രാഷ്ട്രീയ പ്രതിസന്ധികളെ നേരിടാൻ ഒറ്റയാൾ പോരാട്ടവുമായി ഋഷി സുനക്; റാലികളിൽ നേരിട്ട് സംവദിക്കും
ലണ്ടൻ: രാഷ്ട്രീയ പ്രതിസന്ധികളെ നേരിടാൻ ഒറ്റയാൾ പോരാട്ടവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൂടുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കാനായി ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പടെയുള്ളവരെ ഒഴിവാക്കി ഒറ്റയ്ക്കിറങ്ങാനാണ് ഋഷി സുനകിന്റെ തീരുമാനം. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഔദ്യോഗിക പ്രചാരണം ശനിയാഴ്ച്ച മുതൽ ആരംഭിച്ചു കഴിഞ്ഞു.
പല പ്രചാരണവേദികളിലും ടോറി പ്രമുഖർ ഇല്ലാതെ ഋഷി ഏകനായാണ് പ്രത്യക്ഷപ്പെടുന്നത്. ലേബർ നേതാവ് സർ കീർ സ്റ്റാർമർക്കൊപ്പം പാർട്ടിയുടെ ഉപനേതാവ് എയ്ഞ്ചല റെയ്‌നാറും, ഷാഡോ ചാൻസലർ റേച്ചൽ റീവ്സും ഉണ്ടാകുമ്പോൾ, ഋഷി ഏകനായാണ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. വെയ്ൽസിൽ ഡേവിഡ് ടി സി ഡേവിസ്, നോർത്തേൺ അയർലൻഡിൽ ക്രിസ് ഹീറ്റൺ ഹാരിസ് എന്നിവർ മാത്രമായിരുന്നു ഋഷിക്കൊപ്പം ചേർന്നത്.
അതേസമയം, ലെവെലിങ് അപ് സെക്രട്ടറി മൈക്കൽ ഗോ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ച് അണിയറയിൽ ഒതുങ്ങിക്കൂടുകയാണ്. എന്നാൽ, ഇതൊരു ബോധപൂർവ്വമായ തീരുമാനമല്ലെന്നും, അധികം വൈകാതെ മറ്റ് നേതാക്കൾ ഋഷി സുനകിനൊപ്പം പ്രചാരണത്തിനിറങ്ങുമെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.










