മാസപ്പടി വിവാദം; നിയമസഭയിൽ ഒറ്റയാൾ പോരാട്ടം നടത്തി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയെങ്കിലും ഒറ്റയ്ക്ക് വിഷയം സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെയാണ് വിഷയത്തിൽ നിന്നും പ്രതിപക്ഷം പിൻമാറിയത്. സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ സഭയിൽ വ്യക്തമാക്കി.

വിഷയത്തെ കുറിച്ച് സഭയിൽ പറഞ്ഞ് തുടങ്ങിയതോടെ സ്പീക്കർ ഷംസീർ ഇതിന് തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കർ പറഞ്ഞു.സഭയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴൽനാടൻ ചോദിച്ചു. വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയിൽ പറയുന്നു. എന്നാൽ ഈ വിഷയം സംസാരിക്കും മുമ്പ് തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല പിന്നെ എന്തിന് ബഹളം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനാണ്. ബഹളം വച്ച് യാഥാർത്ഥ്യങ്ങളെ മാറ്റാൻ കഴിയില്ല. ജനങ്ങൾക്ക് മുന്നിൽ യാഥാർത്ഥ്യം പറഞ്ഞേ പറ്റൂവെന്നും കുഴൽ നാടൻ അറിയിച്ചു.

അതേസമയം, മന്ത്രിമാരുൾപ്പെടെയുള്ള മറ്റുള്ളവർ പല വിഷയങ്ങളെയും പറ്റി പറഞ്ഞിട്ടും തടയാത്ത സ്പീക്കർ, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മകൾക്കുമെതിരായി സംസാരിക്കുമെന്ന് ഭയപ്പെട്ട് തന്റെ പ്രസംഗം തടസപ്പെടുത്തിയെന്ന് മാത്യു കുഴൽനാടൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.