ന്യൂഡൽഹി: യുക്രൈൻ നഗരമായ സുമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള വിമാനങ്ങൾ തയ്യാറെടുക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സുമിയിൽ നിന്ന് എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും ഒഴിപ്പിക്കാൻ കഴിഞ്ഞുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാർത്ഥികൾ നിലവിൽ പോൾട്ടാവയിലേക്കുള്ള യാത്രയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോൾട്ടാവയിലേക്ക് എത്തിയ ശേഷം വിദ്യാർത്ഥികൾ അവിടെ നിന്ന് പടിഞ്ഞാറൻ യുക്രൈനിലേക്കുള്ള ട്രെയിനുകളിൽ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള വിമാനങ്ങൾ തയ്യാറെടുക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സുമിയിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കി എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

