തെരുവുനായ ആക്രമണത്തിന് ഇരയായാൽ നഷ്ടപരിഹാരം; ചെയ്യേണ്ടത് ഇത്രമാത്രം

തൃപ്പൂണിത്തുറ: സംസ്ഥാനത്ത് വിവിധ മേഖലകളിൽ തെരുവുനായ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. ഒരു വർഷം ഒരു ലക്ഷത്തിലധികം പേർ സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും പാവപ്പെട്ടവരാണ്. ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ട് നേരിടുന്നവർ. എന്നാൽ തെരുവുനായ ആക്രമണത്തിന് ഇരയായാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യം പലർക്കും അറിയില്ല.

തെരുവ് നായ ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയും നിലവിലുണ്ട്. നഷ്ടപരിഹാരത്തിനായി വെള്ളക്കടലാസിൽ അപേക്ഷ നൽകണം. ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ലും ഒപ്പം വേണം. സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് കമ്മിറ്റി വിശദീകരണം തേടും. നഷ്ടപരിഹാരത്തുക നിശ്ചയിച്ച് സുപ്രീം കോടതിയെ അറിയിക്കും. പിന്നീട് സുപ്രീംകോടതി സംസ്ഥാന സർക്കാരുകൾ വഴി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും.

തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതിയാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറിലാണ് കമ്മിറ്റി നിലവിൽ വന്നത്. ആരോഗ്യ ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ.

വളർത്തുനായകൾ ഈ കമ്മിറ്റിയുടെ പരിഗണനയിൽ വരില്ല. എന്നാൽ ഏതാനും നാളുകളായി സർക്കാർ സഹായം കിട്ടാതെ കമ്മിറ്റി പ്രതിസന്ധിയിലാണ്. കമ്മിറ്റി അംഗങ്ങളുടെ ശമ്പളം വരെ മുടങ്ങി. നോട്ടീസ് അയയ്ക്കാനുള്ള ചെലവുകൾക്കും ഫണ്ടില്ലാത്ത അവസ്ഥയിലാണ്. 2016 മുതൽ 2021 ജൂൺ വരെ 2582 കേസുകൾ സമിതി പരിഹരിച്ചു. 5000 മുതൽ 18 ലക്ഷം രൂപ വരെ നഷ്ടപരിഹാരവും നൽകിയിട്ടുണ്ട്. 650 കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.