ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് യുഎന്‍ രക്ഷാ സമിതിയുടെ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രയ്ക്കുള്ള മാര്‍ഗം ഒരുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘റഷ്യയോടും യുക്രൈനിനോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സുമിയില്‍ കുടുങ്ങിയ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ഇടനാഴി യാഥാര്‍ഥ്യമാകാത്തതില്‍ ഇന്ത്യയ്ക്ക് വളരെയധികം ആശങ്കയുണ്ട്. സംഘര്‍ഷം എത്രയുംവേഗം അവസാനിപ്പിക്കാന്‍ ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇരുവിഭാഗത്തിന്റെയും നേതൃത്വവുമായി സംസാരിക്കുകയും അടിയന്തര വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഇന്ത്യയുടെ ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്തു.’- ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.
ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിച്ചതായും അദ്ദേഹം യു.എന്‍ രക്ഷാ കൗണ്‍സിലിനെ അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടിക്കു സഹായം തേടിയ മറ്റു രാജ്യങ്ങളെയും സഹായിച്ചു. ഇതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

