്ട്രീയ കുതന്ത്രവും സമ്മർദ്ദവും ചൈന നേരിടും, ഒരു യുദ്ധം തുടങ്ങിയാൽ ഇന്ത്യ തീർച്ചയായും തോൽക്കുമെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത് രംഗത്തി. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ വന്‍ താരനിര തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനെതിരെയാണ് പരസ്യമായി കങ്കണ രംഗത്തെത്തിയിരിക്കുന്നത്.

2014ല്‍ തന്റെ മകന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായപ്പോള്‍ ജാക്കി ചാന്‍ എങ്ങനെ പ്രതികരിച്ചു എന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. മകന്റെ പ്രവൃത്തിയില്‍ പരസ്യമായി മാപ്പ് പറഞ്ഞാണ് നടന്‍ അന്ന് പ്രതികരിച്ചത്. മകന്റെ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിക്കുന്നു. ഇത് എന്റെ പരാജയമാണ്, അവനെ സംരക്ഷിക്കാനായി ഞാന്‍ ഇടപെടില്ലെന്നാണ് സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചത്. മകന്റെ അറസ്റ്റില്‍ കിങ് ഖാന്‍ തുടര്‍ന്നു പോരുന്ന നിശബ്ദതയ്‌ക്കെതിരെ കൂടിയാണ് കങ്കണയുടെ പോസ്റ്റ്.

ഒക്ടോബര്‍ 2 ന് ഗോവയിലേക്കുള്ള ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ദീര്‍ഘകാലമായി താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി താരപുത്രന്‍ സമ്മതിച്ചിട്ടുമുണ്ട്.

വാര്‍സോ: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു കടക്കാന്‍ ‘പോളെക്സിറ്റ്’ നടപ്പാക്കാന്‍ ഒരുങ്ങി പോളണ്ടും. യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനാതത്വങ്ങളെ വെല്ലുവിളിക്കുകയാണ് പോളണ്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ വ്യാഴാഴ്ച പോളണ്ടിന്റെ ഭരണഘടനാ ട്രിബ്യൂണല്‍ യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനാ തത്വങ്ങള്‍ പോളണ്ടിന്റെ ചില നിയമപ്രശ്നങ്ങള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് വിധിച്ചിരുന്നു. പകരം പോളണ്ടിന്റെ ഭരണഘടനയായിരിക്കും യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനയേക്കാള്‍ ചില കാര്യങ്ങളില്‍ മുകളില്‍ നില്‍ക്കുകയെന്നും വിധിച്ചിരുന്നു.

എന്നാല്‍, ഇതിനെ ശ്കതമായി നേരിടുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിവിക് പ്ലാറ്റ് ഫോമിന്റെ നേതാവ് ഡൊണാള്‍ഡ് ടസ്‌ക് ജനങ്ങളോട് ആഹ്വാനം ചെയ്തു. പിഐഎസ് എന്നറിയപ്പെടുന്ന ലോ ഓഫ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് ജറോസ്ലൊ കസിന്‍സ്‌കിയും പോളെക്സിറ്റിന്റെ ശക്തനായ വക്താവാണ്.

ഇതിലെ അപകടം മനസ്സിലാക്കിയ യൂറോപ്യന്‍ യൂണിയന്‍ പോളണ്ടിനെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ബ്രെക്സിറ്റ് പോലെ പോളണ്ട് പോളെക്സിറ്റ് നടപ്പാക്കി യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകുമെന്ന ഭയം ശക്തമായി. യൂറോപ്യന്‍ യൂണിയനിലെ അംഗത്വമെന്നത് നിയമപരമായ പ്രതിബദ്ധത കൂടിയാണെന്ന് ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും വിദേശകാര്യമന്ത്രിമാര്‍ പോളണ്ടിനെ താക്കീത് ചെയ്‌തെങ്കിലും പോളെക്‌സിറ്റ് വാദമുഖങ്ങള്‍ അവിടെ ശക്തമാവുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും യൂറോപ്യന്‍ യൂണിയന്റെ തലപ്പത്തുള്ള ഫ്രാന്‍സും ജര്‍മ്മനിയും പറഞ്ഞു.

2004മുതല്‍ യൂറോപ്യന്‍ യൂണിയനിലെ അംഗമാണ് പോളണ്ട്. യൂറോപ്യന്‍ യൂണിയനിലെ നിയമമായിരുന്നു പോളണ്ടിലെയും നിയമം. പോളണ്ടിലെ പ്രതിപക്ഷ പാര്‍ട്ടികളാണ് പോളെക്സിറ്റ് നടപ്പാക്കി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കണമെന്ന വാദം ശക്തമായി ഉന്നയിക്കുന്നത്. അതേസമയം പോളണ്ടിലെ പ്രധാനമന്ത്രി മത്യൂസ് മൊറവിക്കി യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന വാദക്കാരനാണ്.

ഷാര്‍ജ: വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാര്‍ മാത്രമേ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ എത്താന്‍ പാടുള്ളൂവെന്ന് അധികൃതര്‍. വിമാനത്താവളത്തിലേയ്ക്ക് പ്രവേശനം യാത്ര ഉറപ്പാക്കിയ ടിക്കറ്റുള്ളവര്‍ക്ക് മാത്രമായി കര്‍ശനമാക്കിയതായി അറിയിച്ചതായും എയര്‍ ഇന്ത്യാ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂറിനും മുന്‍പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ വരേണ്ട ആവശ്യമില്ല. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സ്വന്തമായി പിപിഇ കിറ്റില്ലാത്തവര്‍ക്ക് ടെര്‍മിനലിനകത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വെന്‍ഡിങ് മെഷീനില്‍ നിന്ന് അവ സ്വന്തമാക്കാമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ദോഹ: അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യാതൊരു നീക്കവും യുഎസ് നടത്തരുതെന്നു താലിബാന്‍. അഫ്ഗാനില്‍നിന്ന് യുഎസ് പിന്‍വാങ്ങിയ ശേഷം ആദ്യമായി നടന്ന യുഎസ്- താലിബാന്‍ പ്രതിനിധികളുടെ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ ആര്‍ക്കും നല്ലതാകില്ലെന്നു വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി ബക്തറിനോടു പറഞ്ഞു. അഫ്ഗാനുമായി മികച്ച ബന്ധമുള്ളതാണ് എല്ലാവര്‍ക്കും നല്ലത്. രാജ്യത്തെ നിലവിലെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍, ജനത്തെ പ്രശ്‌നങ്ങളിലേക്കായിരിക്കും കൊണ്ടെത്തിക്കുക- മന്ത്രി പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

യുഎസിനു മുന്നറിയിപ്പു നല്‍കിയ കാര്യം താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി ആമിര്‍ഖാന്‍ മുത്താഖി സ്ഥിരീകരിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍വച്ചായിരുന്നു ചര്‍ച്ച.

യുഎസ് പ്രതിനിധികളുമായുള്ള രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ ആദ്യ ദിവസത്തെ കൂടിക്കാഴ്ചയ്ക്കു ശേഷമാണു അഫ്ഗാന്‍ പ്രതിനിധിയുടെ പ്രതികരണം. അഫ്ഗാനു കോവിഡ് പ്രതിരോധത്തിനായി യുഎസ് വാക്‌സീന്‍ ലഭിച്ചിട്ടുണ്ട്. അഫ്ഗാന്റെ ബുദ്ധിമുട്ടുകള്‍ യുഎസുമായും മറ്റ് ലോകരാജ്യങ്ങളുമായും ചര്‍ച്ച ചെയ്യണം. വിദേശ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് താല്‍പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. യുഎസിന്റെ ഭാഗത്തുനിന്ന് ചര്‍ച്ച സംബന്ധിച്ച യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല.

മോസ്‌കോ: സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ക്ക് ദാരുണാന്ത്യം, ആറ് പേരെ രക്ഷപ്പെടുത്തി. എല്‍-410 വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന് മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.

പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ടാറ്റര്‍സ്റ്റാന്‍ തലവന്‍ റുസ്തം മിന്നിഖനോവ് സംഭവ സ്ഥലത്തെത്തി. സൈന്യത്തെ വുമായി ബന്ധപ്പെട്ട വളന്ററി സൊസൈറ്റിയായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സ്പോര്‍ട് ആന്‍ഡ് ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ എന്നാണ് അറിയപ്പെടുന്നത്.

പാരച്യൂട്ടിങ് ക്ലബ്ബിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ലോകത്തെ മികച്ച ക്ലബുകളിലൊന്നാണിതെന്നും അധികൃതര്‍ പറഞ്ഞു. ബഹിരാകാശ പ്രവര്‍ത്തകരുടെ പരിശീലനത്തിനും ഉപയോഗിക്കാറുണ്ട്. റഷ്യയില്‍ ഈ വര്‍ഷം നേരത്തെയും വിമാനാപകടം നടന്നിരുന്നു. റഷ്യയിലെ വ്യോമഗതാഗതത്തെക്കുറിച്ചും വിമാനങ്ങളെക്കുറിച്ചും നേരത്തെയും പരാതിയുണ്ടായിരുന്നു.