ഇടുക്കി: മാസ്‌ക് ധരിക്കാത്തതു ചോദ്യം ചെയ്തതിന് യുവാവ് ആക്രമിച്ച സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. 24 ദിവസം നീണ്ട ആശുപത്രിവാസത്തിനു ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തി. മറയൂർ കോവിൽക്കടവിൽ വെച്ചാണ് അജീഷ് പോളിന് നേരെ ആക്രമണം ഉണ്ടായത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത അജീഷ് പോളിനെ യുവാവ് കല്ലുകൊണ്ടു തലയ്ക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജീഷ് ഏറെ നാളെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നു സംസാര ശേഷിയും വലതു കൈകാലുകളുടെ ചലനശേഷിയും പൂർണമായി നഷ്ടപ്പെട്ട നിലയിലാണ് അജീഷിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥന ഫലമായും ചികിത്സാ മികവ് മൂലവും സംസാരശേഷിയും ചലന ശേഷിയും ഭാഗികമായി വീണ്ടെടുക്കാൻ അജീഷിന് കഴിഞ്ഞു.
6 മാസം കൂടി സ്പീച്ച് തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ തുടർന്നാൽ മാത്രമെ അജീഷിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയൂ. അജീഷിന് ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അദ്ദേഹത്തിന്റെ ഓർമ്മശക്തി പൂർണ്ണമായും തിരിച്ച് കിട്ടിയിട്ടില്ല. എന്നാൽ മറയൂരിലെ ജോലിക്കാര്യങ്ങളെ കുറിച്ചും ആക്രമണം ഉണ്ടായ സംഭവത്തെ കുറിച്ചും ഇടയ്ക്കിടെ പറയുന്നുണ്ട്.

