ബ്രഹ്മോസ് പരീക്ഷിച്ച് ഇന്ത്യന്‍ നാവികസേന

കടലില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവികസേന. തിങ്കളാഴ്ച രാവിലെയാണ് പരീക്ഷണം നടന്നത്. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ ലാന്‍ഡ് അറ്റാക്ക് പതിപ്പാണ് നാവികസേന പരീക്ഷിച്ചത്. കടലില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലെ ജനവാസമില്ലാത്ത ദ്വീപിലേക്കാണ് മിസൈല്‍ തൊടുത്തതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലും ബ്രഹ്മോസ് തന്നെ. ഖത്തര്‍, യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലകളില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫിലിപ്പൈന്‍സ് സൈന്യത്തിന്റെ ആദ്യത്തെ ലാന്‍ഡ് ബേസ്ഡ് മിസൈല്‍ സിസ്റ്റം ബാറ്ററി ഇന്ത്യയുടെ ബ്രഹ്മോസുമായി സജ്ജമാക്കാന്‍ മനില ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്‌കരിച്ച് തയാറാക്കുകയായിരുന്നു. വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണു ബ്രഹ്മോസ്‌സുഖോയ് സംയോജനത്തിന്റെ ഗുണം. മണിക്കൂറില്‍ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാം. 290 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണമായും തകര്‍ക്കാനും കഴിയും.

ബ്രഹ്മോസ് ഒറ്റനോട്ടത്തില്‍

  1. ഡിആര്‍ഡിഒയും (ഇന്ത്യ) എന്‍പിഒഎമ്മും (റഷ്യ) ചേര്‍ന്ന് ബ്രഹ്മോസ് ഏറോസ്‌പേസ് സ്ഥാപിച്ചു.
  2. 1998 ഫെബ്രുവരിയില്‍ ബ്രഹ്മോസ് ഏറോസ്‌പേസ് സ്ഥാപിച്ചു.
  3. ബ്രഹ്മപുത്ര, മോസ്‌ക്വ നദികളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ബ്രഹ്മോസ് പേരുവന്നത്.
  4. കര, വായു, കപ്പല്‍, മുങ്ങിക്കപ്പല്‍ എന്നിവിടങ്ങളില്‍ നിന്നു വിക്ഷേപിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍. ( മാക് 3 യാണ് വേഗം)
  5. ബ്രഹ്മോസിന്റെ ഫ്‌ലൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്.
  6. 200 മുതല്‍ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാന്‍ ബ്രഹ്മോസിനു കഴിയും.
  7. ബ്രഹ്മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ല്‍ ഐഎന്‍എസ് രജപുതില്‍ നിന്ന്.
  8. 2007ല്‍ കരയില്‍ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.
  9. വെള്ളത്തിനടിയില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയും.
  10. 2015 ല്‍ കടലില്‍ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു.
  11. 2017ല്‍ അത്യാധുനിക പോര്‍വിമാനം സുഖോയ്-30 യില്‍ നിന്നും ബ്രഹ്മോസ് പരീക്ഷിച്ചു.
  12. ബ്രഹ്മോസ് ഹൈപ്പര്‍സോണിക് പതിപ്പിന്റെ പുതിയ പരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് ഇന്ത്യയും റഷ്യയും.