വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് പരാതി അറിയിക്കാം; ദൃഷ്ടി പദ്ധതിക്കു പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണം

കൊല്ലം: വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളുടെ പരാതി കേൾക്കാൻ ആവിഷ്‌കരിച്ച ദൃഷ്ടി പദ്ധതിക്കു പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണം. ധാരാളം പേർ ദൃഷ്ടിയിലൂടെ പരാതി നൽകുന്നുണ്ട്. സ്ത്രീകളാണ് പരാതി നൽകുന്നവരിൽ കൂടുതൽ. സ്ത്രീധന വിഷയം മുതൽ അതിരു തർക്കം വരെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് സ്ത്രീകൾ കമ്മിഷണറോട് വിഡിയോ കോൺഫറൻസിലൂടെ പരാതി നൽകി.

സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ കുറിച്ച് പരാതി നൽകിയവരും ഉണ്ട്. ആശ്രാമം ഗ്രൗണ്ടിൽ വ്യായാമത്തിനു വരുന്നവർ മാസ്‌ക് ധരിക്കുന്നില്ലെന്നും പരാതി ഉയർന്നു. ശബ്ദ മലിനീകരണത്തെ കുറിച്ച് പരാതി അറിയിച്ചവരും ഉണ്ട്. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ത്രീകൾ കൂടുതൽ പരാതികളും നൽകിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു

. മനസ്സിൽ അടക്കി വച്ച ആശങ്കകൾക്കും വിഷമങ്ങൾക്കും കാത് കൊടുക്കാൻ അധികാരികൾ ഉണ്ടെന്ന ബോധം ജനങ്ങളിൽ പൊലീസിനെ കുറിച്ചു വളരെ നല്ല പ്രതികരണമുണ്ടാക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കി. എല്ലാ ബുധനാഴ്ചകളിലും ജനങ്ങളുടെ പരാതികൾ കേൾക്കുമെന്നും സ്വീകരിച്ച തുടർ നടപടികളെ സംബന്ധിച്ച വിവരം പരാതിക്കാരെ അറിയിക്കുമെന്നും കമ്മീഷണർ അറിയിച്ചു.