രഞ്ജിത്ത് പുരസ്കാര നിർണയത്തിൽ ഇടപെട്ടിട്ടില്ല; സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. സംവിധായകൻ ലിജീഷ് മുല്ലത്താഴത്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് പുരസ്കാര നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്ന നിരീക്ഷണത്തോടെ ആണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജിയിൽ നേരത്തെ കോടതി സർക്കാറിനോട് വിശദീകരണം തേടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടു എന്ന് ആരോപണവുമായി സംവിധായകൻ വിനയൻ നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിനയൻ സർക്കാറിന് പരാതിയും നൽകി.

വിനയന്റെ പരാതിയിൽ നടപടി ഉണ്ടായില്ല എന്ന് ആരോപിച്ചാണ് ലിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നും അർഹതയുള്ളവരെ തഴഞ്ഞൊന്നുമായിരുന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ഹർജിയിൽ മുന്നോട്ടുവച്ചിരുന്നു.