ആകാശച്ചുഴിയിൽപ്പെട്ട് വിമാനം ആടിയുലഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

ലണ്ടൻ: ആകാശച്ചുഴിയിൽപ്പെട്ട് വിമാനം ആടിയുലഞ്ഞ് ഒരു യാത്രക്കാരൻ മരിച്ചു. സിംഗപ്പൂർ എയർലൈൻസ് വിമാനമാണ് ആടിയുലഞ്ഞത്. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777- 300ER വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു വിമാനം. 211 യാത്രക്കാരുമായി ബാങ്കോക്കിൽ എമർജൻസി ലാൻഡിംഗ് നടത്തുകയും ചെയ്തു.

സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഔദ്യോഗിക കണക്കുകൾ വരുമ്പോൾ പരിക്കേറ്റവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്നാണ് വിവരം. വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്നും മെഡിക്കൽ സഹായത്തിനായി തായ്‌ലൻഡിലെ പ്രാദേശിക വക്താക്കളുമായി ബന്ധപ്പെടുകയാണെന്നും വിമാനകമ്പനി വ്യക്തമാക്കി.

മരിച്ചയാളുടെ കുടുംബത്തിന് സിംഗപ്പൂർ എയർലൈൻസ് അനുശോചനം അറിയിച്ചു. 18 ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തായ്‌ലൻഡ് അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ യാത്രക്കാർക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. കൂടുതൽ സഹായത്തിനായി പ്രത്യേക സംഘത്തെ ബാങ്കോക്കിലേക്ക് അയയ്ക്കുമെന്നും അധികൃതർ വിശദമാക്കി.