തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 26നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മാസത്തിലെ ശമ്പളവും കുടിശികയായതിന് പിന്നാലെയാണ് തൊളിവാളി സംഘടനകൾ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും പണിമുടക്കിൽ പങ്കെടുക്കും. ശമ്പളവും ഓണം ആനുകൂല്യങ്ങളും നൽകുക, അനാവശ്യ പിഴയീടാക്കൽ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. സഹകരിക്കുന്ന മുഴുവൻ യൂണിയനുകളേയും പണിമുടക്കിൽ അണിനിരത്തും.
അതേസമയം, കഠിനാദ്ധ്വാനം ചെയ്തിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് ദയനീയമാണെന്ന് വിഷയത്തിൽ ജീവനക്കാരുടെ ഹർജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞിരുന്നു. സർക്കാർ ശമ്പള വിതരണത്തിനായി അനുവദിച്ച മുപ്പതു കോടിയെക്കുറിച്ച് കെ.എസ്.ആർ.ടി.സി അഭിഭാഷക കോടതിയിൽ വിശദീകരിച്ചു. ഈ തുക ശമ്പളം നൽകാൻ വിനിയോഗിക്കണമെന്ന് കോടതി പറഞ്ഞു.
ജീവനക്കാർ നന്നായി ജോലിചെയ്തിട്ടും മാസം 220 കോടിയിലേറെ രൂപ വരുമാനം ഉണ്ടാക്കിയിട്ടും ഈ സ്ഥിതിയുടെ കാരണം മനസിലാകുന്നില്ല. എല്ലാമാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന ഉത്തരവിന് വിരുദ്ധമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.