ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി

അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി നിർത്തിവെച്ചു. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടേ പേരിലാണ് തുർക്കി ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ഗാസയിൽ പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിയാണ് തുർക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.

ഗാസയിലേക്കുള്ള സഹായം എത്തുക്കുന്നതിൽ തടസം നീക്കാത്ത അത്രയും കാലത്തേക്കാണ് ഇസ്രയേലുമായുള്ള വ്യാപാര ബന്ധം തുർക്കി നിർത്തി വച്ചിട്ടുള്ളത്. 7 ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 58352,36,40,000 രൂപ) വ്യാപാരമാണ് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്.

തുർക്കി പ്രസിഡന്റ് ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നാണ് നടപടിയെ ഇസ്രയേലിന്റെ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്. തുർക്കിയിലെ ജനങ്ങളുടേയും വ്യാപാരികളുടേയും താൽപര്യങ്ങളെ മുൻനിർത്തിയല്ല തുർക്കി പ്രസിഡന്റ് എർദോഗന്റെ നിലപാടെന്നും രാജ്യാന്തര ധാരണകളെ അവഗണിക്കുന്നതാണ് എർദോഗന്റെ നിലപാടെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി അറിയിച്ചു.