International (Page 13)

മാലെ: മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പറത്താൻ കഴിവുള്ള ആരും മാലദ്വീപ് ദേശീയ പ്രതിരോധ സേനയിൽ ഇല്ലെന്ന് മന്ത്രി അറിയിച്ചത്.

ഇന്ത്യൻ സൈനികരുടെ കീഴിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാലദ്വീപ് പ്രസിഡന്റായി ചൈന അനുകൂലിയായ മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായത്.

76 ഇന്ത്യൻ സൈനികർ മേയ് പത്തിനകം മാലദ്വീപ് വിടണമെന്നായിരുന്നു മുയിസു നൽകിയിരുന്ന നിർദ്ദേശം. ഇതോടെ ഇന്ത്യ സൈനികരെ തിരിച്ചുവിളിച്ചു. മാലദ്വീപിലെ സൈനികരെ പരിശീലിപ്പിക്കുന്നതിനായാണ് ഇന്ത്യൻ സൈനികർ അവിടേക്കെത്തിയത്. മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുള്ള യമീൻ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യ മാലദ്വീപിന് ഹെലികോപ്റ്ററുകൾ നൽകിയത്.

ടോക്കിയോ: ജപ്പാനിൽ പാലസ്തീൻ അനുകൂല പ്രതിഷേധം. തലസ്ഥാന നഗരമായ ടോക്കിയോയിലാണ് പാലസ്തീൻ അനുകൂല പ്രതിഷേധം നടന്നത്. വെടിനിർത്തൽ ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ട്രീറ്റിൽ ആയിരുന്നു പ്രതിഷേധം.

ഇസ്രായേലിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുള്ള ഈ പ്രതിഷേധത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഇസ്രായേലിനെ ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്തുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിൽ ഉയർന്നു. ഇസ്രയേൽ റാഫയിൽ നടത്തുന്ന വ്യോമക്രമണങ്ങളെ പ്രതിഷേധ റാലി ശക്തമായി അപലപിച്ചു. ടോക്കിയോയിലെ പ്രധാന ട്രാൻസ്പോർട്ടേഷൻ ഹബ്ബിന് സമീപത്താണ് ഈ പ്രതിഷേധ റാലി അവസാനിച്ചത്.

അതേസമയം ജപ്പാനിലെ പ്രധാന സർവകലാശാലകളിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധം നടന്നിരുന്നു. ടോക്കിയോ സർവകലാശാലയിലും മസീദ സർവ്വകലാശാലയിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ളതായിരുന്നു ഈ പ്രതിഷേധങ്ങൾ.

അതേസമയം നേരത്തെ അമേരിക്കയിലെയും യൂറോപ്പിലെയും വിവിധ സർവകലാശാലകളിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പേർ അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. ഇതിനിടെ റഫയിൽ നിന്ന് കൂടുതൽ പേരോട് ഒഴിയാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പും ഇസ്രായേൽ നൽകുന്നുണ്ട്.

ബ്രസീൽ: ബ്രസീലിൽ കനത്ത മഴ. ശക്തമായ മഴയെ തുടർന്ന് പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും അനുഭവപ്പെടുന്നുണ്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രസീലിലെ വീടുകളും പാലങ്ങളും കനത്ത മഴയിൽ തകർന്നടിഞ്ഞു. ജനങ്ങൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായുള്ള തെരച്ചിലുകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രസീലിന്റെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡെ സുളിലാണ്. ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് ഉറുഗ്വ- അർജന്റീന അതിർത്തിയിലാണ്. ഏപ്രിൽ 29 മുതൽ അതിശക്തമായ മഴയാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്.

ശക്തമായ മഴയിൽ ജലനിരപ്പ് കുതിച്ചുയരുന്നത് അണക്കെട്ടുകൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പോർട്ടോ അലൈഗ്രെ നഗരം ഇക്കാര്യത്തിൽ വലിയ ആശങ്കയിലാണ്. ചരിത്രത്തിൽ ഏറ്റവും മോശപ്പെട്ട ദുരന്തമാണ് ഇപ്പോൾ ബ്രസീൽ നേരിടുന്നതെന്നാണ് ഗവർണർ എഡ്വാർഡോ ലെയിറ്റ് വ്യക്തമാക്കിയിരിക്കുന്നത്. പ്രദേശത്ത് അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

497 നഗരങ്ങളിൽ പ്രളയം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ബ്രസീലിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോൾ വെള്ളത്തിനടിയിലാണ്. പല റോഡുകളും തകർന്നടിഞ്ഞു. പല വിമാനത്താവളങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയും ഉണ്ടായി. പലസ്ഥലങ്ങളിലും ശുദ്ധജലമോ വൈദ്യുതിയോ ഇപ്പോഴും ലഭിക്കുന്നില്ല. പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

മോസ്‌കോ: ഇന്ത്യക്കെതിരെയുള്ള യു എസ് ആരോപണം തള്ളി റഷ്യ. ഖലിസ്താൻ വിഘടനവാദി ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ നടന്ന ഗൂഢാലോചനയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന യുഎസിന്റെ ആരോപണമാണ് റഷ്യ തള്ളിയത്. ഇന്ത്യയുടെ പങ്ക് വ്യക്തമാക്കാനുതകുന്ന വസ്തുതാപരമായ തെളിവുകൾ നൽകാൻ യു എസിന് സാധിച്ചിട്ടില്ലെന്ന് റഷ്യ അറിയിച്ചു. ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ പൗരർക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന വിശ്വസനീയമായ തെളിവുകൾ യു എസ് നൽകിയിട്ടില്ലെന്നാണ് തങ്ങൾക്ക് ലഭ്യമായ വിവരമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

ഊഹോപോഹങ്ങൾ നിഴലിക്കുന്നതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ അസ്വീകാര്യമാണെന്നാണ് റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖറോവ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ വികസനത്തിന്റെ പൊതുവായ സാംസ്‌കാരിക മനോഭാവത്തേയും ചരിത്രപരമായ പശ്ചാത്തലത്തേയും കുറിച്ച് യു എസിനുള്ള പരിമിതമായ അറിവും ഇന്ത്യയെന്ന രാഷ്ട്രത്തോടുള്ള അവഹേളനവുമാണ് ഇത് പ്രകടമാക്കുന്നതെന്നും മരിയ സഖറോവ അറിയിച്ചു.

ഇന്ത്യയ്ക്കെതിരേ മതസ്വാതന്ത്ര്യം ലംഘിക്കുന്നുവെന്നതുൾപ്പെടെ നിരവധി ആരോപണങ്ങൾ യു.എസ്. നിരന്തരം ആരോപിക്കുന്നു. യു.എസിന്റെ ഭാഗത്തു നിന്നുള്ള തെറ്റിധാരണയുടെ പ്രതിഫലനമാണത്. മാത്രമല്ല, യു.എസ്. പുലർത്തുന്ന നിയോ കൊളോണിയൽ മനഃസ്ഥിതിയിൽ നിന്നാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുണ്ടാകുന്നത്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സന്ദർഭത്തിൽ ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയസ്ഥിതിയെ താളംതെറ്റിക്കുക എന്നതാണ് യു.എസിന്റെ ലക്ഷ്യമെന്നും ഇവർ വിശദീകരിച്ചു.

ന്യൂയോർക്ക്: സുനിത വില്യംസും ബഹിരാകാശ ഗവേഷകൻ ബാരി വിൽമോറും അടങ്ങുന്ന രണ്ടംഗസംഘത്തിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐ.എസ്.എസ്) യാത്ര മാറ്റിവെച്ചു. സാങ്കേതികത്തകരാറിനെ തുടർന്നാണ് നടപടി. റോക്കറ്റിലെ ഒരു വാൽവിന് തകരാറ് കണ്ടെത്തിയതോടെയാണ് യാത്ര മാറ്റിവെച്ചതെന്ന് അധികൃതർ അറിയിച്ചു. ലൈവ് വെബ്കാസ്റ്റിനിടെ യാത്ര മാറ്റിവെച്ച കാര്യം നാസ അറിയിക്കുകയായിരുന്നു.

മേയ് ഏഴിന് ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽ നിന്ന് സ്റ്റാർലൈനർ വിക്ഷേപിക്കാനായിരുന്നു തീരുമാനം. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങൾക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം. ഐ.എസ്.എസിലേക്ക് ബഹിരാകാശ ഗവേഷകരെ എത്തിക്കുന്നതിനും തിരകെയെത്തിക്കുന്നതിനും നാസ തിരഞ്ഞെടുത്ത രണ്ട് സ്വകാര്യ കമ്പനികളിലൊന്നായ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിലാണ് സുനിത വില്യംസും വിൽമോറും പറക്കാനിരുന്നത്.

വിക്ഷേപണം ചൊവ്വാഴ്ച രാത്രി നടത്താനാണ് പുതുതായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ നാസയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി നിർത്തിവെച്ചു. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടേ പേരിലാണ് തുർക്കി ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ഗാസയിൽ പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിയാണ് തുർക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.

ഗാസയിലേക്കുള്ള സഹായം എത്തുക്കുന്നതിൽ തടസം നീക്കാത്ത അത്രയും കാലത്തേക്കാണ് ഇസ്രയേലുമായുള്ള വ്യാപാര ബന്ധം തുർക്കി നിർത്തി വച്ചിട്ടുള്ളത്. 7 ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 58352,36,40,000 രൂപ) വ്യാപാരമാണ് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്.

തുർക്കി പ്രസിഡന്റ് ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നാണ് നടപടിയെ ഇസ്രയേലിന്റെ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്. തുർക്കിയിലെ ജനങ്ങളുടേയും വ്യാപാരികളുടേയും താൽപര്യങ്ങളെ മുൻനിർത്തിയല്ല തുർക്കി പ്രസിഡന്റ് എർദോഗന്റെ നിലപാടെന്നും രാജ്യാന്തര ധാരണകളെ അവഗണിക്കുന്നതാണ് എർദോഗന്റെ നിലപാടെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി അറിയിച്ചു.

ടെൽഅവീവ്: ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇസ്രയേൽ സർക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഇക്കാര്യം തീരുമാനിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ചാനൽ എന്നാണ് അൽജസീറക്കെതിരെയുള്ള വാദം. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ ചാനലിന് വിലക്കേർപ്പെടുത്താൻ വോട്ടെടുപ്പ് നടന്നിരുന്നു.

ഇസ്രയേലിൽ അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കാൻ എന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകകണ്ഠമായി തീരുമാനിച്ചുവെന്ന് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അതേസമയം, വിലക്ക് എപ്പോൾ പ്രാബല്യത്തിൽ വരും എന്നോ താൽക്കാലിക വിലക്കാണോയെന്ന കാര്യം വ്യക്തമല്ല. അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അൽജസീറ ചാനൽ ഇസ്ലാമിക ഭീകരവാദത്തിന്റെ മുഖമാണെന്നായിരുന്നു ഇസ്രയേൽ ഉന്നയിച്ച ആരോപണം. തങ്ങൾക്കെതിരെ ആയിരക്കണക്കിന് നുണക്കഥകളാണ് അൽജസീറ ഉണ്ടാക്കിയതെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു. ജനം തെരുവിൽ മരിച്ചുവീഴുമ്പോൾ ആഹ്ലാദത്തോടെയാണ് അൽജസീറയിൽ വാർത്തകൾ വന്നതെന്നും ഇസ്രയേൽ പറഞ്ഞിരുന്നു.

ടെഹ്റാൻ: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മലയാളികൾ ഉൾപ്പെടെ എല്ലാ ജീവനക്കാരെയുമാണ് വിട്ടയച്ചിരിക്കുന്നത്. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാൻ വ്യക്തമാക്കി..

16 ഇന്ത്യക്കാരുൾപ്പെടെ 24 ജീവനക്കാരെയാണു വിട്ടയച്ചത്. ഏപ്രിൽ 18ന് മലയാളി ആൻ ടെസ ജോസഫിനെ മോചിപ്പിച്ചിരുന്നു. കപ്പൽ ജീവനക്കാരിലെ ഏക വനിതയായിരുന്നു ഇവർ. ശേഷിക്കുന്നവരിൽ മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണുണ്ടായിരുന്നത്.

കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. ഹോർമുസ് കടലിടുക്കിനു സമീപത്തു വച്ച് ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത് ഏപ്രിൽ 13നാണ്. 17 ഇന്ത്യക്കാരടക്കം 25 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്.

സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നായിരുന്നു ഇറാന്റെ വിശദീകരണം.

അബുദാബി: യുഎഇയിൽ കനത്ത മഴ. അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. മെയ് രണ്ടിന് ദുബായിൽ എത്തുന്നതോ ദുബായിൽ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തിൽ യാത്ര ചെയ്യുന്നവർ കാലതാമസം പ്രതീക്ഷിക്കണമെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

യാത്രക്കാർക്ക് അസൗകര്യം നേരിടുന്നതിൽ എയർലൈൻസ് കമ്പനി ഖേദം പ്രകടിപ്പിച്ചു.

ടിക്കറ്റ് റീ ബുക്ക് ചെയ്യാൻ താല്പര്യമുള്ളവർക്ക് ട്രാവൽ ഏജന്റുമാരെ സമീപിക്കാം. അല്ലെങ്കിൽ സമീപത്തുള്ള എമിറേറ്റ്സ് ഓഫീസുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. എല്ലാ റീ – ബുക്കിങ് ചാർജുകൾ ഒഴിവാക്കി.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ട, കാറിലോ പൊതുഗതാഗതത്തിലോ യാത്ര പുറപ്പെടുന്ന ഉപഭോക്താക്കൾ മോശം കാലാവസ്ഥ പരിഗണിച്ച് കുറച്ച് സമയം അധികം കണക്കാക്കി ഇറങ്ങണമെന്ന് അധികൃതർ നിർദ്ദേശം നൽകി

കൊളംബോ: ഗവേഷണ കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടി വീണ്ടും ശ്രീലങ്കയെ ചൈന സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന ഇക്കാര്യത്തിൽ അനുമതി തേടിയത്. ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാൻ ഉൾപ്പെടെ കഴിയുന്ന കപ്പൽ കഴിഞ്ഞ വർഷം ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു.

ഇത് ഗവേഷണ കപ്പലാണെന്നാണ് ചൈന പറയുന്നത്. എന്നാൽ, ചാരക്കപ്പലാണിതെന്നാണ് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ പറയുന്നത്. ഷി യാൻ 6 ഡോക്ക് ചെയ്യാൻ ചൈന അനുമതി തേടിയിട്ടുണ്ടെന്നും എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ശ്രീലങ്കൻ വിദേശകാര്യ വക്താവ് പ്രിയങ്ക വിക്രമസിംഗെ അറിയിച്ചു.

ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഷി യാൻ 6 നെ വിശേഷിപ്പിക്കുന്നത് ശാസ്ത്രീയ ഗവേഷണ കപ്പൽ എന്നാണ്. സമുദ്രശാസ്ത്രം, മറൈൻ ജിയോളജി, മറൈൻ ഇക്കോളജി എന്നീ രംഗത്ത് പരിശോധനകൾ നടത്തുന്ന 60 പേർ അടങ്ങുന്ന കപ്പലാണിത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യവും ശ്രീലങ്കയിലെ ചൈനീസ് സ്വാധീനവും സംശയത്തോടെയാണ് ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.