വസ്തുതാപരമായ തെളിവുകൾ നൽകാൻ യു എസിന് സാധിച്ചിട്ടില്ല; ഇന്ത്യക്കെതിരെയുള്ള ആരോപണം തള്ളി റഷ്യ

മോസ്‌കോ: ഇന്ത്യക്കെതിരെയുള്ള യു എസ് ആരോപണം തള്ളി റഷ്യ. ഖലിസ്താൻ വിഘടനവാദി ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ നടന്ന ഗൂഢാലോചനയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന യുഎസിന്റെ ആരോപണമാണ് റഷ്യ തള്ളിയത്. ഇന്ത്യയുടെ പങ്ക് വ്യക്തമാക്കാനുതകുന്ന വസ്തുതാപരമായ തെളിവുകൾ നൽകാൻ യു എസിന് സാധിച്ചിട്ടില്ലെന്ന് റഷ്യ അറിയിച്ചു. ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ പൗരർക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന വിശ്വസനീയമായ തെളിവുകൾ യു എസ് നൽകിയിട്ടില്ലെന്നാണ് തങ്ങൾക്ക് ലഭ്യമായ വിവരമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

ഊഹോപോഹങ്ങൾ നിഴലിക്കുന്നതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ അസ്വീകാര്യമാണെന്നാണ് റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖറോവ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ വികസനത്തിന്റെ പൊതുവായ സാംസ്‌കാരിക മനോഭാവത്തേയും ചരിത്രപരമായ പശ്ചാത്തലത്തേയും കുറിച്ച് യു എസിനുള്ള പരിമിതമായ അറിവും ഇന്ത്യയെന്ന രാഷ്ട്രത്തോടുള്ള അവഹേളനവുമാണ് ഇത് പ്രകടമാക്കുന്നതെന്നും മരിയ സഖറോവ അറിയിച്ചു.

ഇന്ത്യയ്ക്കെതിരേ മതസ്വാതന്ത്ര്യം ലംഘിക്കുന്നുവെന്നതുൾപ്പെടെ നിരവധി ആരോപണങ്ങൾ യു.എസ്. നിരന്തരം ആരോപിക്കുന്നു. യു.എസിന്റെ ഭാഗത്തു നിന്നുള്ള തെറ്റിധാരണയുടെ പ്രതിഫലനമാണത്. മാത്രമല്ല, യു.എസ്. പുലർത്തുന്ന നിയോ കൊളോണിയൽ മനഃസ്ഥിതിയിൽ നിന്നാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുണ്ടാകുന്നത്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സന്ദർഭത്തിൽ ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയസ്ഥിതിയെ താളംതെറ്റിക്കുക എന്നതാണ് യു.എസിന്റെ ലക്ഷ്യമെന്നും ഇവർ വിശദീകരിച്ചു.