മദ്യവിൽപന ശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതികൾ; തുക മുൻകൂട്ടി അടച്ച് മദ്യം വാങ്ങുന്നതിനുള്ള പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യവിൽപന ശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ച് സംസ്ഥാന സർക്കാർ. തുക മുൻകൂട്ടി അടച്ച് മദ്യം വാങ്ങുന്നതിനുള്ള പ്രത്യേക കൗണ്ടർ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യവിൽപന സ്ഥാപനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി. തിരക്കും ആൾക്കൂട്ടവും ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നതെന്നും മുൻകൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കുന്ന തരത്തിലായിരിക്കും പ്രത്യേക കൗണ്ടർ ആരംഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുകയും ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാർഗങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യശാലകൾക്ക് മുന്നിൽ തിരക്ക് വർധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.