ദോഹ: അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യാതൊരു നീക്കവും യുഎസ് നടത്തരുതെന്നു താലിബാന്‍. അഫ്ഗാനില്‍നിന്ന് യുഎസ് പിന്‍വാങ്ങിയ ശേഷം ആദ്യമായി നടന്ന യുഎസ്- താലിബാന്‍ പ്രതിനിധികളുടെ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ ആര്‍ക്കും നല്ലതാകില്ലെന്നു വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി ബക്തറിനോടു പറഞ്ഞു. അഫ്ഗാനുമായി മികച്ച ബന്ധമുള്ളതാണ് എല്ലാവര്‍ക്കും നല്ലത്. രാജ്യത്തെ നിലവിലെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍, ജനത്തെ പ്രശ്‌നങ്ങളിലേക്കായിരിക്കും കൊണ്ടെത്തിക്കുക- മന്ത്രി പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
യുഎസിനു മുന്നറിയിപ്പു നല്‍കിയ കാര്യം താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി ആമിര്‍ഖാന്‍ മുത്താഖി സ്ഥിരീകരിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍വച്ചായിരുന്നു ചര്‍ച്ച.
യുഎസ് പ്രതിനിധികളുമായുള്ള രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ ആദ്യ ദിവസത്തെ കൂടിക്കാഴ്ചയ്ക്കു ശേഷമാണു അഫ്ഗാന്‍ പ്രതിനിധിയുടെ പ്രതികരണം. അഫ്ഗാനു കോവിഡ് പ്രതിരോധത്തിനായി യുഎസ് വാക്‌സീന്‍ ലഭിച്ചിട്ടുണ്ട്. അഫ്ഗാന്റെ ബുദ്ധിമുട്ടുകള്‍ യുഎസുമായും മറ്റ് ലോകരാജ്യങ്ങളുമായും ചര്‍ച്ച ചെയ്യണം. വിദേശ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് താല്‍പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. യുഎസിന്റെ ഭാഗത്തുനിന്ന് ചര്‍ച്ച സംബന്ധിച്ച യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല.

