കോവിഡ് കാലത്ത് കൈത്താങ്ങുമായി ഇന്ത്യ പോസ്റ്റ്

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഇന്ത്യ പോസ്റ്റ്. ആധാര്‍ വഴിയുള്ള പേയ്മെന്റ് സംവിധാനത്തിലൂടെ (എഇപിഎസ്) ഇന്ത്യ പോസ്റ്റ് ആളുകള്‍ക്ക് വീട്ടുപടിക്കല്‍ പണം എത്തിച്ച് നല്‍കും. ട്വിറ്ററിലൂടെയാണ് ഇന്ത്യ പോസ്റ്റ് ഈ വിവരം ഉപഭോക്താക്കളെ അറിയിച്ചത്. എഇപിഎസ് സേവനമുള്ള ബാങ്കില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്കും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) സംവിധാനമുള്ളവര്‍ക്കും ഈ സേവനം ലഭിക്കും. ബാലന്‍സ് പരിശോധന, ആധാര്‍ ഫണ്ട് ട്രാന്‍സ്ഫര്‍, പണം പിന്‍വലിക്കല്‍, മിനി സ്റ്റേറ്റ്‌മെന്റ് എന്നീ സേവനങ്ങളും എഇപിഎസില്‍ ലഭിക്കും. ഇതിനായി അക്കൗണ്ട് ഉടമയുടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ആധാര്‍ കാര്‍ഡ് ഉടമയുടെ ബയോമെട്രിക് പ്രാമാണീകരണം ഉപയോഗിച്ചാണ് ഇടപാട് പൂര്‍ത്തിയാക്കുന്നത്.

ഇതിനായി ചെയ്യേണ്ടത്-
155299 എന്ന നമ്പറില്‍ വിളിച്ച് ബാങ്ക് ഉപഭോക്താക്കള്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ പ്രതിനിധികള്‍ വീട്ടിലെത്തുകയും വിശദാംശങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്യും.ഇതിനായി അക്കൗണ്ട് നമ്പറോ മൊബൈല്‍ നമ്പറോ നല്‍കണം. അല്ലെങ്കില്‍ ക്യുആര്‍ കോഡ് കാണിച്ചാലും മതി.