തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കടകൾ തുറക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ടെന്നും കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുടെ ഭാഷ തങ്ങൾ അംഗീകരിക്കുന്നില്ല. തങ്ങളോടു വിരട്ടൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആണ്. എന്നാൽ അത് കാര്യമാക്കാതെ കടകൾ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ ദിവസവും കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്നും അതല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി.
പ്രദേശികമായി ടി.പി.ആർ. നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ആഴ്ചയിൽ അഞ്ച് ദിവസം കടകൾ തുറക്കാൻ അനുവദിക്കണമെന്നുമാണ് വ്യാപാരികൾ ഉന്നയിക്കുന്ന ആവശ്യം. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ തന്നെ വ്യാപാരികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുമോയെന്ന കാര്യം സംശയമാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും വ്യാപാരികളും തമ്മിൽ തർക്കം രൂക്ഷമാണ്. കടകൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് പ്രവർത്തിക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്.

