പൊതുപരിപാടിക്കിടെ ബ്രിട്ടീഷ് പാര്‍ലമെന്റംഗത്തെ കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റംഗത്തെ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഡേവിഡ് അമെസ് (69) ആണ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കന്‍ ലണ്ടനില്‍ മണ്ഡലത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് ആക്രമണം നടന്നതെന്നും പല തവണ കുത്തേറ്റ ഡേവിഡ് ആമെസ് കൊല്ലപ്പെടുകയായിരുന്നുവെന്നും ബ്രിട്ടീഷ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 25 വയസുള്ള ഒരു ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു.

ഇയാളുടെ കൈയ്യില്‍ നിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തീവ്രവാദവിരുദ്ധ സേനയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ലമെന്റംഗങ്ങളുടെ സുരക്ഷ ഉടന്‍ തന്നെ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൗരത്വമുള്ള ഒരു സൊമാലി വംശജനാണ് അക്രമിയെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നത്. സംഭവത്തിനു തീവ്രവാദബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

കുത്തേറ്റ വിവരം ലഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി എസെക്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ബിജെ ഹാരിങ്ടണ്‍ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉള്‍പ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് കൊല്ലപ്പെട്ട ഡേവിഡ് അമേസ്. ലെ ഓണ്‍ സീ പട്ടണത്തിലെ ബെല്‍ഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയില്‍ വെച്ച് മണ്ഡലത്തിലെ ജനങ്ങളുമായി നടത്തുന്ന പ്രതിവാര ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ഡേവിഡ്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിവരം അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഡേവിഡ് ആമെസിനെ അക്രമി പല തവണ കുത്തിയെന്നാണ് മുന്‍ സൗത്തെന്‍ഡ് മേയറും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ജോണ്‍ ലാംപ് അറിയിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

1983 മുതല്‍ എംപിയായി തുടരുന്ന ഡേവിഡ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ പാര്‍ലമെന്റംഗം കൂടിയാണ്. 2016ല്‍ ലേബര്‍ പാര്‍ട്ടി എംപിയായ ജോ കോക്‌സ് വെസ്റ്റ് യോര്‍ക്ക് ഷൈറില്‍ വെച്ച് കാല്ലപ്പെട്ടതായിരുന്നു ഇതിനു മുന്‍പത്തെ സംഭവം.