ന്യൂഡൽഹി: നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. സംഘർഷം രൂക്ഷമായതോടെയാണ് വിദേശ കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം. വ്യോമഗതാഗതം നിലവിൽ നിലച്ചു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്നും അദ്ദേഹം അറിയിച്ചു.
നൈജർ പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗം ഇപ്പോൾ വീട്ടുതടങ്കലിലാണ്. നൈജറിൽ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. 2011 മുതൽ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവർത്തിക്കുന്ന ജനറൽ അബ്ദുറഹ്മാനെ ഷിയാമിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി.

