ന്യൂഡൽഹി: അതിർത്തിയിൽ ചൈനയെ തുരത്താൻ ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ളത് വൈവിധ്യമായ ആയുധങ്ങൾ. പരമശിവന്റെ ത്രിശൂലം പോലെയുള്ള പരമ്പരാഗത ഇന്ത്യൻ ആയുധങ്ങളും സൈന്യത്തിന്റെ പക്കലുണ്ട്. ഇവയിൽ നോയ്ഡ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ അപെസ്‌ട്രോൺ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ആയുധങ്ങൾ നിർമ്മിച്ച് നൽകിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാൽവൻ ഏറ്റുമുട്ടലിന് ശേഷം ചൈനക്കാരെ നേരിടാൻ ആവശ്യമായ ഉപകരണങ്ങൾ നൽകാൻ ഇന്ത്യൻ സുരക്ഷാ സേന അവരെ ചുമതലപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കിയതായാണ് വിവരം.
മാരകമല്ലാത്ത ആയുധങ്ങളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമശിവന്റെ ‘ത്രിശൂൽ’ പോലെയുള്ള ഒരു പരമ്പരാഗത ഇന്ത്യൻ ആയുധങ്ങളാണ് ഇവ. ഗാൾവാൻ പോരാട്ടത്തിൽ ചൈന നമ്മുടെ സൈനികർക്കെതിരെ വയർ സ്റ്റിക്കുകളും ടേസറുകളും ഉപയോഗിച്ചപ്പോൾ, ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് മാരകമല്ലാത്ത ഉപകരണങ്ങൾ വികസിപ്പിക്കേണ്ടിവന്നുവെന്ന് അപെസ്‌ട്രോൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ (സി.ടി.ഒ) മോഹിത് കുമാർ പറഞ്ഞു.
ഇന്ത്യൻ സുരക്ഷാ സേനയ്ക്കായി ഞങ്ങളുടെ പരമ്പരാഗത ആയുധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമാനമായ ടേസറുകളും മാരകമല്ലാത്ത ഉപകരണങ്ങളും ഞങ്ങൾ വികസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ബാറ്ററിയുടെ സഹായത്തോടെയാണ് കമ്പനി നിർമിച്ച ത്രിശൂൽ പ്രവർത്തിക്കുന്നത്. വൈദ്യുത പ്രവാഹ സംവിധാനവും ഈ ആയുധത്തിനുണ്ട്. ആയുധം പ്രവർത്തിക്കുന്നതിന് പ്രത്യേക പരിശീലനം നൽകും.
ശത്രുക്കൾക്ക് ശക്തമായ പ്രഹരമേൽപ്പിക്കാൻ വൈദ്യുത പ്രവാഹം പുറപ്പെടുവിക്കുന്ന ഒരു ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലോഹ സ്റ്റിക്ക് ആണ് വജ്ര. മുൻവശത്തെ ലോഹ സ്‌പൈക്കുകൾ ശത്രുവിന്റെ വാഹനങ്ങൾ പഞ്ചറാക്കാൻ ഉപയോഗിക്കാൻ കഴിയും. ഏതൊരു ശത്രുവിനെയും കുറച്ചുകാലം അബോധാവസ്ഥയിലാക്കാനുള്ള ശേഷിയും ആയുധത്തിനുണ്ട്. സപ്പർ പഞ്ച് എന്നപേരിൽ വൈദ്യുത പ്രവാഹം പുറപ്പെടുവിക്കുന്ന കൈയ്യുറകളും കമ്പനി ഇന്ത്യൻ സൈന്യത്തിനായി വികസിപ്പിച്ചിട്ടുണ്ട്. ശത്രുക്കളെ തുരത്താൻ ഉപയോഗപ്രദമായ പോരാട്ടത്തിനുള്ള ആയുധമാണിത്. ഇത് എട്ട് മണിക്കൂർ വരെ ചാർജ് നിൽക്കുന്നവയും വാട്ടർപ്രൂഫുമാണ്. പൂജ്യം മുതൽ 30 വരെ താപനിലയിൽ ഇവ പ്രവർത്തിക്കും. ദണ്ഡ് എന്നപേരിൽ ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് സ്റ്റിക്കും ബന്ദ്ര എന്നപേരിൽ കവചവും കമ്പനി ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

