ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 50 പേർ മരിച്ചു

ജക്കാർത്ത: ശക്തമായ മഴയെ തുടർന്ന് ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം. 50 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. 17 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കനത്ത മഴയും അഗ്‌നിപർവതത്തിൽ നിന്നുള്ള തണുത്ത ലാവയും പടർന്നു പ്രവഹിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചത്. മരണസംഖ്യവും നാശനഷ്ടവും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

ഇന്തോനേഷ്യയിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. പലസ്ഥലങ്ങളിലും ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.30 ന് പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം, തനഹ് ദാതാർ ജില്ലകളിൽ പ്രകൃതി ദുരന്തമുണ്ടായതായി സർക്കാർ ഏജൻസി അറിയിച്ചിരുന്നു.

തനഹ് ദാതാറിൽ 84 വീടുകളും 16 പാലങ്ങളും രണ്ട് പള്ളികളും 50 ഏക്കറോളം നെൽപാടങ്ങളും തകർന്നുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവതവും ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ സജീവമായ 130 അഗ്നിപർവ്വതങ്ങളിലൊന്നുമായ മറാപ്പി പർവതത്തിൽ നിന്നുള്ള തണുത്ത ലാവയാണ് ശനിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ താഴേക്ക് ഒഴുകിയത്.