യുക്രൈനും റഷ്യയും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്. നിലവിലെ റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോള ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്നും ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ അത് വിനാശകരമായി ബാധിക്കുമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്ലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഇതിനകം തന്നെ വിള ഉല്‍പാദനത്തെ ബാധിക്കുകയും, വില വര്‍ധനവിന് കാരണമാവുകയും ചെയ്തു. ലോകത്തിലാകെ തന്നെ ഇത് കൂടുതല്‍ പേരെ പട്ടിണിയിലേക്ക് തള്ളിവിടും- ബീസ്‌ലി ചൂണ്ടിക്കാട്ടി.
‘യൂറോപ്പിന്റെ ബ്രെഡ്ബാസ്‌ക്കറ്റ്’ എന്നാണ് ഇരുരാജ്യങ്ങളും വിളിക്കപ്പെട്ടിരുന്നത്. റഷ്യയും യുക്രൈനും, ലോകത്തിലെ ഗോതമ്പിന്റെ നാലിലൊന്ന് ഭാഗവും, വിത്തും എണ്ണയും പോലുള്ള സണ്‍ഫ്‌ലവര്‍ ഉല്‍പ്പന്നങ്ങളുടെ പകുതിയും കയറ്റുമതി ചെയ്യുന്നുണ്ട്. യുക്രൈന്‍ ആഗോളതലത്തില്‍ ധാരാളം ധാന്യവും വില്‍ക്കുന്നുണ്ട്. എന്നാല്‍, നിലവിലെ സംഘര്‍ഷം ധാന്യങ്ങളുടെ ഉല്‍പാദനത്തെ ബാധിക്കുമെന്നും ആഗോളതലത്തില്‍ തന്നെ ഗോതമ്പ് വില ഇരട്ടിയാക്കുമെന്നും വിശകലന വിദഗ്ദര്‍ വ്യക്തമാക്കി.
‘യുദ്ധത്തിന് മുമ്പ് തന്നെ കൊറോണ വൈറസും കാലാവസ്ഥാ വ്യതിയാനവും മറ്റും ഇതിനെല്ലാം കാരണമായിത്തീര്‍ന്നിട്ടുണ്ട്. ലെബനന്‍ അവരുടെ ധാന്യങ്ങള്‍ 50% -വും കൊടുക്കുന്നതും വാങ്ങുന്നതും യുക്രൈനില്‍ നിന്നാണ്. യെമന്‍, സിറിയ, ടുണീഷ്യ എന്നീ രാജ്യങ്ങളും ഇതുപോലെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍, ബ്രെഡ് ബാസ്‌ക്കറ്റ് എന്ന നിലയില്‍ നിന്നും മാറി യുദ്ധം കാരണം രാജ്യങ്ങള്‍ ലോകത്തിന് നല്‍കാന്‍ പോകുന്നത് പട്ടിണിയാണ്’- ബീസ്‌ലി മുന്നറിയിപ്പ് നല്‍കുന്നു.

