International (Page 179)

ന്യൂഡൽഹി: അതിർത്തിയിൽ ചൈനയെ തുരത്താൻ ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ളത് വൈവിധ്യമായ ആയുധങ്ങൾ. പരമശിവന്റെ ത്രിശൂലം പോലെയുള്ള പരമ്പരാഗത ഇന്ത്യൻ ആയുധങ്ങളും സൈന്യത്തിന്റെ പക്കലുണ്ട്. ഇവയിൽ നോയ്ഡ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ അപെസ്‌ട്രോൺ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ആയുധങ്ങൾ നിർമ്മിച്ച് നൽകിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാൽവൻ ഏറ്റുമുട്ടലിന് ശേഷം ചൈനക്കാരെ നേരിടാൻ ആവശ്യമായ ഉപകരണങ്ങൾ നൽകാൻ ഇന്ത്യൻ സുരക്ഷാ സേന അവരെ ചുമതലപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കിയതായാണ് വിവരം.

മാരകമല്ലാത്ത ആയുധങ്ങളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമശിവന്റെ ‘ത്രിശൂൽ’ പോലെയുള്ള ഒരു പരമ്പരാഗത ഇന്ത്യൻ ആയുധങ്ങളാണ് ഇവ. ഗാൾവാൻ പോരാട്ടത്തിൽ ചൈന നമ്മുടെ സൈനികർക്കെതിരെ വയർ സ്റ്റിക്കുകളും ടേസറുകളും ഉപയോഗിച്ചപ്പോൾ, ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് മാരകമല്ലാത്ത ഉപകരണങ്ങൾ വികസിപ്പിക്കേണ്ടിവന്നുവെന്ന് അപെസ്‌ട്രോൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ (സി.ടി.ഒ) മോഹിത് കുമാർ പറഞ്ഞു.

ഇന്ത്യൻ സുരക്ഷാ സേനയ്ക്കായി ഞങ്ങളുടെ പരമ്പരാഗത ആയുധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമാനമായ ടേസറുകളും മാരകമല്ലാത്ത ഉപകരണങ്ങളും ഞങ്ങൾ വികസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ബാറ്ററിയുടെ സഹായത്തോടെയാണ് കമ്പനി നിർമിച്ച ത്രിശൂൽ പ്രവർത്തിക്കുന്നത്. വൈദ്യുത പ്രവാഹ സംവിധാനവും ഈ ആയുധത്തിനുണ്ട്. ആയുധം പ്രവർത്തിക്കുന്നതിന് പ്രത്യേക പരിശീലനം നൽകും.

ശത്രുക്കൾക്ക് ശക്തമായ പ്രഹരമേൽപ്പിക്കാൻ വൈദ്യുത പ്രവാഹം പുറപ്പെടുവിക്കുന്ന ഒരു ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലോഹ സ്റ്റിക്ക് ആണ് വജ്ര. മുൻവശത്തെ ലോഹ സ്‌പൈക്കുകൾ ശത്രുവിന്റെ വാഹനങ്ങൾ പഞ്ചറാക്കാൻ ഉപയോഗിക്കാൻ കഴിയും. ഏതൊരു ശത്രുവിനെയും കുറച്ചുകാലം അബോധാവസ്ഥയിലാക്കാനുള്ള ശേഷിയും ആയുധത്തിനുണ്ട്. സപ്പർ പഞ്ച് എന്നപേരിൽ വൈദ്യുത പ്രവാഹം പുറപ്പെടുവിക്കുന്ന കൈയ്യുറകളും കമ്പനി ഇന്ത്യൻ സൈന്യത്തിനായി വികസിപ്പിച്ചിട്ടുണ്ട്. ശത്രുക്കളെ തുരത്താൻ ഉപയോഗപ്രദമായ പോരാട്ടത്തിനുള്ള ആയുധമാണിത്. ഇത് എട്ട് മണിക്കൂർ വരെ ചാർജ് നിൽക്കുന്നവയും വാട്ടർപ്രൂഫുമാണ്. പൂജ്യം മുതൽ 30 വരെ താപനിലയിൽ ഇവ പ്രവർത്തിക്കും. ദണ്ഡ് എന്നപേരിൽ ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് സ്റ്റിക്കും ബന്ദ്ര എന്നപേരിൽ കവചവും കമ്പനി ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

കാലിഫോര്‍ണിയ: അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്ന് വാട്ട്‌സാപ്പ്. താലിബാന്‍ അമേരിക്ക നിരോധനമേര്‍പ്പെടുത്തിയ തീവ്രവാദ സംഘടനയായതിനാല്‍ വാട്‌സാപ്പിന്റെ ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം.

താലിബാന്‍ അവരുടെ ഭരണാവശ്യങ്ങള്‍ക്കായി തങ്ങളുടെ സേവനം ഉപയോഗിക്കുന്നത് വിലക്കാനാണ് തീരുമാനമെന്നും, ഇതിന്റെ ഭാഗമായി അക്രമവും കൊള്ളയും സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി താലിബാന്‍ സ്ഥാപിച്ച ഒരുവാട്ട്‌സാപ്പ് ഹോട്ട്ലൈന്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. താലിബാന്റെ ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകള്‍ വാട്ട്‌സാപ്പ് നിരോധിക്കുമെന്നും വാട്ട്‌സാപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് വ്യക്തമാക്കി.

മാത്രമല്ല, താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതോ പിന്തുണയ്ക്കുന്നതോ അവരെ പ്രതിനിധീകരിക്കുന്നതോ ആയ അക്കൗണ്ടുകള്‍ ഇതില്‍ പെടും. അഫ്ഗാനിസ്ഥാനിലെ ജനജീവിതം തന്നെ ദുസ്സഹമാക്കുകയും രാജ്യത്ത് യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് താലിബാന്‍ രാജ്യത്തിന്റെ ഭരണനിയന്ത്രണം ഏറ്റെടുത്തത്. താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍ക്ക് മേല്‍ ആഗോള തലത്തില്‍ സമ്മര്‍ദമുണ്ടായിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഫേസ്ബുക്ക് പറഞ്ഞു.

അതേസമയം ഇത് അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയാണ് എന്ന് താലിബാന്‍ വക്താവ് വിമര്‍ശിച്ചു. ഒരു വാര്‍ത്താ സമ്മേളനത്തിനിടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് പ്രതിനിധി ഫേസ്ബുക്കിനെ വിമര്‍ശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവര്‍ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു.

നിവിന്‍ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം’ ആയിരിക്കും ഹോട്ട്സ്റ്റാറിലൂടെ വേള്‍ഡ് പ്രീമിയര്‍ നടത്തുന്ന ആദ്യ മലയാള ചിത്രം. സിനിമയുടെ പോസ്റ്റര്‍ റിലീസായിട്ടുണ്ട്.

ആന്‌ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്ഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന് പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്ട്ട് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന് പോളിയുടെ പോളി ജൂനിയര് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ കനകം കാമിനി കലഹം’.

‘ ഇതൊരു എന്റെര്‌ടെയിനറാണെന്നാണ് രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള് എനിക്ക് തോന്നിയത് ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. കുടുംബപ്രേക്ഷകര്ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്മമുഹൂര്ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര് കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന് കൊതിച്ച എന്റെര്‍ടെയിനറായിരിക്കും ക.കാ.ക.’ നിവിന് പോളി പറഞ്ഞു.

സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈന്‍-ശ്രീജിത്ത് ശ്രീനിവാസന്‍, മ്യൂസിക്-യാക്‌സന്‍ ഗാരി പെരേര,നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്-മെല്‍വി.ജെ, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നാണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കനത്ത മഴയിലും ഉരുൾപൊട്ടലിലും നിരവധിപേർ മരിക്കാനിടയായതിൽ അദ്ദേഹം ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം വ്യക്തമാക്കി ദലൈലാമ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

നിങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നാശനഷ്ടം ബാധിച്ച എല്ലാവർക്കും അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവർക്ക് സഹായം നൽകാൻ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നുവെന്ന് ദലൈലാമ വ്യക്തമാക്കി. കേരളത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി വാഗ്ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ ദലൈലാമ പറഞ്ഞു.

അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 28 പേരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

ധാക്ക: നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച് ബംഗ്ലാദേശിലുണ്ടായ വർഗീയ സംഘർഷങ്ങൾ പിടിച്ചു കെട്ടാനാകാതെ സർക്കാർ. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദുക്കൾ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകൾ അക്രമകാരികൾ അഗ്നിക്കിരയാക്കി. രംഗ്പൂരിലാണ് കലാപമുണ്ടായത്. മേഖലയിലുള്ള ഒരു യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം വീടുകൾക്ക് നേരെ ആക്രമണം നടത്തിയത്.

സ്ഥലത്ത് പൊലീസ് ശക്തമായ ബന്തവസ് ഏർപ്പെടുത്തിയെങ്കിലും കലാപകാരികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. ആക്രമണങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.

ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിൽ പേരാണ് കൊല്ലപ്പെട്ടത്. ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കുമിലയിലെ ദുർഗാപൂജ പന്തലിലാണ് ആദ്യം ആക്രമണം ഉണ്ടായത്. ഈ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ കലാപം ഉടലെടുത്തത്. പിന്നീട് ഹാജിഗഞ്ചിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് അഞ്ഞൂറോളം വരുന്ന കലാപകാരികൾ തള്ളിക്കയറുകയും ഭക്തൻമാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഹജിഗഞ്ചിൽ ക്ഷേത്രം ആക്രമിക്കാനെത്തിയ 500 ഓളം പേർക്കെതിരെ പോലീസ് വെടിവെയ്പ്പും നടന്നിരുന്നു. അക്രമം വ്യാപിക്കുന്നത് തടയുന്നതിനായി പ്രദേശത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റംഗത്തെ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഡേവിഡ് അമെസ് (69) ആണ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കന്‍ ലണ്ടനില്‍ മണ്ഡലത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് ആക്രമണം നടന്നതെന്നും പല തവണ കുത്തേറ്റ ഡേവിഡ് ആമെസ് കൊല്ലപ്പെടുകയായിരുന്നുവെന്നും ബ്രിട്ടീഷ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 25 വയസുള്ള ഒരു ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു.

ഇയാളുടെ കൈയ്യില്‍ നിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തീവ്രവാദവിരുദ്ധ സേനയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ലമെന്റംഗങ്ങളുടെ സുരക്ഷ ഉടന്‍ തന്നെ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൗരത്വമുള്ള ഒരു സൊമാലി വംശജനാണ് അക്രമിയെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നത്. സംഭവത്തിനു തീവ്രവാദബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

കുത്തേറ്റ വിവരം ലഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി എസെക്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ബിജെ ഹാരിങ്ടണ്‍ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉള്‍പ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് കൊല്ലപ്പെട്ട ഡേവിഡ് അമേസ്. ലെ ഓണ്‍ സീ പട്ടണത്തിലെ ബെല്‍ഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയില്‍ വെച്ച് മണ്ഡലത്തിലെ ജനങ്ങളുമായി നടത്തുന്ന പ്രതിവാര ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ഡേവിഡ്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിവരം അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഡേവിഡ് ആമെസിനെ അക്രമി പല തവണ കുത്തിയെന്നാണ് മുന്‍ സൗത്തെന്‍ഡ് മേയറും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ജോണ്‍ ലാംപ് അറിയിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

1983 മുതല്‍ എംപിയായി തുടരുന്ന ഡേവിഡ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ പാര്‍ലമെന്റംഗം കൂടിയാണ്. 2016ല്‍ ലേബര്‍ പാര്‍ട്ടി എംപിയായ ജോ കോക്‌സ് വെസ്റ്റ് യോര്‍ക്ക് ഷൈറില്‍ വെച്ച് കാല്ലപ്പെട്ടതായിരുന്നു ഇതിനു മുന്‍പത്തെ സംഭവം.

വാഷിംഗ്ടൺ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക. വിദേശ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിലാണ് അമേരിക്ക ഇളവ് നൽകിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത യാത്രക്കാർക്ക് ഇനി രാജ്യത്ത് പ്രവേശനം അനുവദിക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. നവംബർ എട്ടു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക.

യാത്ര ചെയ്യുന്നതിന് മൂന്ന് ദിവസത്തിന് മുൻപ് കോവിഡ് പരിശോധന നടത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിലാണ് അമേരിക്ക വിദേശ യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ, ബ്രസീൽ, ചൈന, ബ്രിട്ടൻ, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു. കർശനമായ നിയന്ത്രണങ്ങൾ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ പോലും ബാധിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും സ്‌ഫോടനം. കാണ്ഡഹാറിലെ ഷിയ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 40 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെയാണ് ബിബി ഫാത്തിമ പള്ളിയിൽ സ്‌ഫോടനം ഉണ്ടായത്.

വെള്ളിയാഴ്ചത്തെ നമസ്‌കാര ചടങ്ങുകളിൽ വലിയതോതിൽ ജനങ്ങൾ പങ്കെടുത്തിരുന്നതായാണ് താലിബാൻ വക്താക്കൾ അറിയിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും താലിബാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അഫ്ഗാനിലെ കുൺഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിലും സ്‌ഫോടനം നടന്നിരുന്നു. 50 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു അബാദ് പള്ളിയിലേത്.

ധാക്ക: ക്ഷേത്രങ്ങൾ തകർത്തവരെ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ദുർഗ പൂജയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെയാണ് ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത്. കുമിലയിൽ ഉണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 22 ജില്ലകളിൽ അർധ സൈനികരെ വിന്യസിച്ചു.

കുമിലയിലെ അക്രമത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി. അക്രമികൾ ഏതു മതത്തിൽപ്പെട്ടവരായാലും പിടികൂടി ശിക്ഷിച്ചിരിക്കും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് സാങ്കേതികവിദ്യയുടെ യുഗമാണ്. കുറ്റകൃത്യത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ധാകേശ്വരി ദേശീയ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ദുർഗാപൂജാ ആശംസകളും പ്രധാനമന്ത്രി ജനങ്ങളോട് പങ്കുവെച്ചു.

ഒസ്ലോ: നോര്‍വേയില്‍ അഞ്ചു പേരെ അമ്പെയ്ത് കൊലപ്പെടുത്തി. പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്ക്. 37കാരനായ ഡാനിഷ് പൗരനെ പൊലീസ് അറസ്റ്റു ചെയ്‌തെന്നാണ് വിവരം.

കോങ്‌സ്‌ബെര്‍ഗ് നഗരത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ഭീകരവാദ സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

ഒരു കയ്യില്‍ അമ്പും ചുമലില്‍ തൂക്കിയിട്ട ആവനാഴിയില്‍ നിറയെ വില്ലുമായാണ് അയാള്‍ എത്തിയത്. പെട്ടെന്ന് ആളുകള്‍ ജീവനുംകൊണ്ട് ഓടുന്നതാണു കണ്ടത്. അതില്‍ കുഞ്ഞുമായി ഓടുന്ന അമ്മയും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.

രാജ്യത്തെ നടുക്കിയ സംഭവമാണ് നടന്നതെന്ന് പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗ് അറിയിച്ചു. പ്രശ്‌നങ്ങള്‍ മാറുംവരെ എല്ലാവരും വീടുകളില്‍ തുടരണമെന്നു സര്‍ക്കാര്‍ അറിയിച്ചു.