ക്രിമിനല്‍ നിയമങ്ങളിൽ സമഗ്ര പരിഷ്കരണം; ഭാരതീയ ന്യായ സംഹിത ലോക്‌സഭയിൽ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023 ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കുന്ന സുപ്രധാന ബില്ലാണിത്. ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവ അടിമുടി മാറും. ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കുമെന്നും അമിത് ഷാ അറിയിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത തുടങ്ങിയ ബില്ലുകൾ അമിത് ഷാ ലോകസഭയിൽ അവതരിപ്പിച്ചു. 1860 മുതൽ 2023 വരെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ ബില്ലുകൾ പ്രകാരം രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ വിശദീകരിച്ചു.

ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാകും. കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ തുടങ്ങിയ മാറ്റങ്ങളാണ് ബില്ലിൽ പറയുന്നത്. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും തുടങ്ങിയവയാണ് ഭാരതീയ സാക്ഷ്യ സംഹിതയിൽ വ്യവസ്ഥ ചെയ്യുന്നത്.