പുതുതായി നിർമ്മിക്കുന്ന ഫ്‌ളാറ്റുകളിൽ എൽപിജി പൈപ്പ് ലൈൻ സംവിധാനം നിർബന്ധമാക്കും: നിലവിലുള്ള കെട്ടിടങ്ങൾ 3 വർഷത്തിനകം സൗകര്യം ഒരുക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നിർമിക്കുന്ന എല്ലാ ഫ്ളാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും ഗ്യാസ് വിതരണത്തിനായുള്ള എൽപിജി പൈപ്പ് ലൈൻ സംവിധാനം നിർബന്ധമാക്കും. തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് മന്ത്രി എം.വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ള കെട്ടിടങ്ങൾ മൂന്നു വർഷത്തിനുള്ളിൽ ഈ സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കേരളത്തിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തിയായതിനാൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വഴി വീടുകളിലേക്കുള്ള പാചകവാതക വിതരണം കൊച്ചിയിലും കാഞ്ഞങ്ങാട്ടും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതൽ വീടുകളിലേക്കുള്ള പൈപ്പ് ലൈനിന്റേയും വാഹനങ്ങൾക്കായുള്ള പ്രകൃതിവാതക ഇന്ധന വിതരണത്തിന്റെയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ലൈൻ ശൃംഖല യാഥാർത്ഥ്യമായാൽ സുരക്ഷിതമായ രീതിയിൽ ചെലവ് കുറഞ്ഞ പാചകവാതകം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വഴി സാധിക്കും. എൽപിജി സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്യുന്ന കെട്ടിടങ്ങൾക്ക് ആവശ്യമായ വഴിയുടെ വീതി നിലവിൽ ഏഴു മീറ്ററാണ്. ഇത് കുറയ്ക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. വഴിയുടെ വീതി ആറു മീറ്ററാക്കി കുറയ്ക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.