കൊടകര കുഴൽപ്പണ കേസ്; അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

കൊച്ചി: കൊടകര കുഴൽപണ കേസിൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസിൽ പ്രാഥമിക അന്വേഷണമാരംഭിക്കാൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.

കളളപ്പണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും കേസിൽ എൻഫോഴ്സ്മെന്റ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെ കോടതി എൻഫോഴ്‌സ്‌മെന്റിനോട് റിപ്പോർട്ട് തേടിയിരുന്നു. ജസ്റ്റീസ് മേരി ജോസഫാണ് ഹർജി പരിഗണിച്ചത്.

ആദായ നികുതി വകുപ്പിന്റെ കീഴിൽ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു ഇതുവരെ എൻഫോഴ്‌സ്‌മെന്റ് നൽകിയിരുന്ന വിശദീകരണം. എന്നാൽ കോടതി ഇടപെട്ടതോടെ എൻഫോഴ്‌സ്‌മെന്റിന് കേസിൽ പത്ത് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടി വരും. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങൾ തങ്ങളുടെ പരിധിയിൽ വരുമോയെന്ന കാര്യത്തെ കുറിച്ചുള്ള പരിശോധനയിലാണ് നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.