ബ്രസീലിൽ കനത്ത മഴ; പലയിടത്തും വെള്ളം കയറി, ജീവൻ നഷ്ടമായത് 100 ലേറെ പേർക്ക്

ബ്രസീൽ: ബ്രസീലിൽ കനത്ത മഴ. ശക്തമായ മഴയെ തുടർന്ന് പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും അനുഭവപ്പെടുന്നുണ്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രസീലിലെ വീടുകളും പാലങ്ങളും കനത്ത മഴയിൽ തകർന്നടിഞ്ഞു. ജനങ്ങൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായുള്ള തെരച്ചിലുകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രസീലിന്റെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡെ സുളിലാണ്. ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് ഉറുഗ്വ- അർജന്റീന അതിർത്തിയിലാണ്. ഏപ്രിൽ 29 മുതൽ അതിശക്തമായ മഴയാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്.

ശക്തമായ മഴയിൽ ജലനിരപ്പ് കുതിച്ചുയരുന്നത് അണക്കെട്ടുകൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പോർട്ടോ അലൈഗ്രെ നഗരം ഇക്കാര്യത്തിൽ വലിയ ആശങ്കയിലാണ്. ചരിത്രത്തിൽ ഏറ്റവും മോശപ്പെട്ട ദുരന്തമാണ് ഇപ്പോൾ ബ്രസീൽ നേരിടുന്നതെന്നാണ് ഗവർണർ എഡ്വാർഡോ ലെയിറ്റ് വ്യക്തമാക്കിയിരിക്കുന്നത്. പ്രദേശത്ത് അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

497 നഗരങ്ങളിൽ പ്രളയം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ബ്രസീലിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോൾ വെള്ളത്തിനടിയിലാണ്. പല റോഡുകളും തകർന്നടിഞ്ഞു. പല വിമാനത്താവളങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയും ഉണ്ടായി. പലസ്ഥലങ്ങളിലും ശുദ്ധജലമോ വൈദ്യുതിയോ ഇപ്പോഴും ലഭിക്കുന്നില്ല. പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.