ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിയ്ക്കുന്ന ഇടപാടായിരുന്നു സ്വപ്നയുടേതെന്ന് എൻഐഎ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിയ്ക്കുന്ന ഇടപാടായിരുന്നു സ്വപ്നയുടേതെന്നും എൻഐഎ വ്യക്തമാക്കി. സ്വപ്‌നയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും എൻഐഎ കോടതിയോട് ആവശ്യപ്പെട്ടു. കോടതിയിൽ സമർപ്പിച്ച സത്യാവാങ്മൂലത്തിലാണ് എൻഐഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

പണമുണ്ടാക്കുക എന്നതായിരുന്നു സ്വപ്‌നാ സുരേഷിന്റെ മുഖ്യ ലക്ഷ്യം. കളളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും തന്നെ ഭീഷണിയാണ്. കള്ളക്കടത്ത് തീവ്രവാദ പ്രവർത്തനം തന്നെയാണെന്നും എൻ.ഐ.എ വിശദീകരിക്കുന്നു.

167 കിലോയുടെ സ്വർണക്കടത്താണ് സ്വപ്‌ന നടത്തിയത്. ദുബായ്ക്ക് പുറമെ സൗദി, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് കള്ളക്കടത്ത് നടത്താനും സ്വപ്ന പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.