കീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് പാകിസ്താൻ വിദ്യാർത്ഥിനി. യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും തന്നെ രക്ഷിച്ചതിനാണ് വിദ്യാർത്ഥിനി പ്രധാനമന്ത്രിയ്ക്കും ഇന്ത്യൻ എംബസിയ്ക്കും നന്ദി അറിയിച്ചത്. പാകിസ്താൻ സ്വദേശിനിയായ അസ്മ ഷഫീഖാണ് ഇന്ത്യൻ സർക്കാരിന് നന്ദി രേഖപ്പെടുത്തിയത്. അസ്മ ഇന്ത്യൻ സർക്കാരിന് നന്ദി അറിയിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
ഇത്തരമൊരു സാഹചര്യത്തിലും യുക്രൈനിൽ നിന്നും തങ്ങളെ രക്ഷപ്പെടുത്താൻ തയ്യാറായ കീവിലെ ഇന്ത്യൻ എംബസിക്ക് നന്ദി അറിയിക്കുന്നുവെന്ന് വീഡിയോയിൽ അസ്മ ഷഫീഖ് പറയുന്നു. റഷ്യൻ ആക്രമണത്തിനിടയിൽ യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥി സംഘത്തിലുണ്ടായിരുന്ന അസ്മയെ ഇന്ത്യൻ എംബസിയാണ് രക്ഷപ്പെടാൻ സഹായിച്ചത്.
അതേസമയം, ഇമ്രാൻ ഖാൻ സർക്കാരിനെതിരെ വിമർശനവുമായി യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ സഹായത്താൽ രക്ഷപ്പെട്ട പാകിസ്താനി വിദ്യാർത്ഥിനി രംഗത്തെത്തിയിരുന്നു. യുക്രൈനിലെ നാഷണൽ എയറോസ്‌പേസ് സർവകലാശാലാ വിദ്യാർഥിനി മിഷാ അർഷാദാണ് ഇമ്രാൻ സർക്കാരിനെതിരെയും പാക് എംബസിയ്ക്കെതിരെയും വിമർശനവുമായി രംഗത്തെത്തിയത്. യുക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങിയിട്ടും അവിടെക്കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താൻ പാക് എംബസി അധികൃതർ ഒന്നും ചെയ്തില്ലെന്നായിരുന്നു മിഷാ അർഷാദിന്റെ ആരോപണം.
ഇന്ത്യൻ എംബസിയാണ് യുക്രൈൻ യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത്. വിദ്യാർഥികൾക്ക് വേണ്ടി ഇന്ത്യൻ എംബസി തയ്യാറാക്കിയ ബസിൽ കയറാൻ എംബസി അധികൃതർ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറൻ യുക്രൈനിലെ ടെർണോപിൽ നഗരത്തിലെത്തിയതെന്നും മിഷ വ്യക്തമാക്കി. ഇന്ത്യൻ വിദ്യാർഥികളാൽ നിറഞ്ഞ ബസിലെ ഏക പാകിസ്താനി സ്വദേശി മിഷ ആയിരുന്നു. തങ്ങളാണ് പാകിസ്താന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് തങ്ങളോട് പാകിസ്താൻ പെരുമാറുന്നതെന്നും മിഷ പറഞ്ഞിരുന്നു.

