സൗജന്യ ഭക്ഷ്യക്കിറ്റിൽ തട്ടിപ്പ് നടത്തി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ; പായ്ക്കറ്റുകളിൽ വലിയ രീതിയിൽ തൂക്ക കുറവ്

കോഴിക്കോട്: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിലെ സാധനങ്ങളിൽ തട്ടിപ്പ് നടത്തി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ. സാധനങ്ങളിലെ തൂക്കം കുറച്ചാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുന്നത്. പയർ, പഞ്ചസാര, കടല എന്നിങ്ങനെ മിക്ക പായ്ക്കറ്റുകളിലും 50 ഗ്രാം മുതൽ 150 ഗ്രാം വരെ കുറവുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

കിറ്റിൽ തൂക്കം കുറവാണെന്ന് ഉപഭോക്താക്കൾ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കോഴിക്കോട് പയ്യാനക്കൽ, തെക്കേപ്പുറം ഭാഗങ്ങളിലെ റേഷൻകടകളിൽ നിന്നുള്ള കിറ്റിൽ തൂക്കം കുറവുണ്ടെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതോടെ വിഷയത്തിൽ ഡി വൈ എഫ് ഐ പയ്യാനക്കൽ മേഖലാ കമ്മിറ്റി ഇടപെട്ടു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സാധനങ്ങൾ തൂക്കി നോക്കിയപ്പോഴാണ് തൂക്കക്കുറവ് കണ്ടെത്തിയത്.

കിറ്റ് തയ്യാറാക്കുന്ന കേന്ദ്രത്തിന് മുന്നിലെത്തി ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധവും നടത്തി. സംഭവത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും കിറ്റ് പായ്ക്ക് ചെയ്യുന്നതിന് നേതൃത്വം നൽകിയ മുഴുവൻ ജോലിക്കാരെയും ഇതിൽ നിന്നും മാറ്റുമെന്നും ഉറപ്പ് കിട്ടിയതിന് ശേഷമാണ് ഡി വൈ എഫ് ഐ പ്രവർത്തകർ കേന്ദ്രത്തിന് മുന്നിൽ നിന്നും പിരിഞ്ഞു പോകാൻ തയ്യാറായത്.