കൊല്ലം: ഐക്യകേരളം രൂപപ്പെട്ടശേഷം സംസ്ഥാനം സ്വന്തമായി നിർമ്മിച്ച ആദ്യ സെൻട്രൽ ജയിൽ മലപ്പുറത്തെ തവനൂരിൽ അടുത്തമാസം പ്രവർത്തനം തുടങ്ങും. ജൂൺ 25ന് മുമ്പ് ഉദ്ഘാടനം ചെയ്യാനാണ് ജയിൽ വകുപ്പ് ആലോചിക്കുന്നത്.സി.സി ടി.വി കാമറകളുൾപ്പെടെ ഹൈടെക് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 2013 ഡിസംബറിൽ തുടങ്ങിയ നിർമ്മാണം ഘട്ടങ്ങളായാണ് പുരോഗമിച്ചത്. ഇടയ്ക്ക് ചില തടസ്സങ്ങൾ ഉണ്ടായെങ്കിലും രാജ്യത്തെ മറ്ര് ജയിലുകൾ നിർമ്മിക്കാനെടുത്തതിനേക്കാൾ കുറച്ച് സമയം കൊണ്ടാണ് തവനൂരിലെ ജയിൽ നിർമ്മാണം പൂത്തീകരിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ജയിൽ നിർമ്മാണ ശില്പകലയായ ‘പനോക്ടിക്കോൺ’ മാതൃകയിലാണ് മറ്റ് മൂന്ന് സെൻട്രൽ ജയിലുകളും നിർമ്മിച്ചിട്ടുള്ളത്. എന്നാൽ തവനൂരിലേത് മൂന്ന് നിലകളിലായി ‘യു’ ആകൃതിയിലാണ്. തടവുകാരെ വേഗത്തിൽ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളുമുണ്ട്. ഇതിനൊപ്പം തടവുകാർക്കായി ചെരുപ്പ്, ഫർണിച്ചർ, മാസ്ക്, സാനിറ്റൈസർ തൊഴിൽ യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള മറ്റ് മൂന്ന് സെൻട്രൽ ജയിലുകളും സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് സ്ഥാപിച്ചവയാണ്.മറ്റ് മൂന്ന് ജയിലുകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിർമ്മാണം. സെൻട്രൽ വാച്ച് ടവറിന് പകരം വശങ്ങളിലാണ് ടവർ സജ്ജമാക്കിയിട്ടുള്ളത്.

