യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു കടക്കാന്‍ പോളണ്ടും, ‘പോളെക്സിറ്റ്’ നടപ്പാക്കാന്‍ ഒരുങ്ങുന്നു

വാര്‍സോ: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു കടക്കാന്‍ ‘പോളെക്സിറ്റ്’ നടപ്പാക്കാന്‍ ഒരുങ്ങി പോളണ്ടും. യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനാതത്വങ്ങളെ വെല്ലുവിളിക്കുകയാണ് പോളണ്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ വ്യാഴാഴ്ച പോളണ്ടിന്റെ ഭരണഘടനാ ട്രിബ്യൂണല്‍ യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനാ തത്വങ്ങള്‍ പോളണ്ടിന്റെ ചില നിയമപ്രശ്നങ്ങള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് വിധിച്ചിരുന്നു. പകരം പോളണ്ടിന്റെ ഭരണഘടനയായിരിക്കും യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനയേക്കാള്‍ ചില കാര്യങ്ങളില്‍ മുകളില്‍ നില്‍ക്കുകയെന്നും വിധിച്ചിരുന്നു.

എന്നാല്‍, ഇതിനെ ശ്കതമായി നേരിടുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിവിക് പ്ലാറ്റ് ഫോമിന്റെ നേതാവ് ഡൊണാള്‍ഡ് ടസ്‌ക് ജനങ്ങളോട് ആഹ്വാനം ചെയ്തു. പിഐഎസ് എന്നറിയപ്പെടുന്ന ലോ ഓഫ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് ജറോസ്ലൊ കസിന്‍സ്‌കിയും പോളെക്സിറ്റിന്റെ ശക്തനായ വക്താവാണ്.

ഇതിലെ അപകടം മനസ്സിലാക്കിയ യൂറോപ്യന്‍ യൂണിയന്‍ പോളണ്ടിനെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ബ്രെക്സിറ്റ് പോലെ പോളണ്ട് പോളെക്സിറ്റ് നടപ്പാക്കി യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകുമെന്ന ഭയം ശക്തമായി. യൂറോപ്യന്‍ യൂണിയനിലെ അംഗത്വമെന്നത് നിയമപരമായ പ്രതിബദ്ധത കൂടിയാണെന്ന് ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും വിദേശകാര്യമന്ത്രിമാര്‍ പോളണ്ടിനെ താക്കീത് ചെയ്‌തെങ്കിലും പോളെക്‌സിറ്റ് വാദമുഖങ്ങള്‍ അവിടെ ശക്തമാവുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും യൂറോപ്യന്‍ യൂണിയന്റെ തലപ്പത്തുള്ള ഫ്രാന്‍സും ജര്‍മ്മനിയും പറഞ്ഞു.

2004മുതല്‍ യൂറോപ്യന്‍ യൂണിയനിലെ അംഗമാണ് പോളണ്ട്. യൂറോപ്യന്‍ യൂണിയനിലെ നിയമമായിരുന്നു പോളണ്ടിലെയും നിയമം. പോളണ്ടിലെ പ്രതിപക്ഷ പാര്‍ട്ടികളാണ് പോളെക്സിറ്റ് നടപ്പാക്കി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കണമെന്ന വാദം ശക്തമായി ഉന്നയിക്കുന്നത്. അതേസമയം പോളണ്ടിലെ പ്രധാനമന്ത്രി മത്യൂസ് മൊറവിക്കി യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന വാദക്കാരനാണ്.