International (Page 12)

ലണ്ടൻ: ആകാശച്ചുഴിയിൽപ്പെട്ട് വിമാനം ആടിയുലഞ്ഞ് ഒരു യാത്രക്കാരൻ മരിച്ചു. സിംഗപ്പൂർ എയർലൈൻസ് വിമാനമാണ് ആടിയുലഞ്ഞത്. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777- 300ER വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു വിമാനം. 211 യാത്രക്കാരുമായി ബാങ്കോക്കിൽ എമർജൻസി ലാൻഡിംഗ് നടത്തുകയും ചെയ്തു.

സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഔദ്യോഗിക കണക്കുകൾ വരുമ്പോൾ പരിക്കേറ്റവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്നാണ് വിവരം. വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്നും മെഡിക്കൽ സഹായത്തിനായി തായ്‌ലൻഡിലെ പ്രാദേശിക വക്താക്കളുമായി ബന്ധപ്പെടുകയാണെന്നും വിമാനകമ്പനി വ്യക്തമാക്കി.

മരിച്ചയാളുടെ കുടുംബത്തിന് സിംഗപ്പൂർ എയർലൈൻസ് അനുശോചനം അറിയിച്ചു. 18 ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തായ്‌ലൻഡ് അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ യാത്രക്കാർക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. കൂടുതൽ സഹായത്തിനായി പ്രത്യേക സംഘത്തെ ബാങ്കോക്കിലേക്ക് അയയ്ക്കുമെന്നും അധികൃതർ വിശദമാക്കി.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ഇൻസ്റ്റഗ്രാമിനെക്കാൾ മികച്ചത് എക്‌സ് പ്ലാറ്റ് ഫോമാണെന്ന അവകാശവാദവുമായി ഇലോൺ മസ്‌ക്. രണ്ട് ഫോട്ടോകളോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാനുള്ള മികച്ച സുരക്ഷ എക്സിലുണ്ടെന്നും നിങ്ങളുടെ കുടുംബ ചിത്രങ്ങൾ ധൈര്യമായി പോസ്റ്റ് ചെയ്‌തോളൂവെന്നും ഇലോൺ മസ്‌ക് വ്യക്തമാക്കി.

14 മില്യൺ ആളുകൾ ഇതിനോടകം മസ്‌കിന്റെ പോസ്റ്റ് കണ്ടു കഴിഞ്ഞു. പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ മെറ്റ, എക്‌സ്, ടിക് ടോക് എന്നിവയിൽ കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷയുടെ കാര്യത്തിൽ യുഎസ് സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ പോസ്റ്റ്.

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാൻ മാദ്ധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഉൾപ്പെടെ മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിര്കകുന്നത്. ഹെലികോപ്ടറിന് സമീപത്തു നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് പുറത്തു വരുന്ന വിവരം.

പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് ചില മൃതദേഹങ്ങൾ. ഇവ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവർത്തകർ അറിയിച്ചുവെന്നാണ് സൂചനകൾ. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവർത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തകർന്ന ഹെലികോപ്ടറിന്റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്.

ടെഹ്‌റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.

റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട് വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ (ഏകദേശം 1.65 കോടി രൂപ) സൗദിയിൽ എത്തി. റഹീം സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്.

അടുത്ത ദിവസം തന്നെ കരാറുകൾ തയ്യാറാക്കി ഇന്ത്യൻ എംബസി മുഖേന പണം കൈമാറും. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദിയധനം സ്വീകരിച്ചു മാപ്പ് നൽകാനുള്ള സമ്മതം ഗവർണറേറ്റിൽ അറിയിച്ചതായും സഹായസമിതി അറിയിച്ചു. ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് രേഖാമൂലം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറും.

പിന്നീട് കോടതി വധശിക്ഷ റദ്ദ് ചെയ്ത് ഉത്തരവിറക്കും. വൈകാതെ മോചനവും സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രാറ്റിസ്‌ലാവ: സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോയ്ക്കുനേരെ വധശ്രമം. അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.

വെടിവെയ്പ്പിൽ അദ്ദേഹത്തിന് പരിക്കേറ്റു. തുടർന്ന് ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഒന്നിലേറെ തവണ പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റുവെന്നാണ് ചില പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന് വയറിലും തലയ്ക്കുമാണ് പരിക്കേറ്റതെന്നും ആരോഗ്യനില ഗുരുതരമാണെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ സ്ലോവാക്യൻ പ്രധാനമന്ത്രിയ്ക്കുനേരെയുണ്ടായ അക്രമത്തെ അപലപിച്ച് രംഗത്തെത്തി. സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ നിന്ന് 150 കിലോമീറ്ററോളം വടക്കുകിഴക്കായി സ്ഥിയ്യുന്ന ഹാൻഡ്ലോവ നഗരത്തിൽ വെച്ചാണ് അക്രമണം നടന്നത്.

ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അപ്‌ഡേറ്റ് അവതരിപ്പിച്ച് ഓപ്പൺ എഐ. ജിപിടി-4ഒ എന്ന പേരിലാണ് പുതിയ അപ്‌ഡേഷൻ. തിങ്കളാഴ്ചയാണ് പുതിയ എഐ മോഡൽ ഓപ്പൺ എഐ അവതരിപ്പിച്ചത്. ഒംനി എന്ന വാക്കിന്റെ ചുരുക്കമാണ് ഒ എന്നത്. ടെക്സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്രൊസസ് ചെയ്യാൻ കഴിവുള്ള എഐ മോഡലാണിതെന്നതാണ് പ്രധാനപ്പെട്ട സവിശേഷത. ജിപിടി 4 ൽ ലഭ്യമായ മുൻനിര കഴിവുകൾ ജിപിടി-4ഒയിലൂടെ സൗജന്യ ഉപഭോക്താക്കളടക്കം എല്ലാവർക്കും ലഭിക്കും.

പുതിയ മോഡലിന്റെ സവിശേഷത ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ ചാറ്റ് ജിപിടിയുമായി സംവദിക്കാനാകും എന്നതാണ്. ഉദാഹരണത്തിന് മറ്റൊരു ഭാഷയിലുള്ള ഹോട്ടൽ മെനു ചിത്രമെടുത്ത് ജിപിടി-4ഒ യ്ക്ക് നൽകിയാൽ അതിലെ കുറിപ്പുകൾ തർജ്ജമ ചെയ്യാനും ഭക്ഷണത്തിന്റെ ചരിത്രം ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അറിയാനും നിർദേശങ്ങൾ തേടാനുമെല്ലാം ഇതിലൂടെ കഴിയുന്നതാണ്. സമാനമായ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചും ജിപിടിയോട് സംവദിക്കാൻ കഴിയും.

ചാറ്റ് ജിപിടിയ്ക്ക് നമ്മളെ കണ്ടുകൊണ്ട് സംസാരിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. തത്സമയ വീഡിയോയിലൂടെ കാണുന്നത് തിരിച്ചറിയാനും വിശകലനം ചെയ്യാനും ജിപിടി 4ഒയ്ക്ക് സാധിക്കും.

അബുദാബി: അബുദാബിയിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എമിറേറ്റിന്റെ ചില പ്രദേശങ്ങളിലുള്ളവർ അധിക ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി.

മണിക്കൂറിൽ 10-20 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ രാജ്യത്ത് കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊടിപടലങ്ങൾ ദൃശ്യപരതയെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ അജീവ ജാഗ്രതാ പാലിക്കേണ്ടതാണ്. പൊടിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അൽ റുവൈസ്, അൽ മിർഫ, ഹബ്ഷാൻ, സില, ലിവയുടെ ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

വാഷിംഗ്ടൺ: അമേരിക്കയിൽ എത്തുന്ന ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള നീക്കങ്ങൾ നടത്താനൊരുങ്ങി യുഎസ്. ചൈനയിൽ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം തീരുവ ഈടാക്കാനാണ് നീക്കം. നിലവിൽ 25 ശതമാനം ഇറക്കുമതി തീരുവയാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് അമേരിക്ക ചുമത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും.

നികുതി വർധനവ് പ്രാബല്യത്തിൽ വന്നാൽ അമേരിക്ക-ചൈന വ്യാപാര യുദ്ധ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് വാഹനങ്ങൾ കൂടുതലായി അമേരിക്കയിൽ എത്തുന്നത് രാജ്യസുരക്ഷയെ പോലും വെല്ലുവിളിക്കുന്ന ഒന്നാണെന്നും ഇത് നിയന്ത്രിക്കണമെന്നുമാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

ഇറക്കുമതി തീരുവ ഉയർത്തിയാൽ ഇലക്ട്രിക് വെഹിക്കിൾ ടാക്‌സ് ക്രെഡിറ്റുകൾ ലഭിക്കാൻ ചൈനീസ് വാഹന നിർമാതാക്കൾ മെക്‌സികോയിലും മറ്റും വെച്ച് നിലവാരമില്ലാത്തതും കുറഞ്ഞ നിരക്കിലുള്ളതുമായി വാഹനങ്ങൾ നിർമിക്കുമെന്നും ഇത് കൂടുതൽ അപകടത്തിന് വഴിവെക്കുമെന്ന വിലയിരുത്തലുകൾ ഉയർന്നിരുന്നു. ചൈനീസ് വാഹനങ്ങൾ അമേരിക്കയിൽ എത്തുന്നത് തടയാനാണ് ഇറക്കുമതി തീരുവ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററികൾ, സോളാർ പാനലുകൾ തുടങ്ങിവയ്ക്കും പുതിയ താരിഫ് ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട്.

വത്തിക്കാൻ: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഒരു സമ്മേളനത്തിൽ ജനങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കുഞ്ഞുങ്ങൾ ജനിക്കാത്തതല്ല ലോകത്തെ പ്രശ്‌നങ്ങളുടെ മൂലകാരണം. സ്വാർത്ഥത, ഉപഭോക്തൃ സംസ്‌കാരം, വ്യക്തിവാദം എന്നിവ ആളുകളെ സംതൃപ്തരും ഏകാകികളും അസന്തുഷ്ടരുമാക്കുന്നതാണ് മിക്ക പ്രശ്‌നങ്ങൾക്കും കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാർത്ഥത ഒരാളെ ബധിരനാക്കുന്നു. അത് ഹൃദയത്തെ സ്തംഭിപ്പിക്കുകയും നല്ലത് എന്താണെന്ന് തിരിച്ചറിയാനുള്ള അവരുടെ കഴിവിനെ തന്നെ ഇല്ലാതാകുകയും ചെയ്യും. കുട്ടികൾക്ക് പകരം പട്ടികളെയും പൂച്ചകളെയും കൊണ്ട് നിറഞ്ഞിരിക്കുന്ന വീടുകൾ വളരെ ദുഃഖം നിറഞ്ഞ ഇടങ്ങളാണ്. നിലവിൽ ജനസംഖ്യ സംബന്ധിച്ച് ഇറ്റലി ഗുരുതരമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. 2023-ൽ ഇവിടത്തെ ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയിലുള്ള റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ തുടർച്ചയായ 15-ാം വർഷവും ജനനനിരക്ക് കുറഞ്ഞ നിലയിലാണെന്ന് മാർപ്പാപ്പ വ്യക്തമാ,്കി.

കഴിഞ്ഞ 10 വർഷമായി യൂറോപ്പിലുടനീളമുള്ള ജനനനിരക്ക് ഒരു സ്ത്രീക്ക് ഏകദേശം 1.5 കുട്ടികൾ എന്ന നിലയിലാണ്. ഇത് യഥാർത്ഥത്തിൽ ആവശ്യമായ 2.1 എന്ന നിരക്കിനെക്കാൾ വളരെ താഴെയാണ്. ഈ സാഹചര്യത്തെ മറികടക്കാൻ മാറിവന്ന സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജക്കാർത്ത: ശക്തമായ മഴയെ തുടർന്ന് ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം. 50 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. 17 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കനത്ത മഴയും അഗ്‌നിപർവതത്തിൽ നിന്നുള്ള തണുത്ത ലാവയും പടർന്നു പ്രവഹിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചത്. മരണസംഖ്യവും നാശനഷ്ടവും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

ഇന്തോനേഷ്യയിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. പലസ്ഥലങ്ങളിലും ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.30 ന് പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം, തനഹ് ദാതാർ ജില്ലകളിൽ പ്രകൃതി ദുരന്തമുണ്ടായതായി സർക്കാർ ഏജൻസി അറിയിച്ചിരുന്നു.

തനഹ് ദാതാറിൽ 84 വീടുകളും 16 പാലങ്ങളും രണ്ട് പള്ളികളും 50 ഏക്കറോളം നെൽപാടങ്ങളും തകർന്നുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവതവും ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ സജീവമായ 130 അഗ്നിപർവ്വതങ്ങളിലൊന്നുമായ മറാപ്പി പർവതത്തിൽ നിന്നുള്ള തണുത്ത ലാവയാണ് ശനിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ താഴേക്ക് ഒഴുകിയത്.