ആത്മവിശ്വാസം കൊണ്ട് എവറസ്റ്റ് കീഴടക്കി അന്ധനായ സാങ് ഹോങ്

കാഠ്മണ്ഡു : ആത്മവിശ്വാസവും ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് 46 വയസുകാരനായ ചൈനീസ് പൗരന്‍ സാങ് ഹോങ്. അന്ധനായ സാങ് ഹോങ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് പര്‍വതം കീഴടക്കി പുതിയ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്.നിങ്ങള്‍ ഭിന്നശേഷിക്കാരനാണോ അല്ലയോ, നിങ്ങള്‍ക്ക് കാഴ്ച നഷ്ടപ്പെടുകയോ കൈയോ കാലോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നതിനൊന്നും ഒരു പരിധിയ്ക്കപ്പുറം പ്രാധാന്യമില്ല. ഒരു ശക്തമായ ഒരു മനസ് ഉള്ളിടത്തോളം നിങ്ങളെക്കൊണ്ട് കഴിയില്ലെന്ന് മറ്റുള്ളവര്‍ പറയുന്ന പ്രവൃത്തികള്‍ ചെയ്തു കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയും തികഞ്ഞ ആത്മവിശ്വാസത്തോടെ സാങ് പ്രതികരിച്ചു.

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് 1976-ല്‍ സാങ് ഹോങ് ജനിച്ചത്. കോളേജ് പഠനത്തിന് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാതെ പോയ സാങ് 1990കളില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യാന്‍ ആരംഭിച്ചു. ഗ്ലൗക്കോമ കാരണം ഇരുപത്തിയൊന്നാം വയസില്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടു. തുടര്‍ന്ന് ടിബറ്റ് ഫോകിന്‍ഡ് ആശുപത്രിയില്‍ കുറഞ്ഞ വരുമാനത്തില്‍ അദ്ദേഹം ജോലി ചെയ്യാന്‍ ആരംഭിച്ചു.2001-ല്‍ എവറസ്റ്റ് കീഴടക്കിയ അന്ധനായ എറിക് വെയ്ഹന്‍മെയറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാങ് ഹോങ് പര്‍വതാരോഹണത്തിനായി പരിശീലനം ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷം കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് പ്രവേശനം നിഷേധിച്ചിരുന്ന എവറസ്റ്റ് കൊടുമുടി ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് വിദേശികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്.