ഇന്ത്യൻ നയതന്ത്രജ്ഞരെയും കോൺസുലേറ്റിലെ അംഗങ്ങളെയും അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിച്ചതായി റിപ്പോർട്ട്;

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അമ്പതോളം നയതന്ത്രജ്ഞരെയും കണ്ഡഹാർ കോൺസുലേറ്റിലെ മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചതായി റിപ്പോർട്ട്. അഫ്ഗാനിൽ ഭരണം പിടിച്ചെടുക്കുമെന്ന താലിബാൻ അവകാശവാദത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. അഫ്ഗാനിസ്താനിലെ പ്രധാന മേഖലകളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുന്നത് വലിയ സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിവരം.

യുഎസ് സേനയുടെ പിന്മാറ്റം ആരംഭിച്ചതോടെ അഫ്ഗാന്റെ ഭൂരിഭാഗം മേഖലകളിലും താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. അതേസമയം കണ്ഡഹാറിലെയും മസാര് ഇഷെരീഫിലെയും എംബസിയും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് കാബൂളിലെ ഇന്ത്യൻ എംബസി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും അഫ്ഗാനിസ്താനിലെ സ്ഥിഗിതികളെ കുറിച്ചും നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.

അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്നവരും അവിടെ താമസിക്കുന്നവരും അഫ്ഗാനിസ്താനിലേക്ക് സന്ദർശനം നടത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്.